Featured Posts

Breaking News

സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത് 25 കോടി; നാല് വൻതട്ടിപ്പ്, നഷ്ടം 20 കോടി


കൊച്ചി: സൈബര്‍ സാമ്പത്തിക തട്ടിപ്പിലൂടെ രണ്ട് മാസത്തിനിടെ കൊച്ചി സിറ്റി പരിധിയില്‍നിന്ന് തട്ടിയെടുത്തത് 25 കോടി രൂപ! തട്ടിപ്പിനിരയായവരെല്ലാം അഭ്യസ്തവിദ്യരാണ്. ജൂണില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളില്‍ മാത്രം നഷ്ടമായത് 20 കോടിയിലധികം രൂപയാണ്. ഈ നാലു കേസുകളുടെ അന്വേഷണത്തിനു മാത്രമായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി സിറ്റി പോലീസ് കമ്മിഷണര്‍ എസ്. ശ്യാംസുന്ദര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

400-ലധികം സൈബര്‍ തട്ടിപ്പ് കേസുകളാണ് ജനുവരി മുതല്‍ ജൂണ്‍ വരെ കൊച്ചി സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത്. 40 ശതമാനത്തോളം കേസുകളില്‍ പ്രതികളെ അസ്റ്റ് ചെയ്തു. പരാതിക്കാര്‍ക്ക് നഷ്ടമായ പണത്തില്‍ 40 ശതമാനം വരെ വീണ്ടെടുക്കാനായെന്നും കമ്മിഷണര്‍ പറഞ്ഞു. തട്ടിപ്പ് തുക രാജസ്ഥാന്‍, ബിഹാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, യു.പി., ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്വകാര്യ ബാങ്കുകളിലേക്കാണ് പോയത്.

ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ജീവിച്ചിരിക്കുന്നവര്‍ക്ക് ചെറിയ തുക നല്‍കി അക്കൗണ്ടുകള്‍ വാടകയ്ക്ക് എടുത്ത സംഭവങ്ങളുണ്ട്. ഡി.സി.പി. കെ.എസ്. സുദര്‍ശന്‍, അസി. പോലീസ് കമ്മിഷണര്‍മാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

നാല് വന്‍ തട്ടിപ്പുകള്‍

കറന്‍സി ട്രേഡിങ് വഴി ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് കാക്കനാട് സ്വദേശിയായ ഐ.ടി. കമ്പനി ഉടമയില്‍നിന്ന് തട്ടിയെടുത്തത് 6.93 കോടി രൂപ. തട്ടിപ്പ് കമ്പനിയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി, പന്ത്രണ്ട് അക്കൗണ്ടുകളിലേക്ക് കഴിഞ്ഞ ഓഗസ്റ്റ് 19 മുതല്‍ ജൂണ്‍ 24 വരെ കാക്കനാട് സ്വദേശി 6.93 കോടി നല്‍കി. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് അന്വേഷിച്ചുവരുന്നു.


ഡല്‍ഹി പോലീസ്, സി.ബി.ഐ. എന്നിവയുടെ പേരുപറഞ്ഞ് പൂണിത്തുറ സ്വദേശിയില്‍നിന്ന് കഴിഞ്ഞ മാസം തട്ടിയെടുത്തത് 5.99 കോടി രൂപയാണ്. ഇരയുടെ പേരില്‍ ഡല്‍ഹി പോലീസിന്റെയും സി.ബി.ഐ.യുടെയും വാറന്റുണ്ടെന്നു പറഞ്ഞ് സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. വീഡിയോ കോളില്‍ പോലീസുകാരനായി വേഷം കെട്ടിയെത്തിയായിരുന്നു തട്ടിപ്പ്. മരട് പോലീസ് അന്വേഷിക്കുന്നു.

കൂറിയറില്‍ മയക്കുമരുന്നും വ്യാജ പാസ്‌പോര്‍ട്ടുമുണ്ടെന്ന് ഭീഷണിപ്പെടുത്തി കൊച്ചി സിറ്റിയിലെ ജഡ്ജസ് അവന്യുവിലെ അറുപത്തിയഞ്ചുകാരിയില്‍നിന്ന് 5.16 കോടി രൂപ തട്ടിയെടുത്തു. മുംബൈ പോലീസ് ആസ്ഥാനത്ത് നിന്നാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റ് വാറന്റുണ്ടെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. നിങ്ങളുടെ അക്കൗണ്ടുകളിലുള്ള തുക പരിശോധിക്കണമെന്നും വ്യാജ മുംബൈ പോലീസ് പറഞ്ഞു. അവര്‍ നിര്‍ദേശിച്ച അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയായിരുന്നു. ടൗണ്‍ നോര്‍ത്ത് പോലീസ് കേസ് അന്വേഷിക്കുന്നു.

ഷെയര്‍ ട്രേഡിങ് വഴി കൂടുതല്‍ പണമുണ്ടാക്കാമെന്നു പറഞ്ഞ് മറൈന്‍ഡ്രൈവിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന അറുപതുകാരനില്‍നിന്ന് തട്ടിയെടുത്തത് 3.37 കോടി രൂപയാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി ട്രേഡിങ് നടത്തി പണമുണ്ടാക്കാമെന്നു വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. സെന്‍ട്രല്‍ പോലീസ് അന്വേഷിച്ചുവരുന്നു.

Story Short: 25 crores stolen from Kochi city limits in two months through cyber financial fraud! All the scammers are academics. In just four cases registered in June, the loss was more than Rs 20 crore.

No comments