ഗാലക്സി M35 5ജി ഇന്ത്യയിൽ, എക്‌സ്‌ക്ലൂസീവ് ഓഫറുകൾ..
സാംസങ് തങ്ങളുടെ പുതിയ മോൺസ്റ്റർ സ്മാർട്ട്ഫോണിനെ ഇന്ത്യക്ക് പരിചയപ്പെടുത്തി. ഗാലക്സി എം സീരീസിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി സാംസങ് ഗാലക്സി എം35 5ജി (Samsung Galaxy M35 5G) ആണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഗാലക്സി എം34 5ജിയുടെ പിൻഗാമിയായി 15000 രൂപയ്ക്ക് മുകളിലുള്ള വില വിഭാഗത്തിൽ ആണ് ഈ 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. 5ജി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് താങ്ങാനാകുന്ന വിലയിൽ പുതിയ ഫീച്ചറുകൾ നിറഞ്ഞ ഒരു സ്മാർട്ട്ഫോൺ ആയി സാംസങ് പുതിയ ഗാലക്സി എം35 5ജി ഓഫർ ചെയ്യുന്നു.
പ്രൈം ഡേ എക്‌സ്‌ക്ലൂസീവ് ഓഫറുകൾ സാംസങ് ഗാലക്സി എം35 5ജിക്ക് ലഭിക്കും എന്ന് ആമസോൺ ഇതിനകം വ്യക്തമാക്കിയിട്ടുള്ളതിനാൽ സാംസങ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ഫോണിനായി കാത്തിരുന്നത്. ആ കാത്തിരുപ്പുകൾ പാഴായില്ല എന്ന് ഈ പുതിയ സ്മാർട്ട്ഫോണിലെ ഫീച്ചറുകളും വിലയും തെളിയിക്കുന്നുണ്ട്.
സാംസങ് ഗാലക്സി എം35 5ജിയുടെ (Samsung Galaxy M35 5G) പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് FHD+ (1080×2340 പിക്സലുകൾ) സൂപ്പർ AMOLED ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവ ഇതിൽ ഉണ്ട്.
സാംസങ്ങിന്റെ ഒക്ടാ കോർ എക്സിനോസ് 1380 പ്രോസസർ ആണ് ഈ മോൺസ്റ്റർ സ്മാർട്ട്ഫോണിന്റെ കരുത്ത്. മാലി-G68 MP5 GPU, 8GB റാം, 128GB / 256GB ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ SD കാർഡ് വഴി 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ OIS, f/1.8 അപ്പേർച്ചറുള്ള 50MP റിയർ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ f/2.2 അപ്പേർച്ചർ ഉള്ള 13MP ക്യാമറയും ഉണ്ട്.
5G SA /NSA, ഡ്യുവൽ 4G, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
ഗാലക്സി എം35 5ജിയുടെ 6GB + 128GB അടിസ്ഥാന മോഡലിന് 19,999 രൂപയാണ് വില. 8GB+128GB വേരിയന്റിന് 21,499 രൂപയും 8GB+ 256GB വേരിയന്റിന് 24,499 രൂപയും നൽകണം. എന്നാൽ തുടക്കത്തിൽ ആകർഷകമായ ലോഞ്ച് ഓഫറുകൾ ലഭ്യമാകുന്നതിനാൽ അടിസ്ഥാന മോഡൽ 15,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. കടും നീല, ഇളം നീല, ചാര നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.
ലോഞ്ച് ഓഫർ എന്ന നിലയിൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. ഇതിന് പുറമേ 2000 രൂപ പ്രൈം ഡേ കൂപ്പണായി ഡിസ്കൗണ്ട് ലഭിക്കും. അങ്ങനെയാണ് 15999 രൂപ വിലയിൽ ഇത് ലഭ്യമാകുക. ഇത് കൂടാതെ 1000 രൂപ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫർ വേറെയുമുണ്ട്. ജൂലൈ 20 മുതൽ ആരംഭിക്കുന്ന പ്രൈം ഡേ സെയിലിൽ ആമസോണിൽ നിന്ന് ഡിസ്കൗണ്ടുകളോടെ ഈ ഫോൺ സ്വന്തമാക്കാം.