Featured Posts

Breaking News

ജീവനുള്ള കാലത്തോളം ഞങ്ങളുടെ ഭൂമി ആർക്കും വിട്ടുനൽകില്ല..


കൊച്ചി: ലക്ഷദ്വീപിൽ പണ്ടാര ഭൂമി സർവേക്കെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഇന്നും പ്രതിഷേധം. ആന്ത്രോത്ത്, അ​ഗത്തി ദ്വീപുകളിൽ ഉദ്യോഗസ്ഥരെ ദ്വീപ് നിവാസികൾ‍ തടഞ്ഞു. ജീവനുള്ള കാലത്തോളം തങ്ങളുടെ ഭൂമി ആർക്കും വിട്ടുനൽകില്ലെന്ന് ജനങ്ങൾ പറഞ്ഞു. ഈ ഭൂമിയിൽ നൂറ്റാണ്ടുകളായി വീടുവച്ച് താമസിക്കുന്ന സാധുക്കളായ ജനങ്ങളുടെ ഭൂമി കുത്തക ടൂറിസത്തിനായി വിട്ടുകൊടുക്കില്ലെന്നും അവർ വ്യക്തമാക്കി.

കുടിയൊഴിപ്പിക്കൽ ഇന്നലെ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്‌തെങ്കിലും സർവേ നടപടികളുമായി മുന്നോട്ടുപോവുകയാണ് ഉദ്യോ​ഗസ്ഥർ. സ്റ്റേ വന്നതോടെ ദ്വീപ് നിവാസികൾ ആശ്വാസത്തിലായിരുന്നു. ഇന്ന് രാവിലെ വീണ്ടും സർവേയ്ക്കായി ഉദ്യോഗസ്ഥർ എത്തിയതോടെ ജനങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടി. എന്നാൽ സർവേയ്ക്ക് തടസമില്ലെന്നും അത് തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതോടെയാണ് പ്രതിഷേധമുണ്ടായത്. പണ്ടാരഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായ സർവേ നടത്താൻ ഒരാളെയും അനുവദിക്കില്ലെന്ന് ജനങ്ങൾ പറഞ്ഞു. പലയിടത്തും പ്രതിഷേധത്തെ തുടർന്ന് സർവേ അവസാനിപ്പിച്ച് ഉദ്യോഗസ്ഥർക്ക് തിരിച്ചുപോകേണ്ടിവന്നു. കൂടാതെ ഉച്ചയ്ക്കു ശേഷം കൽപേനി ദ്വീപിലും പ്രതിഷേധം നടന്നു.

അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹരജിയും സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസവും ലക്ഷദ്വീപിൽ സർവേയ്‌ക്കെത്തിയ ഉദ്യോഗസ്ഥർക്കെതിരെ വൻ പ്രതിഷേധമുണ്ടായിരുന്നു. ഇതേത്തുടർന്ന് ഇവർ തിരിച്ചുപോവുകയും ചെയ്തിരുന്നു.

ജെ.ഡി.യു അധ്യക്ഷൻ ഡോക്ടർ മുഹമ്മദ് സാദിഖ് നൽകിയ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ സ്റ്റേ. കാർഷികാവശ്യങ്ങൾക്കായി ലീസിന് നൽകിയ പണ്ടാരം ഭൂമി തിരികെ അടിയന്തരമായി തിരിച്ചുപിടിക്കണമെന്നാണ് ലക്ഷദ്വീപ് ഭരണകൂടം ഡെപ്യൂട്ടി കലക്ടർമാർക്ക് നിർദേശം നൽകിയത്. വിവിധ ദ്വീപുകളിലായി 575.75 ഹെക്ടർ ഭൂമിയാണ് ദ്വീപ് ഭരണകൂടം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നത്. വികസന പ്രവർത്തനങ്ങൾക്ക് ഭൂമി കണ്ടെത്താൻ വേണ്ടി എന്നാണ് വിശദീകരണം.

No comments