എസ്.കെ.എസ്.എസ്.എഫ് വീണ്ടും; പി.എം.എ. സലാമിനെ ലീഗ് നേതൃത്വം നിയന്ത്രിക്കണം...
കോഴിക്കോട്: സുന്നി വിശ്വാസാദര്‍ശങ്ങളെ പരസ്യമായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
സുന്നി ആദര്‍ശത്തെ അംഗീകരിക്കുന്നവരാണ് മുസ്‍ലിം ലീഗിലെ മഹാഭൂരിപക്ഷം പ്രവര്‍ത്തകരും എന്നിരിക്കെ അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കില്ല. നേരത്തേ ഇദ്ദേഹം സമസ്തയുടെ അധ്യക്ഷനെയും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനെയും മാധ്യമങ്ങളിലൂടെ പരിഹസിച്ചിരുന്നു. ഇക്കാര്യത്തിൽ പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്നും യോഗം വ്യക്തമാക്കി.
മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഒ.പി. അഷ്‌റഫ് കുറ്റിക്കടവ്, പാണക്കാട് ഹാശിറലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തലൂര്‍, അന്‍വര്‍ മുഹിയിദ്ദീന്‍ ഹുദവി, ശമീര്‍ ഫൈസി ഒടമല, അഷ്‌കര്‍ അലി കരിമ്പ, അലി മാസ്റ്റര്‍ വാണിമേല്‍ തുടങ്ങിയവർ പങ്കെടുത്തു. വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം സ്വാഗതവും അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.