ലോറി തടഞ്ഞ് മോഷ്ടിച്ചത് 50 പോത്തുകളെയും 27 മൂരികളെയും; സംഭവം വടക്കഞ്ചേരിയില്‍
പാലക്കാട്: ദേശീയപാതയില്‍ വടക്കഞ്ചേരി റോയല്‍ ജങ്ഷനു സമീപം ലോറി തടഞ്ഞ് പോത്തുകളെ മോഷ്ടിച്ച് കടത്തി. കാറിലും ജീപ്പിലും ബൈക്കിലുമായെത്തിയ സംഘം ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയുമാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.
ആന്ധ്രയില്‍നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് സിനിമാ സ്റ്റെലില്‍ തട്ടിയെടുത്തത്. ലോറി പിന്തുടര്‍ന്നെത്തിയ സംഘം കത്തികാട്ടി ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും ഭീഷണിപ്പെടുത്തി ലോറി തട്ടിയെടുക്കുകയായിരുന്നെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.
സംഭവത്തില്‍ വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ഷജീര്‍ (31), ഷമീര്‍ (35) എന്നിവരെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പോത്തുകളെയും മൂരികളെയും കിഴക്കഞ്ചേരി വേങ്ങശേരിയില്‍ പോലീസ് കണ്ടെത്തി. ലോറിയും ദേശീയപാത റോയല്‍ ജങ്ഷനില്‍ കണ്ടെത്തി. പോത്തുകളെ വേങ്ങശേരിയില്‍ ഇറക്കിയ ശേഷം ലോറി തിരികെ അതേസ്ഥലത്ത് നിര്‍ത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.