2024 ല്‍ ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശിക്കാന്‍ ഏറ്റവും ചെലവുകുറഞ്ഞ രാജ്യങ്ങളിതാ...
മനോഹരമായ ഒരു വിദേശയാത്ര പോകാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. പല രാജ്യങ്ങളും കണ്ട് അവിടുത്തെ പ്രകൃതിഭംഗിയും ആചാരങ്ങളും ആളുകളെയുമൊക്കെ അറിയാനും അനുഭവിക്കാനും ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി പലപ്പോഴും അതിനനുവദിക്കാറുണ്ടാവില്ല. എന്നാല്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് ഒന്ന് ശ്രമിച്ചുനോക്കാം. ഇന്ത്യക്കാര്‍ക്ക് ചെലവുകുറഞ്ഞ രീതിയില്‍ പോയി വരാന്‍ കഴിയുന്ന എട്ട് രാജ്യങ്ങള്‍ പരിചയപ്പെട്ടാലോ..
നേപ്പാള്‍:
അതിമനോഹരമായ ഹിമാലയന്‍ പ്രകൃതിദൃശ്യങ്ങള്‍ മുതല്‍ സമ്പന്നമായ സാംസ്‌കാരിക പൈതൃകം വരെ ഉള്‍ക്കൊള്ളുന്ന രാജ്യമാണ് നേപ്പാള്‍. ബജറ്റ് യാത്രക്കാരുടെ പറുദീസയാണ് ഇവിടം. എവറസ്റ്റ് ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളില്‍ എട്ടെണ്ണം ഈ രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്. താങ്ങാവുന്ന ചെലവില്‍ ഗൈഡ് ടൂറുകളും താമസവുമെല്ലാം ഈ സമയത്ത് യഥേഷ്ടം ലഭ്യമാണ്.
ശ്രീലങ്ക:
ഇന്ത്യയില്‍ നിന്നും വളരെ അടുത്തുള്ള വിദേശരാജ്യമായ ശ്രീലങ്ക സമൃദ്ധമായ തേയിലത്തോട്ടങ്ങള്‍ക്കും പുരാതന അവശിഷ്ടങ്ങള്‍ക്കും അതിമനോഹരമായ ബീച്ചുകള്‍ക്കും പേരുകേട്ടതാണ്. കുറഞ്ഞ യാത്രാ സമയം, കുറഞ്ഞ യാത്രാച്ചെലവ്, ഇന്ത്യന്‍ രൂപയ്ക്ക് ശ്രീലങ്കയില്‍ ലഭിക്കുന്ന അധിക മൂല്യം എന്നിവയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
വിയറ്റ്‌നാം:
ഹനോയിയിലെ തിരക്കേറിയ തെരുവിലൂടെയുള്ള നടത്തം, അല്ലെങ്കില്‍ മനോഹരമായ ഹാ ലോംഗ് ബേയിലൂടെ ക്രൂയിസ് ചെയ്യുക, അങ്ങനെ.. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളും രുചികരമായ പ്രാദേശിക വിഭവങ്ങളുമെല്ലാമടങ്ങുന്ന അനുഭവങ്ങളാണ് വിയറ്റ്‌നാം നമുക്ക് സമ്മാനിക്കുക. കറന്‍സിക്ക് മൂല്യം കുറവാണെങ്കിലും കുറഞ്ഞ ചെലവില്‍ സന്ദര്‍ശിക്കാവുന്നവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് പ്ലേസുകളെല്
തായ്ലന്‍ഡ്:
മനോഹരമായ ബീച്ചുകള്‍, സ്വാദിഷ്ടമായ സ്ട്രീറ്റ് ഫുഡ് എന്നിവയെല്ലാം ആസ്വദിക്കാന്‍ തായ്‌ലന്‍ഡിലേക്ക് പോകാം. നീലക്കടലിന്റെയും ബുദ്ധക്ഷേത്രങ്ങളുടേയും നാട്. എത്ര പോയാലും മടുക്കാത്ത, എല്ലാ തരത്തിലുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് ചെലവു കുറഞ്ഞ് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരപൂര്‍വ ഡസ്റ്റിനേഷനാണ് തായ്ലന്‍ഡ്.
ഇന്തോനേഷ്യ/ബാലി
ചെറുതും വലുതുമായ 13,675 ദ്വീപുകളുടെ കുട്ടമാണ് ഇന്ത്യോനേഷ്യ. പേരിന്റെ അര്‍ഥം തന്നെ ഇന്ത്യന്‍ ദ്വീപുകള്‍ എന്നാണ്. വിവിധ ഭാഷകളും സംസ്‌കാരവും വിഭാഗങ്ങളും കൊണ്ട് സമ്പന്നമായ ഇന്തോനേഷ്യന്‍ ദ്വീപുകള്‍ അഗ്‌നിപര്‍വതങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള സവിശേഷമായ ഭൂപ്രദേശം കൂടിയാണ്. ശാന്തമനോഹരമായ കടലോരങ്ങളും വിശാലമായ നെല്‍പാടങ്ങളും അഗ്‌നിപര്‍വ്വതങ്ങളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും എന്നുതുടങ്ങി പറഞ്ഞാല്‍ തീരാത്തത്ര കാഴ്ച്ചകളും അനുഭവങ്ങളുമാണ് ഇന്തോനേഷ്യയില്‍ പ്രത്യേകിച്ച് ബാലിയില്‍ ഉള്ളത്.
കംബോഡിയ:
സമ്പന്നമായ ചരിത്രവും ഊര്‍ജ്ജസ്വലമായ സംസ്‌കാരവുമുള്ള കംബോഡിയയിലാണ് ലോകപ്രശസ്തമായ അങ്കോര്‍വാത് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ രാജകൊട്ടാരം, ദേശീയ മ്യൂസിയം, പൗരാണിക അവശിഷ്ടങ്ങള്‍ എന്നിവയാണ് മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.
മലേഷ്യ:
ഈ രാജ്യം വൈവിധ്യമാര്‍ന്ന സംസ്‌കാരവും അതിശയകരമായ പ്രകൃതിദൃശ്യങ്ങളും രുചികരമായ ഭക്ഷണവിഭവങ്ങളുമാണ് സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ലങ്കാവി, ക്വാലാലംപൂര്‍, പെനാങ് സ്‌നേക്ക് ടെമ്പിള്‍, കോട്ട കിനബാലു, പെക്കന്‍, ബട്ടു ഗുഹകള്‍ എന്നിവയാണ് മലേഷ്യയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്‌പോട്ടുകള്‍.