ഒറ്റ ചാർജിൽ 500 കിലോമീറ്റർ; കർവ് ഇ.വി വിപണിയിൽ
ഓട്ടോ എക്‌സ്‌പോയില്‍ ആകാരവടിവ് കൊണ്ട് വാഹനപ്രേമികളുടെ മനസില്‍ ഇടംപിടിച്ച ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹനം കര്‍വ് ഇ.വി. വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലായി നാല് വേരിയന്റുകളിലാണ് വാഹനം എത്തിയിരിക്കുന്നത്. 167 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് മോഡലിലും നല്‍കിയിട്ടുള്ളത്. 8.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാണ്.
15 മിനിറ്റില്‍ 150 കിലോമീറ്റര്‍ യാത്ര ചെയ്യാനുള്ള ചാര്‍ജ് ബാറ്ററിയില്‍ നിറക്കാനുള്ള ശേഷിയാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റില്‍ 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും. 45 കിലോവാട്ട് ബാറ്ററി പാക്കിലുള്ള കര്‍വ് ഇ.വിക്ക് 502 കിലോമീറ്ററും 55 കിലോവാട്ട് ബാറ്ററി പാക്ക് മോഡലിന് 585 കിലോമീറ്ററും റേഞ്ചാണ് കമ്പനി പറയുന്നത്. ഇന്ത്യയിലെ ഉപയോക്താക്കളുടെ ഡ്രൈവിങ് രീതി പരിഗണിച്ച് ടാറ്റ മോട്ടോഴ്സ് ഒരുക്കിയിട്ടുള്ള സി 75 റേഞ്ച് ടെസ്റ്റ് അനുസരിച്ച് 55 കിലോവാട്ട് മോഡലിന് 425 കിലോമീറ്റര്‍ വരെയും 45 കിലോവാട്ട് മോഡലിന് 350 കിലോമീറ്റര്‍ വരെയും റേഞ്ച് ഉറപ്പാക്കിയിട്ടുണ്ട്.
ടാറ്റയുടെ പുതുതലമുറ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള സിഗ്നേച്ചര്‍ ഡിസൈനുകള്‍ എല്ലാം കര്‍വ് ഇ.വിയിലും നല്‍കിയിട്ടുണ്ട്. ബോണറ്റിന് താഴെ നല്‍കിയിട്ടുള്ള കണക്ടഡ് എല്‍.ഇ.ഡി. ലൈറ്റ്, വെര്‍ട്ടിക്കിളായി നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, വലിയ എയര്‍ ഇന്‍ ടേക്കുകള്‍ നല്‍കിയിട്ടുള്ള ബമ്പര്‍ എന്നിയാണ് കാറിനെ ആകര്‍ഷകമാക്കുന്നത്. എല്‍.ഇ.ഡി. സിഗ്നേച്ചര്‍ ലൈറ്റ്, ഗ്ലോസി ബ്ലാക്ക് ഫിനിഷിങ്ങിലുള്ള സൈഡ് ക്ലാഡിങ്ങുകള്‍, പുതുമയുള്ള ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഡോറുകള്‍ ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, ക്രോമിയം ബോര്‍ഡര്‍ നല്‍കിയിട്ടുള്ള വിന്‍ഡോ ബോര്‍ഡറുകള്‍, സ്റ്റൈലിഷ് ഡിസൈനില്‍ ഒരുക്കിയിട്ടുള്ള അലോയി വീലുകള്‍, കണക്ടഡ് എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പുകള്‍, സ്പ്ലിറ്റ് എയറോ റിയര്‍ സ്‌പോയിലര്‍ തുടങ്ങിയവയെല്ലാം ചേരുന്നതോടെ ഈ കൂപ്പെ എസ്.യു.വി. കാഴ്ചയില്‍ അതിമനോഹരമാകുന്നുണ്ട്.
ഹാരിയര്‍, സഫാരി വാഹനങ്ങള്‍ക്ക് സമാനമായ ഇന്റീരിയറാണ് കര്‍വിലും ഒരുങ്ങിയിരിക്കുന്നത്. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടാറ്റയുടെ പുതുതലമുറ വാഹനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സ്റ്റിയറിങ് വീല്‍, ഹെഡ്അപ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക്, വയര്‍ലെസ് ചാര്‍ജര്‍, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ എന്നിവയാണ് കര്‍വിന്റെ അകത്തളത്തിലെ ഫീച്ചറുകള്‍. പനോരമിക് സണ്‍റൂഫും ഇതിലുണ്ട്. 500 ലിറ്ററാണ് വാഹനത്തിന്‍റെ ബൂട്ട് സ്പേസ്.
കര്‍വിന്റെ ഐസ് എന്‍ജിന്‍ മോഡലും ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയിട്ടുണ്ട്. 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ ജി.ഡി.ഐ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളില്‍ കര്‍വിന്റെ ഐസ് എന്‍ജിന്‍ മോഡലുകള്‍ നിരത്തില്‍ എത്തുമെന്നാണ് ടാറ്റ മോട്ടോഴ്സ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഈ വാഹനങ്ങളുടെ ഫീച്ചര്‍, എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത് തുടങ്ങിയ കാര്യങ്ങളൊന്നും നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.
കര്‍വ് ഇ.വിക്ക് 17.49 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. കര്‍വ് ഇ.വി. 45 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന് 17.49 ലക്ഷം രൂപ മുതല്‍ 19.29 ലക്ഷം രൂപ വരെയും 55 കിലോവാട്ട് ഓപ്ഷന് 19.25 ലക്ഷം രൂപ മുതല്‍ 21.99 ലക്ഷം രൂപ വരെയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.