ഉമ്മായ്ക്ക് ഫോൺ വാങ്ങിക്കാൻ കൂട്ടിവച്ച ചില്ലറ പൈസയുമായി കളക്ഷൻ സെന്ററിലെത്തി കുരുന്ന്
സമാനതകളില്ലാത്ത ദുരന്തത്തിനാണ് വയനാടും കേരളവും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്ക് നാടിന്റെ നാനാഭാഗത്തു നിന്നും സഹായങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. കേരളം ഒറ്റക്കെട്ടായി തന്നെ ആ ദുരന്തത്തെ നേരിടുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സമ്പാദ്യം മുഴുവനുമായി എത്തിയിരിക്കുകയാണ് കുഞ്ഞ് ഐദിൻ. മാതാവിന് ഫോൺ വാങ്ങുന്നതിനായി സ്വരുക്കൂട്ടിയ നാണയത്തുട്ടുകളുമായാണ് ആ വലിയ മനസുള്ള കുഞ്ഞ് കോട്ടയം ഈരാറ്റുപേട്ടയിലെ കളക്ഷൻ സെന്ററിൽ എത്തിയത്.
ഉമ്മായ്ക്ക് ഫോൺ വാങ്ങുന്നതിനായി, പലയിടങ്ങളിൽ നിന്നുമായി തനിക്ക് ലഭിച്ച നാണയങ്ങൾ ആ ബാലൻ കൂട്ടിവെച്ചിരുന്നു. ഇത്രയും വലിയൊരു ദുരന്തം നാടിനെ നടുക്കിയപ്പോൾ, ഉറ്റവരും ഒരു ആയുസിലെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട ആ ജീവനുകൾക്കു സഹായം നൽകേണ്ടത് തന്റെ കൂടെ കടമയാണെന്ന് ബോധ്യം വന്നതോടെയാണ് അവൻ ആ നാണയങ്ങളുമായി ഈരാറ്റുപേട്ടയിലെ കളക്ഷൻ സെന്ററിൽ എത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്ക് ആ പൈസ നിറഞ്ഞ മനസോടെ സമ്മാനിച്ച് കൊണ്ടുള്ള അവന്റെ മടക്കം ഉള്ളുനിറഞ്ഞു തന്നെയായിരിക്കണം.
അണ്ണാറക്കണ്ണനും തന്നാലായത് എന്നതിനെ ശരിവെയ്ക്കുന്ന ചിന്തയിലൂടെയാണ് കേരളത്തിലെ ജനത ഇപ്പോൾ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. നഷ്ടപ്പെട്ട മനുഷ്യജീവനുകൾ തിരികെ നല്കാൻ സാധിക്കില്ലെങ്കിലും ഇട്ടിരിക്കുന്ന വസ്ത്രം മാത്രം ബാക്കിയായ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ജീവനുകളെ ചേർത്തുപിടിക്കാൻ തങ്ങളാൽ കഴിയുന്ന സഹായം നല്കാൻ ബാക്കിയുള്ള മനുഷ്യർക്ക് കുഞ്ഞ് ഐദിൻ ഒരു വലിയ പ്രചോദനമാണ്.
(Manorama Online)