ഇസ്രയേൽ ആക്രമണം: മരണം 558 ആയി, കൊല്ലപ്പെട്ടവരിൽ 50 കുട്ടികളും..
ബെയ്റൂട്ട് : പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾക്കു പിന്നാലെ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മരണസംഖ്യ 558 ആയി. മരണപ്പെട്ടവരിൽ 50 പേർ കുട്ടികളാണ്. രണ്ടു ദിവസമായി നടക്കുന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 1835 പേർക്ക് പരുക്കേറ്റിട്ടുണ്ട്. മുന്നൂറിലേറെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്.
ഗലീലിയിലെ ഇസ്രയേൽ സൈനിക പോസ്റ്റുകൾക്കുനേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുല്ലയും അവകാശപ്പെട്ടിരുന്നു. ഹിസ്ബുല്ലയുടെ മനുഷ്യകവചം ആകരുതെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നും ലബനനിലെ ജനങ്ങളോട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവശ്യപ്പെട്ടു. ലക്ഷ്യം നേടുന്നതുവരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചു. ലബനീസ് ജനതക്കെതിരെയല്ല ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം എന്നാണ് ഇസ്രയേൽ വാദം.
ലബനനിലെ ഇസ്രയേൽ വ്യോമാക്രമണം കനത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷ്യം നേടുംവരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയതോടെ പശ്ചിമേഷ്യ പൂർണമായും യുദ്ധത്തിന്റെ വക്കിലാണ്. 1982 ലേതുപോലെ ലബനനിലേക്ക് കര വഴി ഇസ്രയേലി സൈനികനീക്കം ഉണ്ടായാൽ പൂർണ യുദ്ധത്തിലേക്ക് പശ്ചിമേഷ്യ വഴിമാറും. ഇതു മുൻകൂട്ടി കണ്ട അമേരിക്ക മേഖലയിൽ സൈനിക വിന്യാസം കൂട്ടുകയാണ്. ലബനനിലെ യുഎസ് പൗരന്മാരോട് രാജ്യം വിടാൻ നിർദേശിച്ചിട്ടുണ്ട്.