ഫാറൂഖ് കോളജ് മുനമ്പത്തെ ഭൂമി വിറ്റത് സെന്റിന് 500 രൂപക്ക്
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി ഫാറൂഖ് കോളജ് മാനേജ്മെന്റ് വിൽപന നടത്തിയത് സെന്റിന് 500 രൂപക്ക്. 1998ലാണ് ഇതിനായി എറണാകുളത്തെ അഭിഭാഷകനെ ചുമതലപ്പെടുത്തി ഉഭയകക്ഷി കരാർ ഒപ്പിട്ടത്. അതിനുമുമ്പ് സെന്റിന് 45 രൂപക്കും മുനമ്പത്തെ ഭൂമി വിൽക്കാൻ മാനേജ്മെന്റ് കരാർ ഉണ്ടാക്കിയിട്ടുള്ളതായി രേഖകൾ വ്യക്തമാക്കുന്നു. 2001 നവംബർ 22ന് ഈ കരാറിന്റെ കാലാവധി മൂന്നുവർഷത്തേക്ക് കൂടി നീട്ടുകയും ചെയ്തു.
എറണാകുളം മട്ടാഞ്ചേരി സ്വദേശി സിദ്ദീഖ് സേട്ട് 1950 നവംബർ ഒന്നിനാണ് ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിലെ 2115/1950 നമ്പറായി ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിയുടെ അന്നത്തെ പ്രസിഡന്റ് പി.കെ. ഉണ്ണിക്കമ്മു സാഹിബിന് മുനമ്പത്തെ 404.76 ഏക്കർ ഭൂമി വഖഫ് ആധാരം ചെയ്ത് കൊടുത്തത്. ഈ ഭൂമി വിൽക്കാൻ കരാറിൽ ഏർപ്പെടുന്നതിന് 1988 ഡിസംബർ 19ന് ചേർന്ന കോളജ് മാനേജിങ് കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്.
ഇതിന്റെ തുടർച്ചയായാണ് 1998 ഡിസംബർ 27ന് എറണാകുളത്ത് അഭിഭാഷകനും കോൺഗ്രസ് നേതാവുമായിരുന്ന എം.വി. പോളുമായി അന്നത്തെ കോളജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി കെ.സി. ഹസ്സൻകുട്ടി 50 രൂപ മുദ്രപ്പത്രത്തിൽ കരാർ എഴുതിയത്.
കുഴുപ്പിള്ളി വില്ലേജിലെ മുനമ്പത്ത് സർവേ നമ്പർ 18/1.4ൽപെട്ട ഭൂമി ദാനാധാരത്താൽ കോളജിന് ക്രയവിക്രയ സ്വാതന്ത്ര്യത്തോടെ സിദ്ധിച്ചതും കോളജ് കമ്മിറ്റിയുടെ പൂർണ ഉടമസ്ഥതയിലുള്ളതുമാണെന്ന് കരാറിൽ പറയുന്നു. 404.76 ഏക്കറിൽ അതുവരെ വിറ്റതിന്റെ ബാക്കി സിംഹഭാഗവും കടലെടുത്ത് പോയതിൽ വരുന്നതാണെന്നും കരാറിലുണ്ട്. കടൽക്ഷോഭത്തിൽ ഒലിച്ചുപോകാത്ത കരഭാഗത്തിന്റെ വിൽപനക്കാണ് അഡ്വ. പോളുമായി മൂന്നുവർഷത്തെ കരാർ ഒപ്പിട്ടത്.
സെന്റിന് 500 രൂപ തീറുവില നിശ്ചയിച്ചാണ് കരാർ എഴുതിയത്. തീറുവിലയിൽ 10,000 രൂപ മുൻകൂറായി സെക്രട്ടറിയെ ഏൽപിക്കണം, പോളിന് കൈവശം വിട്ടുകൊടുത്ത വസ്തുവിൽ അദ്ദേഹത്തിന് തെങ്ങിൻതൈ നടുകയും വസ്തുവകകൾ സംരക്ഷിക്കാനാവശ്യമായ പ്രവർത്തനം നടത്തുകയും ചെയ്യാം, പോളിന്റെയോ അദ്ദേഹം നിർദേശിക്കുന്നവരുടെയോ പേരിൽ ഒരുമിച്ചോ വിഭജിച്ചോ ഒരേസമയത്തോ പല ഘട്ടങ്ങളായോ വസ്തുവകകൾ തീറ് കൊടുക്കാം, വസ്തുവകകളിൽ കോളജ് മാനേജിങ് കമ്മിറ്റിക്കുള്ള അവകാശം സ്ഥാപിക്കാനും സംരക്ഷിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാൻ പോളിന് അവകാശമുണ്ടാകും തുടങ്ങിയവയാണ് പ്രധാന വ്യവസ്ഥകൾ.
മുമ്പ് രണ്ടുപേർക്ക് വിൽക്കാൻ കരാർവെച്ച 50 സെന്റും 20 സെന്റും മുൻ നിശ്ചയിച്ച വിലയായ സെന്റിന് 45 രൂപ പ്രകാരം പോൾ നിർദേശിക്കുന്നവർക്ക് കെ.സി. ഹസ്സൻകുട്ടി തീറ് കൊടുക്കുന്നതായും കരാറിൽ പറയുന്നു.