എന്തിനായിരുന്നു നോട്ടുനിരോധനം? എട്ട് വർഷം തികയുമ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങൾ ബാക്കി..
2016 നവംബർ എട്ടിനായിരുന്നു 500ൻ്റെയും 1000ൻ്റെയും നോട്ടുകൾ അർദ്ധരാത്രി മുതൽ നിരോധിക്കുമെന്ന നാടകീയ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത്. രാജ്യത്തെ സംബന്ധിച്ച് ഇപ്പോഴും ദഹിക്കാത്ത നിരവധി ഘടകങ്ങൾ അന്തർലീനമായ നാടകീയ മുഹൂർത്തമായിരുന്നു 2016ലെ നോട്ടു നിരോധനം. കള്ളപ്പണം, വ്യാജ കറൻസി, അഴിമതി എന്നിവയ്ക്കെതിരായ സർജിക്കൽ സ്ട്രൈക്ക് എന്നതായിരുന്നു 500, 1000 നോട്ടുകൾ ഒരുരാത്രി ഇരുട്ടി വെളുക്കുമ്പോഴേയ്ക്കും നിരോധിക്കും എന്ന പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നത്. 'അഴിമതി, കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദം എന്നിവയ്‌ക്കെതിരായ ഈ പോരാട്ടത്തിൽ, നമ്മുടെ രാജ്യത്തെ ശുദ്ധീകരിക്കാനുള്ള ഈ പ്രസ്ഥാനത്തിൽ, കുറച്ച് ദിവസത്തേക്കുള്ള ബുദ്ധിമുട്ടുകൾ നമ്മുടെ ആളുകൾ സഹിക്കില്ലേ' എന്നായിരുന്നു നോട്ടുനിരോധനം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസംഗത്തിൽ നരേന്ദ്ര മോദി രാജ്യത്തോട് ചോദിച്ചത്.
രാജ്യത്തെ സംബന്ധിച്ച് സാധാരണക്കാരനെ നോട്ടുനിരോധനം എങ്ങനെ ബാധിച്ചുവെന്നത് ചരിത്രമാണ്. അന്ന് പ്രചാരത്തിലിരുന്ന കറൻസിയുടെ ഏതാണ്ട് 86 ശതമാനം വരുന്ന നോട്ടുകളായിരുന്നു ഏതാണ്ട് ഒറ്റയടിക്ക് അന്ന് നിരോധിച്ചത്. പിന്നീടുള്ള മാസങ്ങളിൽ കൈവശമുണ്ടായിരുന്ന നിരോധിത നോട്ടുകൾ അംഗീകൃത കറൻസിയാക്കി മാറ്റിയെടുക്കാൻ രാജ്യത്തെ സാധാരണക്കാർ ബുദ്ധിമുട്ടിയതിൻ്റെ വാർത്തകൾ നമ്മുടെ പബ്ലിക്ഡൊമെയ്നിൽ ചരിത്രരേഖ പോലെ ഇപ്പോഴും ബാക്കിയാണ്.
കണക്കിൽ പെടാത്ത സ്വത്തുക്കൾ കണ്ടെത്താനും കള്ളപ്പണം ഇല്ലാതാക്കാനും കഴിയുമെന്നായിരുന്നു നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ടുവെച്ച പ്രധാന ആശയം. എന്നാൽ അതൊരു മണ്ടൻവാദമായിരുന്നു എന്ന് താമസിയാതെ തന്നെ വെളിവായി. വേണ്ടത്ര പഠനമോ മുൻകരുതലോ ഇല്ലാതെയായിരുന്നു ഈ തീരുമാനമെന്ന് പിന്നീട് വന്ന കണക്കുകൾ വ്യക്തമാക്കി. അന്നത്തെ ധനകാര്യമന്ത്രിയായ അരുൺ ജെറ്റ്ലിക്ക് തന്നെ ഇത് സ്ഥിരീകരിക്കേണ്ടി വന്നു. രാജ്യത്ത് വലിയ തോതിലുള്ള കണക്കിൽപെടാത്ത കള്ളപ്പണ നിക്ഷേപങ്ങൾ ഇല്ലെന്ന് 2017ൽ അരുൺ ജെറ്റ്ലിക്ക് തന്നെ സമ്മതിക്കേണ്ടി വന്നു. തൊട്ടടുത്ത് വർഷം നോട്ടുനിരോധനത്തിൻ്റെ പൊള്ളത്തരങ്ങൾ വെളിവാക്കുന്ന കണക്കുകൾ റിസർവ് ബാങ്കും പുറത്തുവിട്ടു. അസാധുവാക്കപ്പെട്ട കറൻസിയുടെ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്നായിരുന്നു റിസർവ് ബാങ്കിൻ്റെ കണക്ക്.
കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ടുനിരോധനം എന്ന സർക്കാർ വാദവും പാളുന്നതാണ് തുടർന്നുള്ള വർഷങ്ങളിൽ കണ്ടത്. 2016ൽ 15.92 കോടി രൂപയുടെ കള്ളപ്പണം കണ്ടുകെട്ടിയിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ നോട്ടുനിരോധനത്തിന് ശേഷമുള്ള വർഷങ്ങളിൽ കള്ളപ്പണം പിടിച്ചെടുത്തതിൻ്റെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് ഈ വാദവും വെറും വാചാടോപമായിരുന്നു എന്ന് വ്യക്തമാകുന്നത്. 2017, 2018, 2019, 2020, 2021 വർഷങ്ങളിലെ കണക്കുകൾ പ്രകാരം യഥാക്രമം 28.10 കോടി, 17.95 കോടി, 25.39 കോടി, 92.17 കോടി, 39 കോടി എന്നിങ്ങനെയായിരുന്നു പിന്നീടുള്ള വർഷങ്ങളിൽ പിടിച്ചെടുത്ത കള്ളപ്പണത്തിൻ്റെ കണക്ക്. നോട്ടുനിരോധനത്തിൻ്റെ തൊട്ടുമുമ്പത്തെ വർഷം പിടിച്ചെടുത്തത് 15.48 കോടി രൂപയായിരുന്നു എന്നതും കണക്കാക്കേണ്ടതുണ്ട്.
കള്ളനോട്ടുകൾ ഇല്ലാതാക്കുമെന്ന നോട്ടുനിരോധനത്തിൻ്റെ മറ്റൊരു വാചാടോപവും പാളുന്നതാണ് പിന്നീട് കണ്ടത്. 2022-23 സാമ്പത്തിക വർഷത്തിൽ 500 രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തതിൽ 14.4 ശതമാനം വർദ്ധനവുണ്ടായെന്നാണ് ആർബിഐയുടെ കണക്ക്. ആർബിഐയുടെ വാർഷിക റിപ്പോർട്ട് പ്രകാരം 4.55 കോടി രൂപ മൂല്യമുള്ള 500 രൂപയുടെ 91,110 കള്ളനോട്ടുകളാണ് ബാങ്കിംഗ് സംവിധാനത്തിൽ കണ്ടെത്തിയതെന്നാണ് കണക്ക്. സർക്കാർ തന്നെ ലോക്സഭയിൽ നൽകിയ വിവരപ്രകാരം 2016ൽ 2272 2000 രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെങ്കിൽ 2020ൽ ഇത് 2,44,834 ആയാണ് വർദ്ധിച്ചത്. ഈ നിലയിൽ ഒന്നാം മോദി സർക്കാരിന് പകരം രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്ന കാലയളവിലും നോട്ടുനിരോധനത്തിൻ്റെ പ്രധാനലക്ഷ്യമായി ഉയർത്തിക്കാണിച്ചിരുന്ന കള്ളനോട്ടുകളില്ലാത്ത ഇന്ത്യ എന്ന ആശയം നടപ്പിലായില്ലെന്ന് തന്നെ വേണം കാണാൻ.
നോട്ട് നിരോധനത്തിൻ്റെ ഒരാഴ്ചയ്ക്ക് ശേഷം മൻകിബാത്തിൽ രാജ്യത്തെ ലെസ് കാഷ് സെസൈറ്റിയാക്കി മാറ്റുന്നതിനെക്കുറിച്ചായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. നോട്ടുകൾ അസാധുവാക്കിയതിലൂടെ പണമിടപാടിനായി മറ്റ് വഴികൾ തുറന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ബാങ്കുകളുടെ ആപ്പുകളും ഇ-പേയ്‌മെൻ്റ് ഓപ്ഷനുകളും, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് സുരക്ഷിതമായി പണമടയ്ക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. 100 ശതമാനം പണരഹിത സമൂഹം ആക്കാൻ കഴിഞ്ഞില്ലെങ്കിലും, ഇന്ത്യയെ ‘ലെസ് കാഷ് സൊസൈറ്റി’ ആക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നായിരുന്നു അന്ന് പ്രധാനമന്ത്രി പറഞ്ഞത്.
ഡിജിറ്റൽ പണമിടപാടിന് അതിന് ശേഷം രാജ്യത്ത് കൂടുതൽ പ്രചാരം ഉണ്ടായി എന്നത് വസ്തുതയാണ്. നോട്ട് അസാധുവാക്കലിന് മുമ്പുള്ള 2016നെ അപേക്ഷിച്ച് പണത്തിൻ്റെ അളവ് ഇരട്ടിയായി എന്നാണ് പിന്നീടുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. 2022 ഡിസംബർ 22-ന് രാജ്യസഭയിൽ സർക്കാർ നൽകിയ മറുപടിയിൽ ഇത് വ്യക്തമായിരുന്നു. 2016-ൽ പ്രചാരത്തിലുണ്ടായിരുന്നു 16.41 ലക്ഷം കോടി കറൻസി 2022ൽ 31.05 ലക്ഷം കോടിയായി ഉയർന്നുവെന്നാണ് സർക്കാർ തന്നെ വ്യക്തമാക്കിയത്.
അപ്പോഴും നോട്ടുകൾക്ക് പകരം ഡിജിറ്റൽ പണമിടപാട് എന്ന ആശയവും ഈ ഘട്ടത്തിൽ മുന്നോട്ട് വയ്ക്കപ്പെട്ടു. രാജ്യവ്യാപകമായി ഡിജിറ്റൽ പണമിടപാടുകൾ വ്യാപകമായത് ഏതാണ്ട് ഇക്കാലത്താണ്. ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും യുപിഐ ഇടപാടുകളും സാധാരണക്കാരൻ്റെ ദൈനംദിന ഇടപാടുകളിൽ ഇടംപിടിച്ചു. ഡിജിറ്റൽ ഇന്ത്യ എന്ന ആശയപ്രചാരണവും ഇതിൻ്റെ ഭാഗമായി നടന്നു. ഡിജിറ്റൽ പണമിടപാട് വ്യാപകമായതോടെ രാജ്യത്തെ ഉപഭോഗസംസ്കാരത്തിന് വലിയ മാനങ്ങളാണ് കൈവന്നത്. യുപിഐ ഇടപാടുകൾ വ്യാപകമായതോടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുളള പർച്ചേസ് കൂടുതൽ വ്യാപകമായി. രാജ്യത്തെ ചെറുകിട കച്ചവടക്കാരുടെ ജീവിതമാർഗ്ഗങ്ങൾക്ക് ഭീഷണിയാകുന്ന നിലയിലേയ്ക്ക് വളരെ വേഗം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ അവരുടെ ശൃംഖല വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ പരമ്പരാഗത കച്ചവട രീതികളിൽ നോട്ടുനിരോധനത്തിന് ശേഷം ഉണ്ടായ മാറ്റങ്ങൾ ആ നിലയിൽ പഠനവിധേയമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. രാജ്യം ഡിജിറ്റൽ പണമിടപാടിന് പര്യാപ്തമായെന്ന് പറയുമ്പോഴും ഡിജിറ്റൽ ഇടപാടുകൾ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ കടന്നു ചെല്ലാത്ത നിരവധി പ്രദേശങ്ങൾ രാജ്യത്തുണ്ട്. രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചതിന്റെ ഗുണഭോക്താക്കളായി യഥാർത്ഥത്തിൽ മാറിയത് ആരാണെന്ന് പരിശോധിക്കുമ്പോൾ രാജ്യത്തെ സാധാരണകർഷകരും ചെറുകിട കച്ചവടക്കാരുമെല്ലാം ആ പട്ടികയിൽ നിന്ന് പുറത്താണ്. സ്മാർട്ട്ഫോണുകൾ അടക്കം ഉപഭോഗ വസ്തുക്കളുടെ വിപണനത്തിൽ നോട്ടുനിരോധനത്തിന് ശേഷമുള്ള കുതിച്ചുചാട്ടം പരിശോധിക്കേണ്ടതാണ്. ഉപഭോഗസംസ്കാരത്തിൻ്റെ അതിരുകളില്ലാത്ത ലോകം രാജ്യത്തെ സാധാരണക്കാരന് മുന്നിൽ തുറന്നിടാൻ ഡിജിറ്റൽ പണമിടപാടിന് സാധിച്ചിട്ടുണ്ട്. നോട്ടുനിരോധനത്തിൻ്റെ യഥാർത്ഥ ഇരകൾ രാജ്യത്തെ സാധാരണക്കാരായ കർഷകരും ചെറുകിട കച്ചവടക്കാരും ചെറുകിട വ്യവസായികളുമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. നോട്ടുനിരോധനത്തിന് ശേഷമുള്ള ഡിജിറ്റൽ ഇന്ത്യയിലും അതിൻ്റെ ഗുണഭോക്താക്കളാകാൻ ഈ വിഭാഗത്തിന് സാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. രാജ്യത്ത് അസമത്വത്തിൻ്റെ തേത് ഉയരുന്നുവെന്ന കണക്കുകൾക്കിടയിൽ നോട്ടുനിരോധനത്തിന് ശേഷം വ്യാപകമായ ഡിജിറ്റൽ പണമിടപാടുകൾ സാധാരണക്കാരനെ വരെ ഉപഭോഗ സംസ്കാരത്തിൻ്റെ വലയിൽ കരുക്കിയിട്ടുവെന്നതും പഠനവിധേയമാക്കേണ്ടതുണ്ട്. ഡിജിറ്റൽ പണമിടപാടുകൾ രാജ്യത്തെ വൻകിടക്കാർക്ക് ഏതുനിലയിൽ മൂലധനസാധ്യതയായി എന്നതും പഠിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള വിശകലനങ്ങൾ സൂക്ഷ്മമായി നടക്കുമ്പോഴാണ് നോട്ടുനിരോധനത്തിന് നിരവധി കാണാച്ചരടുകൾ ഉണ്ടായിരുന്നു. എന്ന് വ്യക്തമാകുന്നത്.
നോട്ട് നിരോധന സമയത്ത് സാധാരണക്കാരായ കർഷകർ കൂടുതലുള്ള രാജ്യത്തെ പലഗ്രാമങ്ങളിലും നടന്നതായി പലരും ചൂണ്ടിക്കാണിച്ച ഒരു വിഷയമുണ്ട്. രാജ്യത്തെ പിന്നാക്ക- ഉൾനാടൻ ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ നിത്യേന സാമ്പത്തിക ക്രയവിക്രയ ശേഷി പലപ്പോഴും നൂറ് രൂപയിലോ അമ്പത് രൂപയിലോ താഴെയാണ്. അതിനാൽ തന്നെ 1000, 500 നോട്ടുകളുടെ നിരോധവും, എടിഎമ്മിന് മുന്നിലെ നീണ്ട കാത്തിരിപ്പുമൊന്നും അക്കാലത്ത് ഇവരെ പ്രത്യക്ഷത്തിൽ ബാധിച്ചിരുന്നില്ല. ഇവരുടെ കാർഷിക ഉത്പന്നങ്ങളുടെ ക്രയവിക്രയ സമയത്ത് മാത്രമായിരിക്കും ഒരു പക്ഷെ നോട്ടു നിരോധനം ഇവർക്ക് തലവേദന സൃഷ്ടിച്ചത്. എന്നാൽ ഈ സമയത്ത് പോലും ഇടനിലക്കാർ ഇവരെ ചൂഷണം ചെയ്തിരുന്നതാണ് പലരും ചൂണ്ടിക്കാണിച്ചത്. വിൽക്കാനായി കൊണ്ടു പോകുന്ന കാർഷിക ഉത്പന്നങ്ങൾക്ക് പണത്തിന് പകരം ചെക്കാണ് ഇടനിലക്കാർ അക്കാലത്ത് ഇവർക്കായി കരുതിവച്ചിരുന്നത്.ബാങ്ക് അക്കൗണ്ട് പോലും ഇല്ലാത്തവരായിരിക്കും ഇവരിൽ പലരും. യഥാർത്ഥ വിലയിൽ നിന്ന് നിശ്ചിത ശതമാനം കുറച്ചാൽ രൊക്കംപൈസയും യഥാർത്ഥ വില വേണ്ടവർക്ക് ചെക്കും ഇതായിരുന്നു ഇടനിലക്കാരുടെ തന്ത്രം. ഇവരിൽ ഭൂരിപക്ഷവും ചെക്ക് ഒഴിവാക്കി പണം കൈപ്പറ്റി.