എന്റെ ആത്മകഥ ഇങ്ങനെയല്ല; പുറത്തുവന്ന വിവരങ്ങള്‍ ഞാന്‍ എഴുതിയതല്ല, പിന്നില്‍ ഗൂഢാലോചന - ഇ.പി
കണ്ണൂർ: പോളിങ് ദിനത്തിൽ ഇടതുമുന്നണിയെ വെട്ടിലാക്കിയ ആത്മകഥാ വിവാദത്തോട് പ്രതികരിച്ച് മുൻ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ആത്മകഥയിലേതായി ബുധനാഴ്ച പുറത്തുവന്ന വിവരങ്ങള്‍ അദ്ദേഹം പൂർണമായും തള്ളി. 'ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. പൂര്‍ത്തിയായിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല' - ഇ.പി വ്യക്തമാക്കി.
'ബുധനാഴ്ച പുറത്തുവന്നിട്ടുള്ള ഒരു കാര്യവും ഞാൻ എഴുതിയതല്ല. എഴുതാത്ത കാര്യങ്ങളാണ് ഇന്ന് വാർത്തയായി കാണുന്നത്. തിരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കെതിരായി വാർത്ത സൃഷ്ടിക്കുന്നതിന് വേണ്ടി ബോധപൂർവം ചെയ്തതാണ് ഇത്. എന്റെ പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ കാര്യം മനസ്സിലാകും.
കട്ടന്‍ചായയും പരിപ്പുവടയും എന്നാണ് തലക്കെട്ടെന്ന് പറയുന്നു. ഞാന്‍ ആത്മകഥയ്ക്ക് അങ്ങനെയൊരു പേരിടുമോ എന്നും ഇ.ടി ചോദിച്ചു.
മാതൃഭൂമിയും ഡി.സി ബുക്സും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ചോദിച്ചിരുന്നു. ആലോചിച്ചിട്ട് പറയാം എന്നാണ് ഇവരോട് പറഞ്ഞത്. രാവിലെ പുറത്തുവന്ന കവർ ഞാൻ ഇന്ന് ആദ്യമായി കാണുകയാണ്. പുസ്തകം എഴുതി പൂർത്തീകരിച്ചിട്ടില്ല. സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള പരാമര്‍ശം ബോധപൂര്‍വം സൃഷ്ടിച്ചതാണ്.
'ഡി.സി ബുക്സിന്റെ സൈറ്റിൽ പുസ്തകത്തെപ്പറ്റിയുള്ള കാര്യം എങ്ങിനെ വന്നു എന്ന് അറിയില്ല. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഡി.സി.യുമായി ഒരു കരാറുമില്ല. ആരാണ് ഇവരെ ചുമതലപ്പെടുത്തിയത്. ഇവര്‍ക്ക് എങ്ങിനെ കോപ്പി ലഭിച്ചു. ഡി.സി. എങ്ങിനെയാണ് കൊടുത്തത് എന്ന് അറിയില്ല. ഞാൻ അവരുമായി ബന്ധപ്പെട്ടപ്പോൾ അന്വേഷിച്ചിട്ട് പറയാമെന്നാണ് പറഞ്ഞത്. കൃത്യമായ മറുപടി അവർ തന്നില്ല', ഇ.പി. ജയരാജൻ പറഞ്ഞു.