വെറുപ്പിന്റെ ഫാക്ടറിയില്‍ നിന്ന് ഇറങ്ങി; സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുക്കുന്നു: സന്ദീപ്‌വാര്യര്‍
പാലക്കാട്: താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സംഘത്തിനുമാണെന്ന് സന്ദീപ് വാര്യര്‍. ഒരു ഏകാധിപത്യ പ്രവണതയുള്ള ഒരു പാര്‍ട്ടിക്കുള്ളില്‍ ഞാന്‍ വീര്‍പ്പുമുട്ടുകയായിരുന്നു. കേരളത്തില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും പരസ്പരം ഉപരോധം ഏര്‍പ്പെടുത്തി ജീവിക്കാനാവില്ല എന്ന പോസ്റ്റിട്ടതിന്റെ പേരില്‍ ഒരു വര്‍ഷക്കാലം അച്ചടക്ക നടപടി നേരിട്ടയാളാണ് താന്‍. ഇനി സ്‌നേഹത്തിന്റെ കടയില്‍ ഒരു മെംബര്‍ഷിപ്പ് എടുക്കാനാണ് തന്റെ തീരുമാനമെന്നും സന്ദീപ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളുമായെല്ലാം നല്ല സൗഹൃദം സൂക്ഷിച്ചിട്ടുള്ളയാളാണ് ഞാന്‍. ആശയപരമായി എതിര്‍ത്തിട്ടുണ്ടാവാം. രാഷ്ട്രീയത്തില്‍ മാനവികമായി ചിന്തിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതില്‍ നിന്ന് ചില കാര്യങ്ങള്‍ നാം പ്രതീക്ഷിക്കും. എല്ലാ ദിവസവും വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയായി നില്‍ക്കുന്ന ഒരു പാര്‍ട്ടിയില്‍ നിന്നാണ് സ്‌നേഹവും കരുതലുമെല്ലാം ഞാന്‍ പ്രതീക്ഷിച്ചത്. അതാണ് ഞാന്‍ ചെയ്ത തെറ്റ്.
സ്വന്തം അഭിപ്രായങ്ങള്‍ പറയാനോ വ്യക്തിത്വം കാത്തുസൂക്ഷിക്കാനോ മനുഷ്യ പക്ഷത്ത് നിന്ന് ഒരു നിലപാട് പോലും പറയാനുള്ള സ്വാതന്ത്ര്യമില്ലാതെ അച്ചടക്ക നടപടി നേരിട്ടയാളാണ് ഞാന്‍. ഞാന്‍ ജീവിച്ചു വളര്‍ന്ന എന്റെ സാമൂഹിക പരിസരത്ത് മതം തിരഞ്ഞ് പോകാന്‍ എനിക്ക് താല്‍പര്യമില്ല. അതിന്റെ പേരിലാണ് സംഘടനയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടത്. ആ കാലഘട്ടത്തില്‍ പോലും സംഘടനയെ തള്ളിപ്പറയാന്‍ ഞാന്‍ തയ്യാറായിട്ടില്ല.
കേരളത്തിലുടനീളം നടന്ന് തൊണ്ടപൊട്ടുമാറുച്ചത്തില്‍ ഞാന്‍ സംസാരിച്ചിട്ടുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ പല സുഹൃത്തുക്കളുമായും വലിയ തര്‍ക്കത്തിലേര്‍പ്പെട്ടു. അത്രത്തോളം പാര്‍ട്ടിക്ക് വേണ്ടി ഞാന്‍ ആത്മാര്‍ഥമായി ഞാന്‍ പ്രവര്‍ത്തിച്ചു. ഇന്ന് ഈ നിമിഷം കോണ്‍ഗ്രസിന്റെ ആപ്പിസില്‍ ഈ ത്രിവര്‍ണ ഷാള്‍ അണിഞ്ഞ് ഇവിടെ ഇരിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി കെ. സുരേന്ദ്രനും സംഘവുമാണ്. പാര്‍ട്ടിയിലെ തെറ്റുകള്‍ക്കെതിരായി നിലനിന്നു എന്നതാണ് ഞാന്‍ ചെയ്ത കുറ്റം. ആ കുറ്റം അംഗീകരിച്ച് സ്‌നേഹത്തിന്റെ കടയില്‍ ഒരു മെംബര്‍ഷിപ്പ് എടുക്കാനാണ് എന്റെ തീരുമാനം."-സന്ദീപ് വാര്യര്‍ പറഞ്ഞു