ഒരു മതവിഭാഗത്തെ ആശ്രയിക്കുന്ന പാർട്ടിയാവരുത്; ലീഗിന് ഉപദേശവുമായി അബ്ദുൾ ഹക്കീം അസ്ഹരി
കോഴിക്കോട്: മുസ്ലിം ലീഗിന് ഉപദേശവുമായി സമസ്ത എപി വിഭാഗം നേതാവ് ഡോ. മുഹമ്മദ് അബ്ദുൾ ഹക്കീം അസ്ഹരി. ലീഗ് രാഷ്ട്രീയമായി കരുത്താര്‍ജിക്കണം. ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ആശ്രയിക്കുന്ന പാര്‍ട്ടിയായി മാറരുത്, അവര്‍ പൊതുരാഷ്ട്രീയത്തിലേക്ക് വരണം. രാഷ്ട്രീയ സ്വാധീനത്തെ ശക്തിപ്പെടുത്തുകയും വേണം. ലീഗ് മതസംഘടനയെപ്പോലെ ചാരിറ്റി നടത്തി സ്വാധീനം ഉണ്ടാക്കുകയല്ല വേണ്ടതെന്നും അബ്ദുള്‍ ഹക്കീം അസ്ഹരി പറഞ്ഞു.
ലീഗ് എന്നാല്‍ ഇ.കെ സമസ്ത വിഭാഗമാണെന്ന തോന്നല്‍ ഇല്ലാതാവണമെന്നും അസ്ഹരി പറഞ്ഞു. ലീഗിന് ഒപ്പം നില്‍ക്കുമ്പോള്‍ സ്വതന്ത്രമായി മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെന്ന തോന്നലാവാം ഇ.കെ വിഭാഗത്തിന് ഇപ്പോള്‍ ഉള്ളതെന്നും ഹക്കീം അസ്ഹരി പറഞ്ഞു.
നല്ല കാര്യം ആരു പറഞ്ഞാലും സ്വീകരിക്കുമെന്നായിരുന്നു അസ്ഹരിയുടെ പ്രസ്താവനയ്ക്ക് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. വിലയിരുത്താന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. ലീഗിന് മുഖ്യ മതസംഘടനകളുടെ പിന്തുണയുണ്ട്. പിന്തുണയില്ലാത്തത് തീവ്രനിലപാടുള്ളവരുടേത് ആണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.