തെന്നിത്തിരിഞ്ഞ് ലോറികൾ, ജീവനെടുത്ത് പനയംപാടം വളവ്: അപകടം ഇങ്ങനെ..
പാലക്കാട് : ചെറുതും വലുതുമായ നൂറ്റിയിരുപതിലേറെ അപകടങ്ങളും പന്ത്രണ്ടിലേറെ മരണങ്ങളും കരിമ്പ പനയംപാടം വളവിൽ മാത്രം സംഭവിച്ചു. പാലക്കാട് – കോഴിക്കോട് ദേശീയപാതയിലാണ് അപകടമേഖലയായ പനയംപാടം. റോഡിന്റെ വീതി കൂട്ടിയിട്ടും ഇവിടെ അപകടങ്ങൾക്കു കുറവില്ല. നിർമാണത്തിലെ അപാകതയാണു പ്രധാന കാരണം. ചരിഞ്ഞ നിലയിലാണു റോഡ്. ഇതു പരിഹരിക്കണമെന്നു മോട്ടർവാഹന വകുപ്പു നിർദേശിച്ചിരുന്നു.
സ്ഥിരം അപകടമേഖലയായതിനാൽ റമ്പിൾ സ്ട്രിപ് സ്ഥാപിച്ചിരുന്നു. റോഡിന്റെ ഉപരിതലം ഗ്രിപ് കിട്ടുന്ന വിധത്തിൽ പരുക്കനാക്കിയിരുന്നെങ്കിലും വാഹനങ്ങൾ ഓടിയോടി വീണ്ടും മിനുസമായി. ഇടവേളയ്ക്കു ശേഷം പെയ്ത മഴയിലെ വെള്ളവും റോഡിലെ ഓയിലും വാഹനം തെന്നാൻ കാരണമായെന്നു കരുതുന്നു.
നനഞ്ഞുകിടന്ന റോഡിൽ എതിരെ വന്ന ലോറി വലത്തോട്ടു തെന്നിത്തിരിഞ്ഞതോടെ പിൻവശം സിമന്റ് ലോറിയുടെ മുൻവശത്തു തട്ടി. ഇതോടെ സിമന്റ് ലോറി റോഡിന്റെ വശത്തേക്കു നീങ്ങി മറിയുകയായിരുന്നു. റോഡിന്റെ പരിപാലന കാലാവധി കഴിയാൻ ഒന്നര വർഷം കൂടിയുണ്ടെന്ന് മോട്ടർവാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇക്കാലയളവിൽ അപാകത പരിഹരിക്കാൻ കരാർ കമ്പനിയായ ഊരാളുങ്കലിനോടു നിർദേശിക്കും.