സ്മാര്‍ട്ട് സിറ്റിയില്‍ ലുലുവിന്റെ ഇരട്ട ഐ ടി ടവര്‍, ലോകത്തെ വമ്പന്‍ ഐ ടി കമ്പനികള്‍ കേരളത്തില്‍ വരും..
ലോക ഐടി ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുമെന്ന് കരുതുന്ന കൊച്ചി കാക്കനാട്ടെ സ്മാർട് സിറ്റി ടൗൺഷിപ്പ് (Kochi Smart City) പദ്ധതിയിൽ പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് (Lulu Group) സജ്ജമാക്കുന്നത് ഐടി കമ്പനികൾക്ക് പ്രവർത്തിക്കാവുന്ന വമ്പൻ ഇരട്ട മന്ദിരങ്ങൾ. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വാണിജ്യാധിഷ്ഠിത ഐടി മന്ദിരങ്ങളാണ് ലുലു ഐടി ഇൻഫ്ര ബിൽഡ് (Lulu IT Infra Build) പ്രവർത്തന സജ്ജമാകുന്നത്. 1,500 കോടി രൂപയാണ് നിക്ഷേപം. കേരളത്തിനുള്ള പുതുവത്സര സമ്മാനമായി 2025ന്റെ ആദ്യപാദത്തിൽ മന്ദിരങ്ങൾ ഉദ്ഘാടനവും ചെയ്യും.
ലുലു ഐടി ഇൻഫ്ര ബിൽഡിന് ഒപ്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ 5 ഐടി കമ്പനികളിൽ ഒന്നുൾപ്പെടെ, രാജ്യാന്തര കമ്പനികളുടെ (എംഎൻസി) സാന്നിധ്യം തുടക്കംമുതൽ ഇരട്ട മന്ദിരങ്ങളിലുണ്ടാകുമെന്ന് ലുലു ഐടി ഇൻഫ്ര ബിൽഡ് ഡയറക്ടറും സിഇഒയുമായ അഭിലാഷ് വലിയവളപ്പിൽ പറഞ്ഞു. നിലവിൽ 5-6 ലോകോത്തര കമ്പനികളുമായി ചർച്ചകൾ നടക്കുകയാണ്.
153 മീറ്റർ ഉയരത്തിൽ 30 നിലകളിലായാണ് ലുലു ഐടി ഇൻഫ്ര ബിൽഡ് ഇരട്ട ടവർ. മൊത്തം 34 ലക്ഷം ചതുരശ്ര അടി. ഇതിൽ 25 ലക്ഷം ചതുരശ്ര അടിയാണ് കമ്പനികൾക്ക് പാട്ടത്തിന് ലഭ്യമാക്കുക. 25,000 പേർക്ക് ഒരേസമയം ജോലി ചെയ്യാം. കാർ പാർക്കിങ്ങിന് മാത്രം രണ്ടു നിലകൾ. 4,300 കാറുകൾ പാർക്ക് ചെയ്യാം. 3,000 കാറുകൾക്ക് റോബോട്ട് പാർക്കിങ് സൗകര്യമുണ്ടെന്നതും പ്രത്യേകത. 100% കരുതൽ വൈദ്യുതി (പവർ ബായ്ക്കപ്പ്), അതിവേഗ ലിഫ്റ്റുകൾ, കേന്ദ്രീകൃത എ.സി., മാലിന്യസംസ്കരണ പ്ലാന്റ്, മഴവെള്ള സംഭരണി തുടങ്ങിയ പ്രത്യേകതകളുമുള്ളതാണ് ടവറുകൾ.
2,000ലേറെ പേർക്കിരിക്കാവുന്ന ഫുഡ്കോർട്ട്, ജിം, റീട്ടെയ്ൽ സൗകര്യങ്ങൾ, കൊച്ചുകുട്ടികൾക്കുള്ള ക്രഷ് തുടങ്ങിയവയും ആകർഷണങ്ങളായിരിക്കും. നിർമാണത്തിലും സൗകര്യങ്ങളിലും ഊർജ സംരക്ഷണത്തിലും ഉൾപ്പെടെ മികവ് പുലർത്തുന്നതിനുള്ള ലീഡ് പ്ലാറ്റിനം റേറ്റഡ് ഗ്രീൻ ബിൽഡിങ് അംഗീകാരവും ലുലു ഐടി ഇൻഫ്ര ബിൽഡിന് ലഭിച്ചിട്ടുണ്ട്.
പ്രവർത്തനം ആരംഭിക്കുന്നതോടെ ലുലു ഐടി ഇൻഫ്ര ബിൽഡ് ട്വിൻ ടവർ ഐടി രംഗത്ത് കേരളത്തിന്റെ തിലകക്കുറിയാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഇന്ത്യയുടെ ഐടി നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവയെ അപേക്ഷിച്ച് കമ്പനികൾക്ക് സാമ്പത്തികമായി ഉൾപ്പെടെ നിരവധി നേട്ടങ്ങൾ കൊച്ചിയിൽ ലഭ്യമാണെന്ന് അഭിലാഷ് പറഞ്ഞു. കമ്പനികളുടെ പാട്ടവാടക (ഓഫീസ് റെന്റ്) ബെംഗളൂരുവിന്റെ മൂന്നിലൊന്നേ കൊച്ചിയിലുള്ളൂ.
ജീവനക്കാരുടെ ചെലവും ബെംഗളൂരുവിനേക്കാൾ കുറവ്. ഐടി രംഗത്ത് താരതമ്യേന കൂടുതൽ മികവ് പുലർത്തുന്ന മലയാളികൾക്ക് കേരളത്തിൽ തന്നെ ജോലി ചെയ്യാനാകുമെന്നത് കൊച്ചിയിൽ ഉയരുന്ന ഇത്തരം ലോകോത്തര സൗകര്യങ്ങൾ സഹായിക്കും. മാത്രമല്ല, ബെംഗളൂരുവിൽ ജീവനക്കാർ അടിക്കടി കമ്പനികൾ മാറുമ്പോൾ കൊച്ചിയിൽ ആ പ്രവണത കുറവാണ്. ഇതും കമ്പനികൾക്ക് സാമ്പത്തികമായി നേട്ടമാണ്.
സിറ്റി ഓഡിറ്റിങ്ങിലും രാജ്യാന്തര കമ്പനികൾക്കിടയിൽ കൊച്ചി ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര കമ്പനികൾ ഓഫീസ് ആരംഭിക്കുംമുമ്പ്, ആ നഗരത്തെക്കുറിച്ച് വിശദമായി വിലയിരുത്താറുണ്ട്. കൊച്ചിയിൽ നടത്തിയ സിറ്റി ഓഡിറ്റിങ്ങുകളിൽ പല കമ്പനികളും തൃപ്തരാണ്. കൊച്ചി മെട്രോ, വാട്ടർ മെട്രോ ഉൾപ്പെടെ ഗതാഗത സൗകര്യങ്ങൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ, ആശുപത്രികൾ, മികച്ച നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയാണ് കൊച്ചിയെ തിരഞ്ഞെടുക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്.