Featured Posts

Breaking News

പ്രണയ വിവാഹം: ഭർതൃഗൃഹത്തിൽ നവവധു മരിച്ചനിലയിൽ..


തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തി. പാലോട് ഇടിഞ്ഞാർ കൊളച്ചൽ കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭർത്താവ് അഭിജിത്ത് വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് രണ്ടാംനിലയിലെ കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ ഇന്ദുജയെ കണ്ടത്.

ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാർഗമധ്യേ മരണം സംഭവിച്ചു. രണ്ടുവർഷമായി പ്രണയത്തിലായിരുന്ന ഇന്ദുജയും അഭിജിത്തും മൂന്നുമാസം മുൻപാണ് വിവാഹിതരായത്. വീട്ടുകാരുടെ എതിർപ്പുകാരണം ഇന്ദുജയെ വീട്ടിൽനിന്ന് വിളിച്ചിറക്കി ക്ഷേത്രത്തിൽവച്ച് താലിചാർത്തി ഒന്നിച്ചു താമസിക്കുകയായിരുന്നു.

സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനും. സംഭവം നടക്കുമ്പോൾ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഇന്ദുജയ്ക്ക് വീട്ടുകാരുമായി ബന്ധമില്ലെന്നാണ് സൂചന. എന്നാൽ ഇന്ദുജ അമ്മയും സഹോദരനുമായി ഫോണിൽ സംസാരിക്കാറുണ്ടെന്ന് ഭർതൃവീട്ടുകാർ പറയുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ. സംഭവത്തിൽ പാലോട് പൊലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

No comments