Featured Posts

Breaking News

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പറയുന്നത് മുസ്‌ലീങ്ങള്‍ക്കെതിരല്ല...


തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നടത്തുന്ന പാരാമര്‍ശങ്ങള്‍ മുസ്‌ലിങ്ങള്‍ക്കും ആര്‍.എസ്.എസിനെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ ഹിന്ദുക്കള്‍ക്കും എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം വര്‍ഗീയവാദത്തിന്റെ പ്രധാനികളാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഹിന്ദു വര്‍ഗീയവാദത്തിന്റെ സുപ്രധാന കരുത്തായ ആര്‍.എസ്.എസ്. പോലെ മുസ്‌ലിം വര്‍ഗിയവാദത്തിന്റെ ഏറ്റവും പ്രധാന വിഭാഗമായി ജമാഅത്തെ ഇസ്‌ലാമിയും, ഭീകരവാദ പ്രസ്ഥാനത്തിന്റെ ഭാഗമായ എസ്.ഡി.പി.ഐയും നില്‍ക്കുകയാണ്. ഇവരുടെ സഖ്യകക്ഷിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഒരു സഖ്യകക്ഷിയെപോലെയാണ് യു.ഡി.എഫും ജമാഅത്തെ ഇസ്‌ലാമിയും പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേര്‍ത്ത് നിര്‍ത്തുന്നതിന്റെ പ്രത്യാഘാതങ്ങള്‍ വൈകാതെ തന്നെ കോണ്‍ഗ്രസിന് ലഭിക്കും. ഇത് ലീഗിനെയും ബാധിക്കും. വര്‍ഗീയതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ് എന്നാണ് പറയുന്നത്. എന്നാല്‍, ഇസ്‌ലാമിക രാഷ്ട്രം വേണമെന്ന് നിലപാട് സ്വീകരിച്ചിട്ടുള്ള ജമാഅത്തെ ഇസ്‌ലാമിയുമായി ചേര്‍ന്ന് യു.ഡി.എഫിന്റെ കക്ഷിയായി നില്‍ക്കുന്നത് ശക്തമായ പ്രത്യാഘാതം ലീഗിന് ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിവാദ പരാമര്‍ശത്തില്‍ വിജയരാഘവനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സി.പി.എം. സ്വീകരിക്കുന്നത് എന്ന സൂചനയാണ് പാര്‍ട്ടി സെക്രട്ടറി നല്‍കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്നായിരുന്നു എ.വിജയരാഘവന്റെ ആരോപണം. പ്രിയങ്കയുടെ ഘോഷയാത്രയിലും ന്യൂനപക്ഷ വര്‍ഗീയതയിലെ മോശപ്പെട്ട ഘടകങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് അദ്ദേഹം ഈ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

വയനാട്ടില്‍ നിന്ന് രണ്ടുപേര്‍ വിജയിച്ചു. രാഹുല്‍ ഗാന്ധി വിജയിച്ചത് ആരുടെ പിന്തുണയിലാണ്? മുസ്ലീം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി ഇവിടെനിന്ന് ഡല്‍ഹിക്കെത്തുമോ? അദ്ദേഹമല്ലേ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവ്? പ്രിയങ്ക ഗാന്ധി ഇവിടെ വന്നപ്പോള്‍ ആരെല്ലാമായിരുന്നു അവരുടെ ഓരോ ഘോഷയാത്രയുടേയും മുന്നിലും പിന്നിലും? ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട ഘടകങ്ങള്‍, തീവ്രവാദ ഘടകങ്ങളും വര്‍ഗീയ ഘടകങ്ങളും അതിലുണ്ടായില്ലേ' എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.

No comments