ലോകത്ത് ഏറ്റവും കൂടുതല്‍ മാലിന്യം പുറന്തള്ളുന്നത് യു എസ് സൈന്യം; പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്..
ലോകത്തെ ഏറ്റവും കൂടുതല്‍ മലിനപ്പെടുത്തുന്നത് യു എസ് സൈന്യമാണെന്ന് പുതിയ പഠനം. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതില്‍ മുന്നില്‍ അമേരിക്കന്‍ സൈന്യമാണ്. പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ റയാൻ തോംബ്സിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണ പഠനമാണ് ഇക്കാര്യം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇറങ്ങിയ പ്ലോസ് ക്ലൈമറ്റിൽ ഈ ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യു എസ് പ്രതിരോധ വകുപ്പിന്റെ ആഗോള പ്രവർത്തനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ സാരമായി ബാധിക്കുന്നുവെന്ന് പഠനം എടുത്തുകാണിക്കുന്നു. സൈനിക താവളങ്ങൾ പരിപാലിക്കുക, പരിശീലനങ്ങൾ നടത്തുക, ഗവേഷണത്തിലും വികസനത്തിലും ഏർപ്പെടുക, ലോകമെമ്പാടുമുള്ള ഉദ്യോഗസ്ഥരെയും ഉപകരണങ്ങളെയും ആയുധങ്ങളെയും കൊണ്ടുപോകുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ നിന്നാണ് ഹരിതഗൃഹ വാതകം പുറന്തള്ളുന്നത്.
ഈ പ്രവർത്തനങ്ങൾക്ക് വലിയ അളവിൽ ഊർജ്ജം ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാനം ദേശീയവും ആഗോളവുമായ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സൈനിക ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്ന വേളയിലാണ് ഈ മലിനപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്. ഒരു രാജ്യത്തിന്റെ സൈനിക ചെലവും ദേശീയ ഹരിതഗൃഹ വാതക പുറന്തള്ളലും തമ്മിലുള്ള ബന്ധം മുൻകാല പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.