രാഹുകാലം കഴിഞ്ഞേ ഓഫീസിലേക്ക് കയറൂ എന്ന് പുതിയ ചെയർപേഴ്സൺ...
പെരുമ്പാവൂർ: സത്യപ്രതിജ്ഞ ചെയ്തിട്ടും ഓഫീസിനുള്ളില്‍ കയറാന്‍ വിസമ്മതിച്ച് പെരുമ്പാവൂർ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എസ്. സംഗീത. രാഹുകാലം കഴിഞ്ഞ് മാത്രമേ ഓഫീസിലേക്ക് കയറൂ എന്നാണ് ചെയര്‍പേഴ്സണ്‍ വാശിപിടിച്ചത്. ഇതോടെ ഇവരെ കാത്തിരുന്ന് മടുത്ത് പാർട്ടി പ്രവർത്തകരും മറ്റു കൗൺസിലർമാരും ഉദ്യോഗസ്ഥരും.
രാവിലെ 11.15നകം തന്നെ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞ ചടങ്ങുകളും പൂർത്തിയായിരുന്നു. എന്നാൽ, രാവിലെ 10.30 മുതൽ ഉച്ചക്ക് 12 വരെയായിരുന്നത്രെ ഇന്നത്തെ രാഹുകാലം. ഒടുവിൽ 12.05നാണ് പുതിയ ചെയർപേഴ്സൺ ഓഫീസിൽ കയറിയത്. അതുവരെ ചെയർപേഴ്സണെ കാത്ത് പാർട്ടി പ്രവർത്തകരും ആശംസ അറിയിക്കാനെത്തിയവരുമെല്ലാം കാത്തിരുന്നു.
സൂര്യന്റെ എല്ലാവിധ പോസിറ്റീവിറ്റിയും തനിക്കും നഗരസഭക്കും ജനങ്ങൾക്കും ലഭിക്കണമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുകാലം നോക്കി പ്രവേശിച്ചതെന്ന് കെ.എസ്. സംഗീത വ്യക്തമാക്കി.
