Featured Posts

Breaking News

ഈ കുപ്പി; മണ്ണില്‍ അലിഞ്ഞില്ലാതാകും, പ്ലാസ്റ്റിക് പ്രശ്‌നത്തിനു പരിഹാരവുമായി ഹില്ലി അക്വാ


തിരുവനന്തപുരം∙ കുപ്പിവെള്ളം വാങ്ങുമ്പോള്‍ നേരിടുന്ന വലിയ പ്രശ്നം പ്ലാസ്റ്റിക് ബോട്ടിലുകള്‍ എങ്ങനെ നശിപ്പിച്ചു കളയുമെന്നതാണ്. ഒട്ടുമിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് കുപ്പി വെള്ളം നിരോധിക്കുന്ന സാഹചര്യവുമാണ്. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ജലവിഭവ വകുപ്പിന് കീഴിലുള്ള കെഐഐഡിസിയുടെ (കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്) ഉടമസ്ഥതയിലുള്ള 'ഹില്ലി അക്വാ'. മണ്ണില്‍ ഇട്ടാല്‍ താനേ അലിഞ്ഞ് ഇല്ലാതാകുന്ന തരത്തിലാണ് കുപ്പി നിര്‍മിച്ചിരിക്കുന്നത്. ഈ കുപ്പിവെള്ളം പരിസ്ഥിതിയെ ദ്രോഹിക്കുന്നില്ലെന്നു സാരം.

ആദ്യഘട്ടത്തില്‍ 300 മില്ലിയുടെ ബയോഡീഗ്രേഡബിള്‍ കുപ്പിവെള്ളമാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണിയിലെ പ്രതികരണം വിലയിരുത്തിയ ശേഷം മറ്റ് അളവുകളിലേക്കും ഉല്‍പ്പാദനം വ്യാപിപ്പിക്കും. ചോളം, കരിമ്പ് തുടങ്ങിയ പുനരുപയോഗിക്കാവുന്ന വിഭവങ്ങളുടെ അന്നജത്തില്‍ നിന്നാണ് ഈ ബോട്ടിലുകള്‍ നിര്‍മിക്കുന്നത്. കാഴ്ചയില്‍ പ്ലാസ്റ്റിക് കുപ്പികളോട് സാമ്യമുള്ള ഇവ ഭാരം കുറഞ്ഞതുമാണ്.

പരിസ്ഥിതി സൗഹൃദമായ ബയോഡിഗ്രേഡബിള്‍ കുപ്പികൾ വിപണിയിലിറക്കുകയാണ് സര്‍ക്കാര്‍. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള നവീന പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നാളെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. സാധാരണയായി കുപ്പിവെള്ള വ്യവസായത്തില്‍ ഉപയോഗിക്കുന്ന കുപ്പികള്‍ക്ക് പകരമായി, പൂര്‍ണമായും പ്രകൃതിയോടിണങ്ങുന്ന പോളി ലാക്ടിക്ക് ആസിഡ് പ്രീഫോമുകള്‍ ഉപയോഗിച്ചാണ് ഈ ബോട്ടിലുകള്‍ നിര്‍മിച്ചിരിക്കുന്നത്. പിഎല്‍എ ഉപയോഗിച്ച് ബയോ ബോട്ടിലുകള്‍ നിര്‍മിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സ്ഥാപനമായി ഇതോടെ ഹില്ലി അക്വാ മാറും.

കുപ്പിക്ക് പുറമെ ക്യാപ്പ്, ലേബല്‍, പാക്കേജിങ് മെറ്റീരിയലുകള്‍ എന്നിവയും പൂര്‍ണമായും ബയോ ഡിഗ്രേഡബിള്‍ ആണ്. വ്യാവസായിക കമ്പോസ്റ്റിങ് സംവിധാനങ്ങളില്‍ കൃത്യമായ താപനിലയും ഈര്‍പ്പവും ലഭ്യമായാല്‍ ഈ കുപ്പികള്‍ പൂര്‍ണമായും മണ്ണിലലിഞ്ഞു ചേരും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്റ്റ് സ്പെഷ്യലിസ്റ്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ് കമ്പനിയാണ് ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്നത്. ഹരിത ചട്ടം നിലവിലുള്ള ശബരിമല, മലയാറ്റൂര്‍ തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങള്‍ക്കും സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്കും ഈ ഉല്‍പ്പന്നം വലിയൊരു ആശ്വാസമാകും. തൊടുപുഴയിലെയും അരുവിക്കരയിലെയും പ്ലാന്റുകളില്‍ നിന്നാണ് നിലവില്‍ ഹില്ലി അക്വാ ഉൽപാദനം നടത്തിവരുന്നത്. പ്ലാസ്റ്റിക് പ്രശ്‌നത്തിന്റെ പേരില്‍ മദ്യപന്മാരില്‍നിന്ന് ബെവ്‌കോ 20 രൂപ അധികം ഈടാക്കുമ്പോഴാണ് കുപ്പിവെള്ള പ്രശ്‌നത്തിനു പരിഹാരമാകുന്നത്.

No comments