ഇനി ആക്രമിക്കില്ല’:‘അവർ സഹോദരന്മാർ അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡന്റ്

അമേരിക്കയ്ക്ക് മുന്നിൽ ഇറാൻ ഒരിക്കലും കീഴടങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ 'നിരുപാധികമായ കീഴടങ്ങൽ' നടത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് മസൂദ് പെസഷ്കിയാന്റെ പ്രസ്താവന. അയല്‍ രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണങ്ങളിൽ പ്രസിഡന്റ് ക്ഷമാപണം നടത്തി. അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാന് നേരെ ആക്രമണം ഉണ്ടാകാത്ത പക്ഷം ഇനി ആ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഇറാന്റെ ആക്രമണത്തിന് ഇരയായ അയല്‍രാജ്യങ്ങളോട് സ്വന്തം പേരിലും രാജ്യത്തിന്റെ പേരിലും ക്ഷമ ചോദിക്കുന്നതായി പ്രസിഡന്റ് ഇറാന്‍ സ്റ്റേറ്റ് ടിവിയിലൂടെ അറിയിച്ചു. 'അയൽരാജ്യങ്ങളെ ആക്രമിക്കാൻ ഞങ്ങൾ ഉദേശിക്കുന്നില്ല. ഞാൻ ആവർത്തിച്ച് പറഞ്ഞതുപോലെ അവർ ഞങ്ങളുടെ സഹോദരന്മാരാണ്,' അദ്ദേഹം പറഞ്ഞു. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള സന്ദേശത്തിലൂടെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്.
‘‘ഇറാൻ ആക്രമണം നടത്തിയ അയൽരാജ്യങ്ങളോട് മാപ്പുപറയുന്നു. അയൽരാജ്യങ്ങൾക്കു നേരെ ഇനി ആക്രമണം ഉണ്ടാകില്ല. ഇറാനെ ആക്രമിച്ചാൽ മാത്രമേ ആ രാജ്യങ്ങളിലേക്ക് മിസൈൽ അയക്കൂ. ഇറാൻ കീഴടങ്ങില്ല. ഇറാൻ ജനത കീഴടങ്ങണമെന്ന ആഗ്രഹം ശത്രുക്കൾക്ക് അവരുടെ കുഴിമാടങ്ങളിലേക്ക് കൊണ്ടുപോകാം’’–പെസെഷ്കിയാൻ പറഞ്ഞു.
ഹോർമുസ് കടലിടുക്ക് അടച്ചു എന്ന വാദം ഇറാൻ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി സായിദ് ഖത്തീഫ്സാദ തള്ളി. ഇസ്രയേൽ– യുഎസ് ആക്രമണത്തിലും തളരാതെ മേഖലയിലെ ശക്തിയായി ഇറാൻ തുടരുകയാണെന്നും റെയ്സിന ഡയലോഗ് സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ‘ഹോർമുസ് കടലിടുക്കിൽ സ്ഥിരതയുടെ നങ്കൂരമാണ് ഇറാൻ. ഞങ്ങൾ അത് അടച്ചിട്ടില്ല. ’–അദ്ദേഹം പറഞ്ഞു. സമുദ്ര സുരക്ഷയെ അപകടത്തിലാക്കിയതു യുഎസാണെന്നു വാദിച്ച അദ്ദേഹം രാജ്യാന്തര നിയമങ്ങളോട് ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.ഐആർഐഎസ് ദേന കപ്പലിനു നേരെയുണ്ടായ ആക്രമണം ദൗർഭാഗ്യകരമായ സംഭവമാണെന്നും ഇന്ത്യയിൽ നിന്നുള്ള ക്ഷണം സ്വീകരിച്ചാണു കപ്പൽ എത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ഗൾഫ് രാജ്യങ്ങൾക്കു മേലുള്ള ഇറാൻ ആക്രമണം ഒരാഴ്ച പിന്നിട്ടു. ഇടവേളയിട്ട് ഇറാൻ ആക്രമണം തുടരുമ്പോഴും ഗൾഫിൽ ജനജീവിതം കൂടുതൽ സാധാരണ നിലയിലെത്തി. കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചു. വ്യാഴാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി യുഎഇ, സൗദി, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണം നടന്നു. ഇന്നലെ പകലും രാത്രിയും പലപ്പോഴായി അപായ സൈറൺ മുഴങ്ങി.
ഇന്നലെ മാത്രം യുഎഇക്കുനേരെ 112 ഡ്രോൺ ആക്രമണം. 109 എണ്ണം നിർവീര്യമാക്കി. 9 ബാലിസ്റ്റിക് മിസൈലുകളും യുഎഇ നേരിട്ടു. 8 ക്രൂസ് മിസൈലുകളും ഇന്നലെ പ്രതിരോധിച്ചു. യുദ്ധം തുടങ്ങി ഒരാഴ്ചയ്ക്കിടെ 205 ബാലിസ്റ്റിക് മിസൈലുകൾ, 1184 ഡ്രോണുകൾ എന്നിവയാണ് യുഎഇ നേരിട്ടത്. ഇതുവരെ പരുക്കേറ്റവരുടെ എണ്ണം 112. മിസൈൽ ആക്രമണത്തിൽ തീ പടർന്ന ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിലെ തീയണച്ചു.
ബഹ്റൈനിൽ ഖത്തർ നാവികസേനാംഗങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിനു നേരെ ഇറാൻ ആക്രമണം ഉണ്ടായി. സേനാംഗങ്ങൾ സുരക്ഷിതരമാണെന്ന് ഖത്തർ അറിയിച്ചു. ജിസിസിയുടെ സംയുക്ത മാരിടൈം ഒപ്പറേഷൻസ് സെന്ററിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സേനാംഗങ്ങൾ.
യുദ്ധം തുടർന്നാൽ ഇന്ധന ക്ഷാമമുണ്ടാകുമെന്നു ഖത്തർ ഊർജ മന്ത്രി മുന്നറിയിപ്പു നൽകി. ആക്രമണം തുടർന്നാൽ ഗൾഫിലെ എണ്ണ ഉൽപാദക രാജ്യങ്ങൾ ഏതാനും ആഴ്ചകൾക്കകം കയറ്റുമതി നിർത്തിവയ്ക്കുമെന്നും എണ്ണ വില വർധിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. രാജ്യാന്തര തലത്തിൽ വലിയ സാമ്പത്തിക തിരിച്ചടികൾക്കു കാരണമാകും. മിസൈൽ ആക്രമണത്തിൽ തകർന്ന ഖത്തറിലെ റാസ് ലാഫൻ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) പ്ലാന്റ് പൂർവ സ്ഥിതിയിലാകാൻ മാസങ്ങളെടുക്കും. അക്രമം തുടർന്നാൽ എല്ലാ കയറ്റുമതി കമ്പനികളും അവരുടെ പ്രവർത്തനങ്ങൾ നിർത്താൻ നിർബന്ധിതരാകുമെന്നും പറഞ്ഞു.
summary
'They are brothers, will not attack again': Iranian president apologizes to neighboring countries