Featured Posts

Breaking News

ജനങ്ങള്‍ കരണത്തടിച്ചവരാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി, ഉളുപ്പില്ലാത്തതിനാല്‍ ഇപ്പോഴും ചിരിക്കുന്നു.


തിരുവനന്തപുരം: നിയമസഭാ ചോദ്യോത്തര വേളയില്‍ പരസ്പരം കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. പ്രതിപക്ഷത്തെ അംഗങ്ങള്‍ക്കെതിരെയുളള ആരോപണങ്ങളെ കുറിച്ച് വിവിധ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടതോടെയാണ് സഭ ബഹളത്തില്‍ മുങ്ങിയത്. സോളാര്‍ കേസും ബാര്‍ കോഴയും പാലാരിവട്ടം പാലവും അടക്കമുളള വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. 

പ്രതിപക്ഷ നേതാവ് ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം എവിടെ എത്തി എന്ന് സിപിഎം എംഎല്‍എ ആയ ഡികെ മുരളി ചോദിച്ചു. ഇതോടെ പ്രതിപക്ഷത്തെ അപമാനിക്കാനുളള മനപ്പൂര്‍വ്വമായ ശ്രമം ആണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. താന്‍ ആരുടെ പക്കല്‍ നിന്നും കോഴ ചോദിക്കുകയോ വാങ്ങുകയോ ചെയ്യുകയുണ്ടായിട്ടില്ലെന്നും ഏത് അന്വേഷണം നടത്തിയാലും തങ്ങള്‍ക്ക് ഒരു ചുക്കുമില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണപക്ഷത്തെ പോലെയാണ് പ്രതിപക്ഷവും എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം എന്നും ചെന്നിത്തല ആരോപിച്ചു.

രൂക്ഷമായ ഭാഷയില്‍ ആണ് പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്. പ്രതിപക്ഷത്തിന് ഉളുപ്പില്ലാത്തത് കൊണ്ടാണ് ഇപ്പോഴും ഇരുന്ന് ചിരിക്കാന്‍ പറ്റുന്നതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന് എതിരെ അന്വേഷണം പാടില്ലെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ചവരാണ് അഴിമതി തൊട്ട് തീണ്ടാത്ത സര്ക്കാരിനെ കുറിച്ച് അഴിമതി അഴിമതിയെന്ന് പറയുന്നതെന്നും പിണറായി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കരണത്ത് അടിച്ചവരാണ് പ്രതിപക്ഷത്ത് ഇരിക്കുന്നത്. 

ഉളുപ്പ് എന്ന് പറയുന്ന ഒന്ന് ഇല്ലാത്തത് കൊണ്ടാണ് അവര്‍ക്ക് ഇപ്പോഴും ചിരിക്കാന്‍ പറ്റുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങ് പിടിച്ചടക്കി കളയും എന്ന മട്ടിലാണ് തദ്ദേശ തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. എന്നിട്ട് എന്തായെന്നും മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലം അഴിമതിയുടെ കൂത്തരങ്ങായിരുന്നു. ഇപ്പോള്‍ കേരളത്തിലേക്ക് ബഹുരാഷ്ട്ര കമ്പനികള്‍ വരികയും പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു. അതില്‍ വിഷമം ഉണ്ടെങ്കില്‍ അത് മനസ്സില്‍ വെച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.




No comments