Featured Posts

Breaking News

ഒന്നു മുതല്‍ ഒമ്പത്‌ വരെ ക്ലാസുകളില്‍ വര്‍ഷാന്ത്യ പരീക്ഷ ഉണ്ടാകില്ല


തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെടാതെ അടുത്ത ക്ലാസുകളിലേക്ക്‌ പ്രവേശനം നടത്താനുള്ള നടപടികളുമായി മുന്നോട്ട്‌ പോകുകയാണ്‌ സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ്‌. നിലവില്‍ എട്ടാം ക്ലാസ്‌ വരെയുള്ള എല്ലാ കുട്ടികളേയും ജയിപ്പിക്കുക എന്നത്‌ ഒമ്പാതാം ക്ലാസില്‍ കൂടി നടപ്പാക്കനാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ ആലോചിക്കുന്നത്‌. ഒന്‍പത്‌ വരെയുള്ള ക്ലാസുകളില്‍ വര്‍ഷാവസാന പരീക്ഷ ഒഴിവാക്കും.വരുന്ന മാസങ്ങളില്‍ സംസ്ഥാനത്തെ കൊവിഡ്‌ വ്യാപനം കൂടുമെന്ന മുന്നറിയിപ്പ്‌ കൂടി കണക്കിലെടുത്താണ്‌ ഇങ്ങനൊരു തീരുമാനത്തിലെത്താന്‍ വിദ്യഭ്യാസ്‌ വകുപ്പ്‌ ആലോചിക്കുന്നത്‌.

നിരന്തര മൂല്യ നിര്‍ണയം,പാദന്ത പരീക്ഷ എന്നിവയിലൂടെയാണ്‌ സാധാരണ കുട്ടികളുടെ പഠനനിലവാരത്തെ അളക്കാന്‍ സ്വീകരിച്ചു വന്ന മാര്‍ഗങ്ങള്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ അധ്യയന വര്‍ഷം സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ പാദാന്ത പരീക്ഷ സാധ്യമല്ല. 

ഓണ്‍ലൈന്‍ സംവിധാനം വഴി പരീക്ഷകള്‍ സംഘടിപ്പിക്കാന്‍ പ്രായോഗിക തടസങ്ങള്‍ ഏറെയാണ്‌. എന്നാല്‍ അധ്യായന വര്‍ഷത്തിന്റെ തുടക്കം മുതല്‍ നടന്നുവരുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ അടിസ്ഥാനത്തില്‍ കുട്ടികളെ വിലയിരുത്തി നിരന്തര മൂല്യനിര്‍ണയം നടത്താനുള്ള നിര്‍ദേശമാണ്‌ കുട്ടികളുടെ അടുത്ത ക്ലാസ്‌ കയറ്റത്തിനുള്ള ഉപാധിയായി ഉയര്‍ന്നു വരുന്നത്‌.

സംസ്ഥാനത്തെ ഒന്നുമുതല്‍ എഴുവരെ ക്ലാസുകളിലെ എല്ലാ കുട്ടികളുടേയും കൈവശം ഒന്നാം ടേമിലെ വര്‍ക്ക്‌ ബുക്കുകള്‍ എത്തിച്ചിരുന്നു. സമഗ്ര ശിക്ഷ അഭിയാന്‍ വഴിയാണ്‌ വര്‍ക്ക്‌ ബുക്കുകള്‍ എത്തിച്ചത്‌. അധ്യാപകര്‍ ഇത്‌ കുട്ടികളില്‍ എത്തിച്ച്‌ എഴുതി വാങ്ങിയിരുന്നു. ഇതുപോലുള്ള പ്രവര്‍ത്തനം വരും മാസങ്ങളില്‍ ഒന്‍പത്‌ വരെയുള്ള ക്ലാസുകളിലും നടത്താനാണ്‌ ആലോചിക്കുന്നത്‌. 11ാം ക്ലാസില്‍ സംസ്ഥാനത്ത്‌ പൊതുപരീക്ഷയായതിനാല്‍, അതിന്റെ കാര്യത്തില്‍ എന്തുചെയ്യണമെന്നത്‌ കുറച്ചുകൂടി വിശദ്ദമായ ചര്‍ച്ചക്ക്‌ ശേഷമേ തീരുമാനം ഉണ്ടാകു. 

ഹയര്‍സെക്കന്ററി രണ്ട്‌ വര്‍ഷത്തെയും പരീക്ഷയുടെ മാര്‍ക്ക്‌ പരിഗണിക്കുന്ന അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ ഒന്നാണ്‌ കേരളം. സിബിഎസ്‌ഇയില്‍ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷയുടെ മാര്‍ക്കാണ്‌ അന്തിമമായി എടുക്കുന്നത്‌. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം 11ാം ക്ലാസിലെ പരീക്ഷ ഒഴിവാക്കണോ എന്നത്‌ നിയമവശം കൂടി പരിഗണിച്ച ശേഷമേ തീരുമാനിക്കാനാവു എന്ന നിലപാടിലാണ്‌ വിദ്യഭ്യാസ വകുപ്പ്‌. 

വരുന്ന അധ്യായനവര്‍ഷം ജൂണില്‍ തന്നെ സ്‌കൂള്‍ തുറക്കാനായാല്‍ അപ്പോള്‍ പ്ലസ്‌ വണ്ണിന്റെ പരീക്ഷ നടത്താനുള്ള സാധ്യതയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്‌. അധ്യയന വര്‍ഷം നഷ്ടപ്പെടാതെ വിദ്യാര്‍ഥി സൗഹൃദമായ നടപടികള്‍ കൈക്കൊള്ളാനാണ്‌ വിദ്യഭ്യാസ വകുപ്പിന്‌ ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇത്‌ സംബന്ധിച്ച്‌ നയപരമായ തീരുമാനം സര്‍ക്കാരില്‍ നിന്നും ഉണ്ടാകും.

Tag: Kerala Live News, Kerala school annual exam News.

No comments