Featured Posts

Breaking News

സംസ്ഥാനത്ത് ഉയര്‍ന്ന പോളിങ്; 75 ശതമാനം


തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആവേശകരമായ പോളിങ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് പോളിങ് കൂടുതല്‍. അവസാന മണിക്കൂറുകളില്‍ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമാണ്.  സംസ്ഥാനത്ത് 75 ശതമാനം പോളിങ് രേഖപ്പെടുത്തി. 

കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. 

ഗുരുവായൂര്‍, തലശ്ശേരി മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം കുറഞ്ഞിരിക്കുന്നത് മുന്നണികള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ഥിമാരില്ലാത്തതിനാല്‍ ബിജെപി വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുന്നില്ല എന്നാണ് കരുതുന്നത്. 

സംസ്ഥാനത്ത് പലയിടത്തു നിന്നും വോട്ടിങ് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ കള്ളവോട്ട് നടന്നതായി ആരോപണങ്ങളുണ്ട്. വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി രേഖപ്പെടുത്തിയെന്ന് കാട്ടി വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് പരാതി. ആള് മാറി വോട്ട് ചെയ്തെന്ന പരാതിയും ചിലയിടങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്.

വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് രണ്ടുതവണ സി.പി.എം.-ബി.ജെ.പി. സംഘര്‍ഷമുണ്ടായി. രാവിലത്തെ സംഘര്‍ഷത്തിനു ശേഷം ഉച്ചകഴിഞ്ഞ് കാറിലെത്തിയ സംഘം സിപിഎം പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. തടിച്ചുകൂടിയ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് പോലീസ് രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

ആന്തൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.പി. അബ്ദുള്‍ റഷീദിനു നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയര്‍ന്നു. ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബി.ജെ.പി.-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കമ്പംമേട്ടിലെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായി.

തന്നെ ബൂത്തില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമമുണ്ടായെന്ന് ബാലുശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി ആരോപിച്ചു. ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തുവെന്നാണ് ധര്‍മജന്റെ ആരോപണം. ആറാട്ടുപുഴയില്‍ വീണാ ജോര്‍ജിനെതിരെ കൈയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവും ഉണ്ടായി. കോണ്‍ഗ്രസ്- ബി.ജെ.പി പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് സിപിഎം ആരോപണം

വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്‍പ്പറ്റയില്‍ വോട്ടിങ് മെഷീനില്‍ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഒരു മണിക്കൂര്‍ മുടങ്ങി. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അന്‍സാരിയ പബ്ലിക് സ്‌കൂളിലെ 54-ാം നമ്പര്‍ ബൂത്തിലാണ് തകരാര്‍ കണ്ടെത്തിയത്. ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു പകരം മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നതായാണ് പരാതിയുയര്‍ന്നത്. തുടര്‍ന്ന് ബൂത്തില്‍ ഒരു മണിക്കൂറോളം വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. തുടര്‍ന്ന് കളക്ടറേറ്റില്‍നിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വോട്ടിങ് മെഷീന്‍ പരിശോധിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.

പോളിങ് ബൂത്തില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് കമ്പളക്കാട് ഗവ. യു.പി. സ്‌കൂളിലെ ബൂത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. 51-ാം നമ്പര്‍ ബൂത്തിലാണ് രാവിലെ 9.45-ഓടെ പ്രശ്നമുണ്ടായത്. ബൂത്തില്‍ ഉപയോഗിച്ച പത്ര കടലാസിലാണ് മന്ത്രിമാരുടെ ചിത്രങ്ങളുണ്ടായിരുന്നത്. യു.ഡി.എഫ്. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് നീക്കംചെയ്തു.


No comments