Featured Posts

Breaking News

സിപിഎം തിരിച്ചടി മണത്തു; ഒടുവില്‍ ജലീലും പുറത്തേക്ക്‌


തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ രാജി സി.പി.എം. നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നെന്ന് സൂചന. ധാര്‍മികതയുടെ പേരില്‍ ജലീല്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചാണ് നേരത്തെ അല്പം സമയം അനുവദിച്ചത്. എന്നാല്‍ ഇത് തിരിച്ചടിയാകുമെന്ന് ഭയന്നാണ് ജലീലിന്റെ രാജിക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ച വേണ്ടെന്ന് സി.പി.എം. തീരുമാനിച്ചത്.


ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധി വന്നതിന് പിന്നാലെ ഇതിനെതിരേ ഹര്‍ജി നല്‍കാന്‍ സമയം വേണമെന്ന് ജലീല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജലീലിന് പാര്‍ട്ടി സാവകാശം അനുവദിച്ചത്. എന്നാല്‍ ഇ.പി. ജയരാജന്‍ ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ പാര്‍ട്ടി ഇത്തരം സാവകാശം അനുവദിച്ചില്ലെന്നത് വലിയ ചര്‍ച്ചയായി. അന്ന് ജയരാജന്റെ വാദങ്ങള്‍ക്ക് പ്രസക്തി നല്‍കാതെ വേഗത്തില്‍ രാജിയിലേക്ക് നീങ്ങുകയായിരുന്നു. ധാര്‍മികത മുന്‍നിര്‍ത്തിയായിരുന്നു ആ തീരുമാനം. എന്നാല്‍ ജലീലിന്റെ കാര്യത്തില്‍ ഇതുണ്ടായില്ലെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നു. ജയരാജനോടും ജലീലിനോടും രണ്ട് സമീപനം സ്വീകരിച്ചെന്ന വിമര്‍ശനം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ഇതോടെയാണ് ജലീലിന്റെ രാജിക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് സി.പി.എം. തീരുമാനമെടുത്തത്.


പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കര്‍ശന നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടി ഒരു മന്ത്രിക്കെതിരേ ലോകായുക്ത വിധി വന്നിട്ടും രാജി ആവശ്യപ്പെടാതിരിക്കുന്നതും ചര്‍ച്ചയ്ക്കിടയാക്കി. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് ജലീലിന്റെ രാജി ഇനി വൈകേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചതും ജലീലിനെ കൈവിട്ടതും.

 

Tag: kt jaleel resigned from pinarayi cabinet cpm given instruction for resignation keralam live.



No comments