Featured Posts

Breaking News

ചരിത്ര നിയോഗം കേരളം കണ്‍കുളിര്‍ക്കേ കണ്ടു; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു



തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാഷ്ട്രീയ കേരളം ആ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചു. പിണറായി വിജയന്റെ അജയ്യനേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍. യു.ഡി.എഫിനെ തകര്‍ത്തെറിഞ്ഞ്, ബി.ജെ.പിയെ നിലംപരിശാക്കി പുതു ചരിത്രമെഴുതി ക്യാപ്റ്റനും ടീമും അടുത്ത അഞ്ചു വര്‍ഷംകൂടി കേരളം ഭരിക്കും.


വൈകീട്ട് 3.35-ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ സത്യവാചകം ചൊല്ലി അധികാരമേറ്റു. ശേഷം ഘടകകക്ഷി മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. ശേഷം നിയുക്തമന്ത്രിമാര്‍ പേരിലെ അക്ഷരമാലാക്രമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയനും കെ. രാജനും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, ആന്റണി രാജു, വി. അബ്ദുറഹ്മാന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ ദൈവനാമത്തില്‍ എന്നിവര്‍ സത്യവാചകം ചൊല്ലി.


ചരിത്രവിജയം സമ്മാനിച്ചവര്‍ക്ക് കോവിഡിനെ തുടര്‍ന്ന് സത്യപ്രതിജ്ഞാ ചടങ്ങ് നേരിട്ട് കാണാനായില്ല. വീടകങ്ങളിലെ ടെലിവിഷനുകളിലും ഫോണ്‍ സ്‌ക്രീനുകളിലും കേരള ജനത ചരിത്രമുഹൂര്‍ത്തം വീക്ഷിച്ചു. 'ഈ മഹാമാരി മാറും. അന്ന് നമ്മള്‍ ഒരുമിച്ച് നിന്ന് ആഘോഷിക്കുക തന്നെ ചെയ്യും. രോഗാതുരതയുടെ കാര്‍മേഘമെല്ലാം അകന്നുപോകുകയും സുഖസന്തോഷങ്ങളുടെ സൂര്യപ്രകാശം തെളിയുകയും ചെയ്യും. ആ നല്ല കാലത്തിന്റെ പുലര്‍ച്ചയ്ക്കു വേണ്ടി നാം ചെയ്യുന്ന വിട്ടുവീഴ്ചകളാണ് ഇന്നത്തെ അസൗകര്യങ്ങള്‍.' മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ ഈ വാക്കുകള്‍ സത്യമായി പുലരുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.


സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രശസ്താരായ 54 ഗായകര്‍ അണിചേര്‍ന്ന വെര്‍ച്വല്‍ സംഗീതാവിഷ്‌കാരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ തെളിഞ്ഞു.


കെ.ജെ. യേശുദാസ്, എ.ആര്‍. റഹ്‌മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്‍, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, മോഹന്‍ലാല്‍, ജയറാം, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസ്യ, ഉണ്ണിമേനോന്‍, ശ്രീനിവാസ്, ഉണ്ണികൃഷ്ണന്‍, വിജയ് യേശുദാസ്, മധുബാലകൃഷ്ണന്‍, ശ്വേതാമോഹന്‍, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍, ശരത്, ബിജിബാല്‍, രമ്യാനമ്പീശന്‍, മഞ്ജരി, സുധീപ്കുമാര്‍, നജിം അര്‍ഷാദ്, ഹരിചരന്‍, മധുശ്രീ, രാജശ്രീ, കല്ലറ ഗോപന്‍, അപര്‍ണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണന്‍, രഞ്ജിനി ജോസ്, പി കെ മേദിനി, മുരുകന്‍ കാട്ടാക്കട എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടര്‍ഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമേകിയത്. സമര്‍പ്പാവതരണം നടത്തിയത് മമ്മൂട്ടിയാണ്.


ഇ.എം.എസ്. മുതല്‍ പിണറായി വിജയന്‍ വരെയുള്ളവര്‍ നയിച്ച സര്‍ക്കാരുകള്‍ എങ്ങനെ കേരളത്തെ മാറ്റുകയും വളര്‍ത്തുകയും ചെയ്തുവെന്ന് വിളംബരംചെയ്യുന്നതായിരുന്നു സംഗീത ആല്‍ബം. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആല്‍ബം മലയാളത്തില്‍ ആദ്യമാണ്. സംവിധായകന്‍ ടി.കെ. രാജീവ്കുമാറാണ് ആശയാവിഷ്‌കാരം. രമേശ് നാരായണന്‍ സംഗീതം ചിട്ടപ്പെടുത്തി. മണ്‍മറഞ്ഞ കവികളുടേതിനുപുറമേ പ്രഭാ വര്‍മ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികളും ഉപയോഗിച്ചു.


കോവിഡ് പശ്ചാത്തലത്തില്‍, ഹൈക്കോടതി ഇടപെടലിന്റെകൂടി അടിസ്ഥാനത്തില്‍ പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 500 പേര്‍ക്കാണ് ക്ഷണക്കത്ത് നല്‍കിയത്. എന്നാല്‍, പ്രതിപക്ഷം പങ്കെടുത്തില്ല. കോവിഡ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി പങ്കെടുക്കില്ലെന്നു നേരത്തെ അറിയിച്ചിരുന്നു.


ക്ഷണിക്കപ്പെട്ടവര്‍ 2.45-ന് മുമ്പായി സെന്‍ട്രല്‍ സ്റ്റേഡയത്തിലെത്തി. മുഖ്യമന്ത്രിയും സി.പി.എമ്മിലെയും സി.പി.ഐയിലെയും മന്ത്രിമാരും വ്യാഴാഴ്ച രാവിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും വലിയ ചുടുകാട്ടിലും സത്യപ്രതിജ്ഞക്ക് പുന്നോടിയായി പുഷ്പാര്‍ച്ചന നടത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനില്‍ ഗവര്‍ണറുടെ ചായസത്കാരത്തില്‍ പങ്കെടുക്കും. ശേഷം 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം നടക്കും. നിര്‍ണായക തീരുമാനങ്ങള്‍ ഈ യോഗത്തിലുണ്ടാകുമെന്നാണ് സൂചന.

ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു ചടങ്ങിലേക്ക് പ്രവേശനം. ഇവര്‍ 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, ആര്‍ടി ലാമ്പ് നെഗറ്റീവ് റിസള്‍ട്ടോ, ആന്റിജന്‍ നെഗറ്റീവ്/ രണ്ട് ഡോസ് കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കൈവശം വെക്കേണ്ടതുണ്ടായിരുന്നു.

Tag: second Pinarayi government came to power-sworn-ldf-government


No comments