പാഠപുസ്തക വിവാദം; യാഥാർത്ഥ്യമെന്ത്?
കോഴിക്കോട്: സുന്നീ വിദ്യാഭ്യാസ ബോർഡ് പാഠപുസ്തകത്തിൽ പുത്തൻ പ്രസ്ഥാനക്കാർക്ക് സലാം പറയാൻ പാടില്ല എന്ന് പരാമർശിക്കുന്ന അധ്യായത്തിൽ മുജാഹിദ്, ജമാഅത്ത് ഇസ്ലാമി എന്നിങ്ങനെ ഉദാഹരണം പറയാത്തതിൽ വിവാദം പുകയുന്നു.
പഴയ കിതാബിന്റെയും പുതിയ കിതാബിന്റെയും ചിത്ര സഹിതമാണ് പ്രചരണം നടത്തുന്നത്. യഥാർത്ഥത്തിൽ നാലാം ക്ലാസിലാണ് മുജാഹിദ്, ജമാഅത്ത് ഇസ്ലാമി എന്നിങ്ങനെ പരാമർശമുണ്ടായിരുന്നത്.
ഇപ്പോൾ വിവാദം ഉണ്ടാക്കുന്നവർ പറയുന്ന പുസ്തകം നാലാം ക്ലാസിന്റേതല്ല. പരാമർശമുള്ള അധ്യായം പാഠപുസ്തക പരിഷ്കരണത്തിന്റെ ഭാഗമായി ഉയർന്ന ക്ലാസിലേക്ക് മാറ്റിയിട്ടുണ്ട്.
മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവർക്ക് സലാം പറയാൻ പാടില്ല എന്ന പരാമർശമുള്ള അധ്യായം ഉയർന്ന ക്ലാസിലെ പുസ്തകത്തിൽ ഉണ്ട്.
പ്രിന്റ് പൂർത്തിയാവാത്തതിനാൽ അത് മദ്റസകളിലേക്ക് ലഭ്യമായിട്ടില്ല. യാഥാർത്ഥ്യം മനസ്സിലായ വിവാദമുണ്ടാക്കുന്നവർ മറ്റൊരു ക്ലാസിലെ പാഠം പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്.
പുത്തൻ പ്രസ്ഥാനക്കാർ എന്ന് പറയുന്ന സ്ഥലങ്ങളിലെല്ലാം ഉദാഹരണമായി മുജാഹിദ്, ജമാഅത്തെ ഇസ്ലാമി എന്ന് പറയണമെന്ന് ആരും ഇതുവരെ വാദിച്ചിട്ടില്ല. സുന്നീ വിദ്യാഭ്യാസ ബോർഡ് നൽകിയ വിശദീകരണം അറിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ വിവാദമുണ്ടാക്കിയവർ ഇപ്പോൾ മൗനം പാലിക്കുന്നു.