Featured Posts

Breaking News

ജി എസ് ടിക്ക് നാല് വയസ്സ്; വിജയം വിലയിരുത്താനായോ?


സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കാരമായിരുന്നു കേന്ദ്രീകൃത ചരക്ക്, സേവന നികുതി (ജി എസ് ടി). ഒറ്റ രാജ്യം, ഒറ്റ നികുതി എന്ന മുദ്രാവാക്യവുമായി, ഒന്നാം മോദി സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. 500, 1000 കറന്‍സി പിന്‍വലിച്ചതിന് ശേഷമുള്ള വലിയ സാമ്പത്തിക പരിഷ്‌കാരം കൂടിയായിരുന്നു. പെട്രോളിയം, മദ്യ

ഉത്പന്നങ്ങള്‍, സ്റ്റാംപ് ഡ്യൂട്ടി അടക്കമുള്ള ഏതാനും അപവാദം ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാ ആഭ്യന്തര പരോക്ഷ നികുതികളും ജി എസ് ടിക്ക് കീഴിലാക്കി. ഈ പരിഷ്‌കാരം വരുത്തിയിട്ട് ജൂലൈ ഒന്നിന് നാല് വര്‍ഷം പൂര്‍ത്തിയായി. ഈ ഘട്ടത്തില്‍ ജി എസ് ടി പ്രതീക്ഷിച്ച വിജയം നേടിയോയെന്ന് പരിശോധിക്കുന്നു

ജി എസ് ടി വരുമാനം ആദ്യഘട്ടത്തില്‍ പെരുപ്പിച്ച് കാണിച്ചുവോ?

അതെ എന്നതാണ് ഹ്രസ്വ ഉത്തരം. ജി എസ് ടിക്ക് കീഴിലുള്ള ആദ്യ സമ്പൂര്‍ണ വര്‍ഷമായ 2018- 19 കാലത്തെ കേന്ദ്ര ബജറ്റില്‍ ജി എസ് ടി വരുമാന എസ്റ്റിമേഷന്‍ 7.43 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ ഈ തുകയുടെ 78 ശതമാനം മാത്രമാണ് സ്വരൂപിക്കാന്‍ സാധിച്ചത്. 

2019- 20 വര്‍ഷം ബജറ്റ് എസ്റ്റിമേറ്റും യഥാര്‍ഥ നികുതി ശേഖരണവും തമ്മിലുള്ള അന്തരം വീണ്ടും കുറക്കപ്പെട്ടു. അത്തവണ ജി എസ് ടി ബജറ്റ് എസ്റ്റിമേറ്റ് 6.63 ലക്ഷം കോടിയായിരുന്നു. 2020- 21, 2021- 22 സാമ്പത്തിക വര്‍ഷങ്ങളില്‍ ബജറ്റ് എസ്റ്റിമേറ്റ് തുക 2018- 19 വര്‍ഷത്തേതിനേക്കാള്‍ കുറവാണ്.

ജി എസ് ടി വന്നതോടെ പ്രത്യക്ഷ നികുതിയോ കസ്റ്റംസ് ഡ്യൂട്ടിയോ ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല. അഞ്ച് വര്‍ഷത്തേക്ക് 14 ശതമാനം വരുമാന വളര്‍ച്ച വാഗ്ദാനം ചെയ്താണ് കേന്ദ്രം സംസ്ഥാനങ്ങളെ കൊണ്ട് ജി എസ് ടി സമ്മതിപ്പിച്ചത്. 2020- 21 സാമ്പത്തിക വര്‍ഷം സെസ്സ് ശേഖരണത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത് 65,000 കോടി മാത്രമാണെന്നും അതിനാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം മൂന്ന് ലക്ഷം കോടി രൂപയായിരിക്കുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. 2.35 ലക്ഷം കോടിയാണ് മൊത്തം നികുതി കുറവെന്നും ഇതില്‍ 97,000 കോടി ജി എസ് ടി കുറവാണെന്നും ബാക്കിയുള്ളത് കൊവിഡ് മഹാമാരി കാരണമാണെന്നും അന്ന് ജി എസ് ടി കൗണ്‍സില്‍ അറിയിച്ചിരുന്നു. ജി എസ് ടി നഷ്ടപരിഹാരം ലഭിക്കാത്തത് കാരണമുള്ള വരുമാന കുറവ് പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാം എന്നാണ് കേന്ദ്രം മുന്നോട്ടുവെച്ച പോംവഴി. ഇത് കേരളമടക്കമുള്ള സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചിരുന്നു.

ജി എസ് ടി നിരക്ക് കുറക്കണമെന്ന നിരന്തര ആവശ്യം

സംസ്ഥാനങ്ങള്‍ക്ക് വരുമാന വളര്‍ച്ചാ ഉറപ്പ് നല്‍കിയത് വലിയ ധാര്‍മിക പ്രതിസന്ധിയിലാണ് കൗണ്‍സിലിനെ എത്തിച്ചത്. എല്ലാ ഉത്പന്നങ്ങള്‍ക്കും ജി എസ് ടി നിരക്ക് കുറക്കണമെന്ന ആവശ്യം നിരന്തരമുണ്ടാകുന്നുണ്ട്. അങ്ങനെ വന്നാല്‍ ജി എസ് ടി വെയ്റ്റ് ആവറേജ് കുറയുകയും മൊത്തം വരുമാനത്തെ ബാധിക്കുകയും ചെയ്യും.

രാജ്യത്തിന്റെ മൊത്തം സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് മാത്രമേ ജി എസ് ടി നിരക്കുകളില്‍ മാറ്റം വരുത്തുകയുള്ളൂ. അതിനാല്‍ ഇളവുകളുള്ള പെട്രോളിയം പോലുള്ള ഉത്പന്നങ്ങളില്‍ പരോക്ഷ നികുതി കൂടുതലായി ഏര്‍പ്പെടുത്തുന്ന രീതിയുണ്ടാകും. ദരിദ്രരെന്നോ സമ്പന്നരെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഇത് ബാധിക്കാമെങ്കിലും ദരിദ്രരാണ് കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരിക. മാത്രമല്ല, 2019ൽ കോർപറേറ്റ് നികുതി വെട്ടിക്കുറച്ചതിനാലും കൊവിഡ് കാരണവും പ്രത്യക്ഷ നികുതി ശേഖരണത്തില്‍ കുറവുമുണ്ടാകും. ഇത് പരിഹരിക്കാനും പരോക്ഷ നികുതി വര്‍ധിപ്പിക്കുകയാകും ചെയ്യുക. കറന്‍സി പിന്‍വലിക്കല്‍ മുതല്‍ വലിയ ആഘാതത്തിലേക്ക് നീങ്ങുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് ജി എസ് ടിക്ക് മാത്രം ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്ന് സാരം.


Tags: GST India




No comments