കടലില്‍ ഇന്ത്യന്‍ കരുത്തുകാട്ടാന്‍ ഐഎന്‍എസ് അരിധമന്‍ വരുന്നു. ശത്രുസംഹാരം മാത്രം ലക്ഷ്യം
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിധമന്‍ സേനയുടെ ഭാഗമാകാനൊരുങ്ങുന്നു. ഇന്ത്യ വികസിപ്പിച്ച മൂന്നാമത്തെ ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിയാണ് അരിധമന്‍. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠിയാണ് അരിധമന്‍ ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്ന് അറിയിച്ചത്. നിലവില്‍ അന്തര്‍വാഹിനി സേനയുടെ ഭാഗമാകുന്നതിന് മുന്നോടിയായുള്ള പരീക്ഷണങ്ങളിലാണ്. ശത്രുവിനെ നശിപ്പിക്കുന്നത് എന്നതാണ് അരിധമന്‍ എന്ന വാക്കിന്റെ അര്‍ഥം.
ഇന്ത്യയുടെ ആണവ പ്രതിരോധത്തില്‍ നിര്‍ണായക പ്രാധാന്യമാകുന്ന അന്തര്‍വാഹിനിയാണ് അരിധമന്‍. ദീര്‍ഘദൂരത്തേക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നതും, ദീര്‍ഘനാള്‍ സമുദ്രത്തിനടിയില്‍ കഴിയാനും സാധിക്കുന്നവയാണ് ആണവ അന്തര്‍വാഹിനികള്‍. ഇവയ്ക്ക് ശബ്ദം കുറവാണെന്നതിനാല്‍ കണ്ടെത്താനും പ്രയാസമാണ്. മാത്രമല്ല ദീര്‍ഘദൂര മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഇന്ത്യ വികസിപ്പിച്ച അരിധമന്‍ എന്ന അന്തര്‍വാഹിനി.
ഐഎന്‍എസ് അരിഹന്ത്, ഐഎന്‍എസ് അരിഘാത്, എന്നിവയാണ് ഇതിന് മുമ്പ് സേനയുടെ ഭാഗമായ ആണവ അന്തര്‍വാഹിനികള്‍. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള കെ-15 സാഗരിക, കെ-4 സബ്മറൈന്‍ ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈല്‍ എന്നിവയാണ് അരിധമനിലെ പ്രധാന ആയുധങ്ങള്‍. ശത്രുവിന്റെ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും തകര്‍ക്കാന്‍ 533 എംഎം ടോര്‍പ്പിഡോകളും അരിധമനിലുണ്ടാകും.
700 കിലോമീറ്റര്‍ ആണ് കെ-15 സാഗരിക മിസൈലിന്റെ പ്രഹര പരിധി. കെ-4 ന് 3500 കിലോമീറ്റര്‍ ആക്രമണ പരിധിയുണ്ട്. മുന്‍ഗാമികളായ അരിഹന്ത്, അരിഘാത് എന്നിവയെ അപേക്ഷിച്ച് കൂടുതല്‍ മിസൈലുകള്‍ വഹിക്കാന്‍ അരിധമന് സാധിക്കും. 24 സാഗരിക മിസൈലുകള്‍, എട്ട് കെ-4 മിസൈലുകള്‍ എന്നവയാകും അരിധമനിലുണ്ടാകുക. മിസൈലുകള്‍ വിക്ഷേപിക്കാന്‍ എട്ട് വെര്‍ട്ടിക്കല്‍ ലോഞ്ച് സംവിധാനങ്ങളാണ് ഇതിലുള്ളത്. മുന്‍ഗാമികളില്‍ നാലെണ്ണം മാത്രമേയുള്ളു.
7000 ടണ്‍ ആണ് അന്തര്‍വാഹിനിയുടെ ഭാരം. മണിക്കൂറില്‍ 28 കിലോമീറ്ററാണ് സമുദ്രോപരിതലത്തിലൂടെടെ സഞ്ചരിക്കുമ്പോഴുള്ള പരമാവധി വേഗം. 44 കിലോമീറ്റര്‍ വേഗതയില്‍ സമുദ്രാന്തര്‍ഭാഗത്തിലൂടെ സഞ്ചരിക്കും. 2021ലാണ് അരിധമന്‍ നീറ്റിലിറക്കിയത്. അന്നുമുതല്‍ കഠിനമായ സമുദ്ര പരീക്ഷണങ്ങളിലൂടെയാണ് അന്തര്‍വാഹനി കടന്നുപോകുന്നത്.