Featured Posts

Breaking News

ഇമ്രാന്‍ ഖാന്‍ ജീവന്‍ അപകടത്തിലെന്ന് അനുയായികള്‍ 'മരണമുറി'യിലെന്ന് മകന്‍


പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജീവനോടെയുണ്ടോ? അദ്ദേഹത്തിന്റെ ജീവന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നാണ് കുടുംബവും ആരാധകരും പാകിസ്താന്‍ തെഹ് രികെ ഇന്‍സാഫ് പാര്‍ട്ടി അണികളും ഒരുപോലെ പറയുന്നത്. ഇമ്രാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അതിനുള്ള തെളിവ് സര്‍ക്കാര്‍ പുറത്തുവിടണമെന്നാണ് മകന്‍ കാസിം ഖാന്‍ ആവശ്യപ്പെട്ടത്. അദ്ദേഹം ഏകാന്ത തടവിലാണെന്നും ജീവിച്ചിരിക്കുന്നുവെന്നതിന്റെ ഒരു തെളിവും സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും കാസിം ആരോപിച്ചു. വിഷയത്തിൽ രാജ്യാന്തര സമൂഹം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റാവല്‍പിണ്ടിയിലെ ആദിയാല ജയിലില്‍ കഴിയുന്ന ഇമ്രാൻ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങള്‍ ഏതാനും ദിവസമായി പ്രചരിക്കുന്നതിനിടയിലാണ് ആശങ്കയുമായി കുടുംബം രംഗത്ത് എത്തിയത്. ഇമ്രാനെ കാണാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്, സഹോദരിമാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ജയിലിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. ജയിലിന് പുറത്ത് ഇമ്രാന്റെ സഹോദരിമാരെ പോലീസ് തടഞ്ഞുവെക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നും പാര്‍ട്ടി ആരോപിച്ചു.

2023 മുതല്‍ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന് കഴിഞ്ഞ കുറച്ച് നാളുകളായി കുടുംബത്തെയോ അഭിഭാഷകരെയോ കാണാന്‍ അനുവാദമില്ല. ജയിലില്‍ അദ്ദേഹത്തിന്റെ സന്ദര്‍ശകര്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വ മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി തുടര്‍ച്ചയായി ശ്രമിച്ചെങ്കിലും ജയില്‍ അധികൃതര്‍ അനുമതി നിഷേധിച്ചു. ഇത് അദ്ദേഹത്തിന്റെ ജീവനെക്കുറിച്ച് തന്നെ ഊഹാപോഹങ്ങള്‍ക്ക് കാരണമായി. എന്നാല്‍ ഇമ്രാൻ ഖാൻ സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്നാണ് ജയില്‍ അധികൃതര്‍ അവകാശപ്പെടുന്നത്. അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന യാതൊന്നും ഉണ്ടായിട്ടില്ലെന്നും കൃത്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും ജയില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ, കുടുംബത്തിന്റെയും അനുയായികളുടെയും പ്രതിഷേധങ്ങളെ ശാന്തമാക്കുന്നതൊന്നും അധികൃതര്‍ ചെയ്യുന്നുമില്ല.പ്രധാനമന്ത്രി പദവിയില്‍നിന്നു പാര്‍ലമെന്റ് പുറത്താക്കിയതിന് പിന്നാലെ ഇമ്രാന്റെ പേരില്‍ ഭീകരപ്രവര്‍ത്തനം, കൊലപാതകം, മതനിന്ദ, കലാപാഹ്വാനം തുടങ്ങി 140-ലേറെ കേസുകളാണ് ചുമത്തിയത്. ഇമ്രാനെ അറസ്റ്റു ചെയ്യാന്‍ അധികൃതര്‍ പലവട്ടം ശ്രമിച്ചു. ഇമ്രാന്‍ ഔദ്യോഗിക സമ്മാനങ്ങളും അവയുടെ വില്‍പ്പന വരുമാനവും വെളിപ്പെടുത്തിയില്ലെന്നും നികുതി വരുമാനം വെളിപ്പെടുത്തിയില്ലെന്നും ആരോപിച്ച് ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ 2022 ഓഗസ്റ്റില്‍ തോഷഖാന കേസ് ഫയല്‍ ചെയ്തു. ലഹോറിലെ വീട്ടില്‍നിന്ന് ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ ശ്രമം നടത്തി. പക്ഷേ, പാര്‍ട്ടി അണികളുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. 2023 മേയില്‍ ഇമ്രാനെ പാക് റേഞ്ചേഴ്‌സ് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍നിന്ന് നാടകീയമായി അറസ്റ്റുചെയ്തു. ഇതേത്തുടര്‍ന്ന് രാജ്യമെങ്ങും വലിയ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. കേസില്‍ മൂന്ന് വര്‍ഷത്തെ തടവിന് കോടതിവിധിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അഞ്ച് വര്‍ഷം വിലക്കുകയും ചെയ്തു. പിന്നാലെ 2024-ലെ ദേശീയ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇമ്രാന്‍ സമര്‍പ്പിച്ച പത്രിക തള്ളുകയും ചെയ്തു.

2024 ജനുവരിയില്‍ സൈഫര്‍ കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറൈഷിയ്ക്കും പത്ത് വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ അദിയാല ജില്ലാ ജയിലില്‍വെച്ചാണ് കേസിന്റെ വിചാരണ ആരംഭിച്ചതും ശിക്ഷ വിധിച്ചതും. പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2022-ല്‍ മാര്‍ച്ചില്‍ യു.എസ് എംബസി അയച്ച രഹസ്യ നയതന്ത്ര കേബിള്‍ വെളിപ്പെടുത്തി ഔദ്യോഗികരഹസ്യ നിയമം ലംഘിച്ച കുറ്റത്തിനായിരുന്നു ശിക്ഷ. പിറ്റേ വര്‍ഷം ജനുവരിയില്‍ അല്‍-ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസില്‍ ഇമ്രാന്‍ഖാനും ഭാര്യ ബുഷ്റ ബീബിക്കും തടവ് ശിക്ഷ വിധിച്ചു. ഇമ്രാന്‍ഖാന് 14 വര്‍ഷവും ബുഷ്റ ബീബിക്ക് ഏഴ് വര്‍ഷവുമാണ് തടവ്.

2023 മുതല്‍ ജയിലിലാണെങ്കിലും പാകിസ്താന്‍ രാഷ്ട്രീയത്തിലെ ശക്തമായ പ്രതിപക്ഷ ശബ്ദമാണ് ഇമ്രാന്‍ ഖാന്‍. സൈന്യത്തിനും സര്‍ക്കാരിനും വലിയ തലവേദനയാണ് അദ്ദേഹം. അഭിഭാഷകര്‍, പാര്‍ട്ടി അണികള്‍, ഒരു സോഷ്യല്‍ മീഡിയ ടീം എന്നിവയിലൂടെ അദ്ദേഹം തന്റെ വാക്കുകള്‍ പാകിസ്താനിലെ ജനങ്ങളിലേക്കെത്തിച്ചു. ഭരണത്തിലെ അഴിമതിയെക്കുറിച്ച് വാചാലനാകുന്നു. അതോടെ വിറളിപൂണ്ട ഭരണകൂടവും സൈന്യവും പൊതുജനങ്ങളുടെ ഓര്‍മ്മയില്‍ നിന്നും ഇമ്രാനെ മായ്ച്ചുകളയാനാണ് ശ്രമിച്ചത്. രാജ്യത്തെ ടെലിവിഷനില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ അനുവദനീയമല്ല. അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കുന്നത് പോലും വിലക്കപ്പെട്ടിരിക്കുന്നു. ജൂണില്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പാകിസ്താനിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുവെന്ന് മക്കള്‍ പറഞ്ഞപ്പോള്‍ അവരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവില്‍ കോടതി ഉത്തരവുകള്‍ അവഗണിച്ച് ഭരണകൂടം കുടുംബവുമായും അഭിഭാഷകരുമായും ബന്ധപ്പെടുന്നതില്‍ നിന്ന് വിച്ഛേദിച്ചു. ഇമ്രാന്‍ ജീവനോടെയുണ്ടോ എന്ന് എന്ന് കുടുംബം ആശങ്കപ്പെടുമ്പോഴും ഉത്തരം ഭരണകൂടത്തിന് മാത്രമേ അറിയൂ. ജീവനോടെയുണ്ട് എന്ന് പറയുമ്പോഴും അതിന്റെ തെളിവുകള്‍ അവര്‍ പുറത്തുവിടുന്നതുമില്ല.

No comments