Featured Posts

Breaking News

ചവിട്ടി പുറത്താക്കി, ആട്ടിയോടിച്ചു; തുറന്നടിച്ച് സാബു ജേക്കബ് തെലങ്കാനയിലേക്ക് പറന്നു


25 വര്‍ഷം കഴിയുമ്പോഴേക്കും കേരളം പ്രായമായ അച്ഛനമ്മമാരുടെ നാടായി മാറും തമിഴ്‌നാട്ടിലേക്ക് ഏഴ് ലക്ഷം മലയാളികളാണ് തൊഴില്‍ തേടി പോയിരിക്കുന്നത്

ഞാൻ സ്വയം കേരളത്തിൽ നിന്നും പോകുന്നതല്ലെന്നും തന്നെ ആട്ടിയോടിക്കുകയാണെന്നും കിറ്റക്സ് എം.ഡി സാബു ജേക്കബ്. തെലങ്കാനയിലേക്ക് പുറപ്പെടുംമുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'നമ്മൾ ഇന്നും 50 വർഷം പിന്നിലാണ്. കേരളം മാത്രം മാറിയിട്ടില്ല. ഞാൻ കേരളത്തെ ഉപേക്ഷിച്ചു പോകുന്നതല്ല, എന്നെ ചവിട്ടിപ്പുറത്താക്കിയതാണ്. വേദനയുണ്ട്. വിഷമമുണ്ട്. പക്ഷേ നിവൃത്തിയില്ല. ഒരു വ്യവസായിക്ക് വേണ്ടത് മന:സമാധാനമാണ്. എനിക്ക് കിട്ടാത്തതും അതാണ്. ഒരു മൃഗത്തെ പോലെ എന്നെ വേട്ടയാടി. 45 ദിവസം ഒരാളും തിരിഞ്ഞുനോക്കിയില്ല. എന്റെ കാര്യം വിട്ടേക്ക് എന്നെ നോക്കാൻ എനിക്കറിയാം. പക്ഷേ ഈ നാട്ടിലെ ചെറുപ്പക്കാർ, പുതിയ സംരംഭകർ അവരെ രക്ഷിക്കാൻ ഒറ്റക്കെട്ടായി നിന്നുകഴിഞ്ഞാൽ കേരളത്തെ മാറ്റാം. കേരളത്തെ മാറ്റിയെ പറ്റൂ'-സാബു ജേക്കബ് പറഞ്ഞു

സാബു ജേക്കബിന്റെ വാക്കുകളിലേക്ക്

ഞാൻ സ്വന്തമായിട്ട് പോകുന്നതല്ല. എന്നെ ആട്ടിയോടിക്കുന്നതാണ്. ചവിട്ടി പുറത്താക്കുന്നതാണ്. കേരളത്തിൽ ഒട്ടനവധി വ്യവസായികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ നാട്ടിൽ നിന്ന് നാടുകടത്തപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഇനിയൊരു വ്യവസായിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടാകരുത്. കേരളം മാറുകയും ചിന്തിക്കുകയും വേണം. 53 വർഷമായിട്ട് കേരളത്തിൽ ഒരു വ്യവസായിക ചരിത്രം സൃഷ്ടിച്ച, വിപ്ലവം സൃഷ്ടിച്ച ഒരു വ്യവസായിയുടെ അവസ്ഥ ഇതാണെങ്കിൽ 10000 വും 20000 ഒക്കെ മുടക്കി ജീവിതം തന്നെ പണയം വെച്ച് ബിസിനസ് നടത്തുന്നവരുടെ അവസ്ഥ എന്താണെന്ന്. ഇന്ന് കേരളത്തിൽ നിന്ന് 53 ലക്ഷം ആളുകളാണ് തൊഴിൽ തേടി പുറം രാജ്യങ്ങളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും പോയിരിക്കുന്നത്.

ഇത്തരത്തിൽ മുന്നോട്ട് പോയാൽ ഒരു 25 വർഷം കഴിയുമ്പോഴേക്കും കേരളം പ്രായമായ അച്ഛനമ്മമാരുടെ നാടായി മാറും. ഒറ്റകുട്ടികൾ പോലും ഈ കേരളത്തിൽ ഉണ്ടാകില്ല. 

നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് ഏഴ് ലക്ഷം മലയാളികളാണ് തൊഴിൽ തേടി പോയിരിക്കുന്നത്. എന്നാൽ 2020 കാലഘട്ടത്തിൽ ഒട്ടനധി തമിഴന്മാർ കേരളത്തിലുണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ജോലിക്കാരായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ മലയാളികൾ അന്യസംസ്ഥാനങ്ങളിൽ പോയി ജോലിചെയ്ത് ജീവിക്കേണ്ട സാഹചര്യമാണ്.

ഇത് എന്റെ മാത്രം പ്രശ്നമായിട്ട് ആരും കണക്കാക്കരുത്. മലയാളികളുടെ പ്രശ്നമാണ് സ്ത്രീകളുടെ പ്രശ്നമാണ്. ഇവിടെ പഠിച്ചിറങ്ങുന്ന ചെറുപ്പക്കാരുടെ പ്രശ്നമാണ്. സർക്കാരിന്റെ ചിന്താഗതിക്ക് മാറ്റംവന്നില്ലെങ്കിൽ വലിയൊരു ആപത്തിലേക്കാണ് കേരളം പോകുന്നത്. 

എനിക്കൊന്നും സംഭവിക്കാനില്ല കാരണം ഇന്ത്യയിലെ ഏത് സംസ്ഥാനത്തോ ഏത് രാജ്യത്തോ പോയി എനിക്ക് ബിസിനസ് ചെയ്യാം കാരണം അവിടെ രണ്ട് കയ്യും നീട്ടി അവർ സ്വീകരിക്കും. 

ഈ നാട്ടിൽ ഞാൻ 3500 കോടി രൂപയുടെ നിക്ഷേപം ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞിട്ടു പോലും ആരും തിരിഞ്ഞു നോക്കിയില്ല.

ഇവിടെ നിന്നും ഒരാളും എന്നെ വിളിച്ചില്ല. പക്ഷേ ഒൻപത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നെ വിളിച്ചു. 

അവിടെയുള്ള വ്യവസായികൾ എന്നെ വിളിച്ചു. ഇന്നിപ്പോൾ നമുക്കുവേണ്ടി ഒരു സ്വകാര്യ ജെറ്റാണ് അയച്ചിരിക്കുന്നത്. ഈ ലോകം വ്യവസായികപരമായി എത്ര മാറിയിരിക്കുന്നുവെന്ന് നമ്മൾ മനസിലാക്കണം. 

നമ്മുടെ അന്യസംസ്ഥാനങ്ങൾ എത്രത്തോളം മാറി. പക്ഷേ നമ്മൾ ഇന്നും 50 വർഷം പിന്നിലാണ്.

No comments