Featured Posts

Breaking News

ടെക്നോളജിയുടെ ഭാവി: ഭയവും പ്രതീക്ഷയും - സുന്ദര്‍ പിച്ചൈ


സമീപകാലത്തെ ഏറ്റവും ആഴത്തിലുള്ള അഭിമുഖങ്ങളിലൊന്നാണ് ഗൂഗിൾ മേധാവിയായ സുന്ദര്‍ പിച്ചൈ ബിബിസിക്കു നല്‍കിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുതൽ കോവിഡ് ദുരന്തം വരെ അഭിമുഖത്തിൽ ചർച്ചയായി. നിർമിത ബുദ്ധി മനുഷ്യരാശിയെ ആഴത്തില്‍ ഗ്രസിക്കാനിരിക്കുകയാണ്. അത് തീ, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവയേക്കാളേറെ ആഘാതമുണ്ടാക്കുമെന്നും സാങ്കേതികവിദ്യയുടെ ഉന്നതങ്ങളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നേരിട്ടറിവുള്ള പിച്ചൈ പറയുന്നു. സ്വതന്ത്രവും തുറന്നതുമായ ഇന്റര്‍നെറ്റിനെതിരെ ലോകമെമ്പാടും ആക്രമണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റേതു കമ്പനിയേക്കാളുമേറെ കഴിഞ്ഞ 23 വര്‍ഷത്തോളമായി ഇന്റര്‍നെറ്റിനെ വളര്‍ത്തുന്നതില്‍ പങ്കുവഹിച്ച കമ്പനിയാണ് ഗൂഗിള്‍ എന്നകാര്യത്തില്‍ സംശയമില്ല. പിച്ചൈ പറഞ്ഞതില്‍ പ്രസക്തമായ ചില കാര്യങ്ങള്‍ പരിശോധിക്കാം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

എഐ ഒരു കടലാസു പുലി മാത്രമാണെന്നും അതിനെപ്പേടിക്കേണ്ടന്നും, ഇത്തരം ഭയം വ്യവസായ വിപ്ലവത്തിനു മുൻപും കംപ്യൂട്ടറും ഇന്റര്‍നെറ്റും വ്യാപകമാകാന്‍ തുടങ്ങിയ സമയത്തും ഉണ്ടായിരുന്നു എന്നും അവയെല്ലാം മനുഷ്യരാശിക്കു ഗുണകരമാകുകയാണ് ചെയ്തതെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു. അതേസമയം, മറ്റൊരു ടെക്‌നോളജി സാമ്രാട്ടും സ്‌പേസ്എക്‌സ് മേധാവിയുമായ ഇലോണ്‍ മസ്‌ക് പറയുന്നത് താമസിയാതെ എല്ലാ ജോലിയും എഐ ആയിരിക്കും ചെയ്യുക എന്നാണ്. മനുഷ്യന്‍ അവസാനമായി ചെയ്യാന്‍ പോകുന്ന ജോലി എഐക്കു പ്രോഗ്രാമെഴുതുക എന്നതായിരിക്കുമെന്നും മസ്ക് പറയുന്നു. എഐ വികസിപ്പിക്കുന്നതില്‍ നേരിട്ടു പങ്കുവഹിക്കുന്ന പിച്ചൈ പറയുന്നത് നിശ്ചയമായും മനുഷ്യര്‍ ഇതുവരെ കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും പ്രധാനമായ സാങ്കേതികവിദ്യ ഇതായിരിക്കുമെന്നാണ്.

തീ, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നതിനെല്ലാം അപ്പുറത്തായിരിക്കും അതിന്റെ സ്വാധീനശക്തിയെന്നും പിച്ചൈ പ്രവചിക്കുന്നു. ഇനി ഇതൊക്കെ എന്നെങ്കിലും നടന്നേക്കാവുന്ന കാര്യമായി മാറ്റിവച്ച് ആശ്വസിക്കാമെങ്കില്‍ അതിനും സാധ്യതയില്ല. അടുത്ത 25 വര്‍ഷത്തിനിടയില്‍ ലോകത്തെ വിപ്ലവകരമായ രീതിയില്‍ മാറ്റിമറിക്കാനൊരുങ്ങുകയാണ് എഐയും ക്വാണ്ടം കംപ്യൂട്ടിങും എന്നാണ് ടെക്‌നോളജിയുടെ നേരറിയാവുന്ന പിച്ചൈ പറയുന്നത്. മനുഷ്യര്‍ വികസിപ്പിക്കുന്ന ഏറ്റവും തീക്ഷ്ണമായ (profound) സാങ്കേതികവിദ്യ ആയിരിക്കും എഐ. അതിന്റെ കേന്ദ്രം മനുഷ്യന്റെ ബുദ്ധി, യന്ത്രങ്ങളില്‍ പ്രതിഫലിപ്പിക്കാനുള്ള ശ്രമമാണ്. പല എഐ സിസ്റ്റങ്ങളും ഇപ്പോള്‍ത്തന്നെ പലതരം പ്രശ്‌നങ്ങള്‍ക്ക് മനുഷ്യരേക്കാള്‍ മികച്ച രീതിയില്‍ പരിഹാരം കാണാനുള്ള ശേഷി ആര്‍ജിച്ചു കഴിഞ്ഞു.

ക്വാണ്ടം കംപ്യൂട്ടിങ്

ക്വാണ്ടം കംപ്യൂട്ടിങ് മറ്റൊരു വ്യത്യസ്തമായ പ്രതിഭാസമാണ്. സാധാരണ കംപ്യൂട്ടിങ് ബൈനറിയാണ് (0,1 എന്ന അക്കങ്ങള്‍ മാത്രം ഉപയോഗിച്ച് കംപ്യൂട്ടറില്‍ വിവരങ്ങള്‍ സംഭരിച്ചുവെക്കുന്ന രീതി). പദാര്‍ഥങ്ങളുടെ അവസ്ഥ ഇതാണെന്ന രീതിയിലാണ് സാധാരണ കംപ്യൂട്ടിങ് നടത്തുന്നത്. ഇവയെയാണ് ബിറ്റുകള്‍ (bits) എന്നു വിളിക്കുന്നത്. എന്നാല്‍ ക്വാണ്ടം കംപ്യൂട്ടിങ് സബ്അറ്റോമിക് ലെവലില്‍, അണുവിനേക്കാള്‍ ചെറിയ അവസ്ഥകളില്‍, വസ്തുക്കള്‍ വ്യത്യസ്തമായി പെരുമാറുന്നുവെന്ന കണ്ടെത്തലില്‍ ഊന്നിയാണ്. ഇവിടെ പദാര്‍ഥങ്ങള്‍ക്ക് ഒരേസമയം 1ഉം, 0വും ആകാം. അല്ലെങ്കില്‍ ഇവയ്ക്കു രണ്ടിനുമിടയിലുള്ള ഒരു സ്‌പെക്ട്രത്തിലും ആകാം. ക്വാണ്ടം കംപ്യൂട്ടറുകള്‍ ക്യുബിറ്റുകളില്‍ (quibits) ഊന്നിയാണ്. എളുപ്പത്തിൽ വിശദീകരിക്കാനാകാത്ത ഒന്നാണ് ക്വാണ്ടം കംപ്യൂട്ടിങ്. ഈ മേഖലയില്‍ നടത്തിയിരിക്കുന്ന മുന്നേറ്റങ്ങളും ആവേശകരമാണെന്നാണ് പിച്ചൈയും മറ്റ് ടെക്‌നോളജി മേധാവികളും പറയുന്നത്. എന്നാല്‍, ക്വാണ്ടം കംപ്യൂട്ടിങ് എല്ലാ മേഖലയിലും ഉപകാരപ്രദമായിരിക്കില്ല. പല കാര്യങ്ങളും ഇന്നത്തെ കംപ്യൂട്ടിങ് രീതി ഉപയോഗിച്ചും ചെയ്യേണ്ടതായി വരും. അതേസമയം, ചില മേഖലകളില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മാറ്റങ്ങളും ക്വാണ്ടം കംപ്യൂട്ടിങ് കൊണ്ടുവരും. ഗൂഗിളിന്റെ ക്രോം ബ്രൗസര്‍, ആന്‍ഡ്രോയിഡ്, തുടങ്ങിയവയെ പരിചരിച്ച് മികച്ചതാക്കിയെടുത്തതിന്റെ കീര്‍ത്തിയുള്ള പിച്ചൈ ഇപ്പോള്‍ അവയേക്കാൾ പലമടങ്ങ് വെല്ലുവിളികള്‍ നേരിടുന്ന മേഖലകളായ എഐയും, ക്വാണ്ടംകംപ്യൂട്ടിങും അടക്കമുള്ള കാര്യങ്ങള്‍ക്കാണ് മേല്‍നോട്ടം വഹിക്കുന്നത്.

സ്വകാര്യതാ നിയമങ്ങള്‍

ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ഡേറ്റാ സ്വകാര്യതാ നിയമങ്ങള്‍ ബലപ്പെടുത്തുകയാണ്. ഇന്റര്‍നെറ്റ് സേര്‍ച്ചിന്റെ കാര്യത്തില്‍ ഒരു കുത്തകയായ ഗൂഗിള്‍ സ്വകാര്യ ഡേറ്റാ ചോര്‍ത്തുന്നുവെന്ന ആരോപണം എടുത്തു കാണിച്ചപ്പോള്‍ പിച്ചൈ പറഞ്ഞത്, ഗൂഗിള്‍ ഒരു ഫ്രീ സേവനമാണല്ലോ. ഉപയോക്താക്കള്‍ക്ക് എവിടെ വേണമെങ്കിലും പോയി സേര്‍ച്ചു ചെയ്യാമല്ലോ എന്നാണ്. ഇതു തന്നെയാണ് ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും പറയുന്നത്. അതേസമയം, കുത്തക എന്ന പ്രയോഗം ആധുനിക ലോകത്തിന് ചേര്‍ന്ന രീതിയില്‍ മാറ്റണമെന്നാണ് ഫെഡറല്‍ ട്രെയ്ഡ് കമ്മിഷന്റെ മേധാവി ലിന ഖാന്‍ പറയുന്നത്. 


സ്വതന്ത്ര ഇന്റര്‍നെറ്റ് ഭീഷണി നേരിടുന്നു

ടെക്‌നോളജി കമ്പനികളുടെ ആധിപത്യത്തെ വിവിധ ജനാധിപത്യ രാജ്യങ്ങള്‍ ചോദ്യം ചെയ്യുകയാണിപ്പോള്‍. ഈ കമ്പനികളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാനും പലരും ആഗ്രഹിക്കുന്നു. അതേസമയം, സിലിക്കന്‍ വാലി കമ്പനികള്‍ ചരിത്രത്തെപ്പോലും ദ്രുതഗതിയിലാക്കുകയാണ്. ഇന്റര്‍നെറ്റിന്റെ മാറുന്ന സ്വഭാവത്തെക്കുറിച്ചുമുണ്ട് പിച്ചൈയ്ക്കു പറയാന്‍. ആദ്യമായി ആഗോള ഇന്റര്‍നെറ്റില്‍ നിന്ന് വേര്‍പെട്ടു പ്രവര്‍ത്തിച്ച രാജ്യമാണ് ചൈന. പിന്നീട് റഷ്യയും ആ മാര്‍ഗം കൈക്കൊണ്ടു. ഇന്ത്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും അത്തരം സാധ്യതകള്‍ ആരായുന്നുണ്ടെന്നുള്ള അഭ്യൂഹം ഇപ്പോള്‍ കേള്‍ക്കുന്നു. ചൈനയുടെ ഇന്റര്‍നെറ്റ് ഭരണഘടനാ പരമായ ഉത്തരവാദിത്വമില്ലാത്ത നേതാക്കന്മാര്‍ ചെയ്യുന്നതു പോലെയാണ് കൈകാര്യം ചെയ്യുന്നതെന്നു പറയുന്നു. ഇന്റര്‍നെറ്റ് വഴി ചൈനീസ് പൗരന്മാരുടെ ചെയ്തികള്‍ സർക്കാർ വ്യാപകമായി നിരീക്ഷിക്കപ്പെടുന്നുവെന്നും ആരോപണമുണ്ട്. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ പിച്ചൈ നല്‍കിയ ഉത്തരം സ്വതന്ത്രവും, തുറന്നതുമായ ഇന്റര്‍നെറ്റിനു നേരെ ആക്രമണം നടക്കുന്നുവെന്നാണ്. ചൈനയുടെ പേരെടുത്തു പറയാതെയാണ് ഇതേക്കുറിച്ച് പിച്ചൈ പോലും പറഞ്ഞത്. ഗൂഗിളിന്റെ ഒരു പ്രൊഡക്ടു പോലും ഔദ്യോഗികമായി ചൈനയില്‍ ലഭ്യമല്ല.


ഹോക്കിങിനെ നേരിട്ടു സന്ദര്‍ശിക്കാനായെങ്കില്‍

പൊങ്ങച്ച പ്രകടനങ്ങള്‍ നടത്താത്ത പിച്ചൈ, അമേരിക്കന്‍ കോണ്‍ഗ്രസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമ്പോള്‍ പോലും മികച്ച പ്രകടനം നടത്തുന്നു. യാതൊരു വെറുപ്പും ജനിപ്പിക്കാത്ത അദ്ദേഹത്തിന്റെ പ്രകടനം കഴിയുമ്പോള്‍ ഗൂഗിളിന്റെ ഓഹരി വില ഇടിയുന്നില്ല. അദ്ദേഹം മാംസം കഴിക്കില്ല, ടെസ്‌ല വാഹനം ഉപയോഗിക്കുന്നു, അലന്‍ ടേണിങ്ങിനെ ബഹുമാനിക്കുന്നു, സ്റ്റീഫൻ ഹോക്കിങ്ങിനെ നേരിട്ടു കണാന്‍ സാധിക്കാതിരുന്നതില്‍ വിഷമിക്കുന്നു, ജെഫ് ബെസോസിന്റെ ബഹിരാകാശ ദൗത്യത്തില്‍ അസൂയ പ്രകടിപ്പിക്കുന്നു തുടങ്ങിയ വിശേഷങ്ങളും അഭിമുഖത്തില്‍ കാണാം.

No comments