സന്തോഷ് ജോർജ് ബഹിരാകാശത്തേക്ക്, ടിക്കറ്റ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ
വെർജിൻ ഗലാക്റ്റിക്കിന്റെ ബഹിരാകാശ വിനോദയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് സന്തോഷ് ജോർജ് കുളങ്ങരയും. നിലവിൽ സന്തോഷ് മാത്രമാണ് ഇന്ത്യയിൽനിന്ന് യാത്രയ്ക്കു ടിക്കറ്റ് എടുത്തിട്ടുള്ളത്. ബ്രിട്ടിഷ് ശതകോടീശ്വരൻ സർ റിച്ചഡ് ബ്രാൻസന്റെ ഉടമസ്ഥതയിലുള്ള വെർജിൻ ഗലാക്റ്റിക് കമ്പനി നടത്തുന്ന ബഹിരാകാശ വിനോദയാത്രയ്ക്ക് ടെസ്‌ല മേധാവി ഇലോൺ മസ്ക് അടക്കമുള്ള പ്രമുഖരും കോടീശ്വരന്മാരും അടക്കം സീറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.
സഞ്ചാരം എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രശസ്തനായ യാത്രികൻ സന്തോഷ് ജോർജ് കുളങ്ങര 24 വർഷം കൊണ്ട് 130 ലേറെ രാജ്യങ്ങളിൽ സഞ്ചരിച്ചുകഴിഞ്ഞു. സഞ്ചാരത്തിന്റെ 1800 എപ്പിസോഡുകൾ ഇതിനകം സംപ്രേഷണം ചെയ്തിട്ടുണ്ട്.
2007 ല്‍ തന്നെ സ്‌പേസ് ടൂറിസത്തിന്റെ ഭാഗമാകാമെന്നു സന്തോഷ് പ്രതീക്ഷിച്ചിരുന്നെങ്കിലും വെർജിൻ ഗലാക്റ്റിക്കിന്റെ യാത്രാശ്രമം വിജയിച്ചതോടെ ഇപ്പോഴാണ് അവസരമൊരുങ്ങിയത്. അടുത്ത വർഷമായിരിക്കും സന്തോഷ് ജോർജിന്റെ യാത്രയെന്നാണ് സൂചന.
രണ്ടരലക്ഷം ഡോളറാണ് (ഏകദേശം 1.8 കോടി രൂപ) യാത്രച്ചെലവ് കണക്കാക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തിന്റെ തൊട്ടരികിലാണ് താനെന്നും വർഷങ്ങൾക്കു മുൻപു പങ്കുവച്ച ഈ വലിയ സ്വപ്നം ഉടൻ സത്യമാകുമെന്നും സന്തോഷ് ജോർജ് കുളങ്ങര നേരത്തേ വിഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.
ബഹിരാകാശത്തേക്കുള്ള ഈ യാത്രയുടെ ഓരോ നിമിഷവും അവിടുത്തെ കാഴ്ചകളും മലയാളിക്കു മുന്നിൽ എത്തിക്കുമെന്ന് ഉറപ്പു നൽകിയ സന്തോഷ്, മലയാളികൾക്കു വേണ്ടി മലയാളി നടത്തുന്ന യാത്രയെന്നാണ് അതിനെ വിശേഷിപ്പിച്ചത്.