Featured Posts

Breaking News

മാസ്റ്റർ കാർഡിന് റിസർവ് ബാങ്ക് വിലക്ക്; നിലവിലെ ഉപയോക്താക്കളെ ബാധിക്കില്ല

കൊച്ചി ∙ ബാങ്കുകളുമായി സഹകരിച്ചു കാർഡ് സേവനങ്ങൾ ലഭ്യമാക്കുന്ന പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്ററായ മാസ്റ്റർ കാർഡിനു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ വിലക്കു പുതിയ ഉപയോക്താക്കളെ ചേർക്കുന്നതിൽ മാത്രം. നടപടി നിലവിലെ മാസ്റ്റർ കാർഡ് ഉപയോക്താക്കളെ ബാധിക്കില്ല. അവർക്കു തുടർന്നും കാർഡ് സേവനങ്ങൾ തടസ്സമില്ലാതെ ഉപയോഗിക്കാം. ഈ മാസം 22 മുതൽ പുതിയ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡ് ഉപയോക്താക്കളെ ചേർക്കുന്നതിൽ നിന്നാണു മാസ്റ്റർ കാർഡിനെ ആർബിഐ വിലക്കിയത്. വീസ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും വിപുലമായ പേയ്മെന്റ് കാർഡ് നെറ്റ്‌വർക്കാണു മാസ്റ്റർ കാർഡിന്റെത്.

ഉപയോക്താക്കളുടെ പണമിടപാടു വിവരങ്ങൾ സൂക്ഷിക്കാനുള്ള സെർവർ ഇന്ത്യയിൽ തന്നെ സ്ഥാപിക്കണമെന്ന നിർദേശം പാലിക്കാത്തതിനാലാണു യുഎസ് ആസ്ഥാനമായ മാസ്റ്റർ കാർഡിന് എതിരെ റിസർവ് ബാങ്ക് കടുത്ത നടപടിക്കു തുനിഞ്ഞത്. പേയ്മെന്റ് സിസ്റ്റം ഡേറ്റ സൂക്ഷിക്കുന്ന സെർവർ സംവിധാനം 6 മാസത്തിനകം ഇന്ത്യയിൽ സജ്ജമാക്കണമെന്ന് 2018 ഏപ്രിൽ 6 നാണ് ആർബിഐ നിർദേശിച്ചത്. എന്നാൽ, മാസ്റ്റർ കാർഡ് ഈ നിർദേശം പാലിച്ചില്ല. ഇതേ കാരണത്തിന് ഏപ്രിലിൽ അമേരിക്കൻ എക്സ്പ്രസിനും ആർബിഐ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

രാജ്യത്തെ പല പ്രമുഖ ബാങ്കുകളും പേയ്മെന്റ് കാർഡ് സേവനങ്ങൾക്കായി മാസ്റ്റർ കാർഡിനെ ആശ്രയിക്കുന്നുണ്ട്. സ്വകാര്യ മേഖലയിലെ പ്രമുഖരായ എച്ച്ഡിഎഫ്സി, യെസ്, ഐസിഐസിഐ, ആർബിഎൽ, ഇൻഡസ് ഇൻഡ്, ആക്സിസ് തുടങ്ങിയ ബാങ്കുകളാണു മാസ്റ്റർ കാർഡുമായി സഹകരിച്ചു തങ്ങളുടെ ഇടപാടുകാർക്കു കാർഡ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ഇവയിൽ പല ബാങ്കുകളും വീസ ഉൾപ്പെടെ മറ്റു കാർഡ് ദാതാക്കളുമായും സഹകരിക്കുന്നുണ്ട്.

എന്നാൽ, യെസ് ബാങ്ക്, ആർബിഎൽ എന്നിവ കാർഡ് സേവനങ്ങൾക്കായി പൂർണമായും ആശ്രയിക്കുന്നതു മാസ്റ്റർ കാർഡിനെയാണ്. പുതിയ ഉപയോക്താക്കളെ ചേർക്കാൻ ഈ ബാങ്കുകൾക്ക് മറ്റു കാർഡ് സേവന ദാതാക്കളുമായി സഹകരിക്കേണ്ടി വരും.

No comments