കാബൂൾ വിമാനത്താവളത്തിൽ തിരക്കിൽപെട്ട് 7 മരണം: ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം
കാബൂൾ∙ അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഏഴു പേർ മരിച്ചു. മരിച്ചവരെല്ലാം അഫ്ഗാൻ പൗരന്മാരാണ്. ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
താലിബാൻ അധികാരമേറ്റെടുത്തതോടെ ആയിരങ്ങളാണ് ദിവസവും പലായനത്തിനൊരുങ്ങുന്നത്. യുഎസും മറ്റു രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അഫ്ഗാൻ പൗരന്മാർക്ക് അഭയം കൊടുക്കാൻ മറ്റു രാജ്യങ്ങൾ തയാറായിട്ടുണ്ട്. എന്നാൽ, താലിബാൻ നിരീക്ഷണം ശക്തമാക്കിയത് കൂട്ടഒഴിപ്പിക്കലിന് തടസമായിട്ടുണ്ട്. ജനങ്ങൾ തിരക്ക് കൂട്ടേണ്ടെന്നും ഈ മാസം അവസാനം വരെ രക്ഷാദൗത്യം തുടരുമെന്നും യുഎസ് വ്യക്തമാക്കി.