തമിഴ്നാട്ടിലേക്ക് കടക്കാൻ കടമ്പകൾ ഏറെ; വാക്സീൻ സർട്ടിഫിക്കറ്റ് നിർബന്ധം
തെങ്കാശി∙ ഓണം അവധി ആഘോഷിക്കാൻ അതിർത്തി കടന്നുള്ള യാത്ര വേണ്ട. തമിഴ്നാട്ടിലേക്കു കടക്കാൻ കടമ്പകൾ ഏറെ കടക്കണം. 2 ഡോസ് വാക്സീനെടുത്ത സർട്ടിഫിക്കറ്റ്, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നു കൈയിൽ വേണം. മുൻകാലങ്ങളിൽ അതിര്‍ത്തിക്കപ്പുറത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കേരളീയരുടെ നല്ല തിരക്കായിരുന്നു. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലക്കാരായിരുന്നു തെങ്കാശി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിയിരുന്നത്. തെങ്കാശി വഴി മധുര, വേളാങ്കണ്ണി, കൊടൈക്കനാൽ എന്നിവിടങ്ങളിലും നിരവധി ആളുകള്‍ എത്തുമായിരുന്നു. ഇക്കുറി അതെല്ലാം തെറ്റി.
തെങ്കാശിയിലെ ജലപാതങ്ങളിൽ പ്രവേശനമില്ല
ആവശ്യമായ രേഖകളുമായി തെങ്കാശിയിൽ എത്തിയാലും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. കുറ്റാലം, പഴയ കുറ്റാലം, ഐന്തരുവി എന്നിവിടങ്ങളിലേക്കു സഞ്ചാരികൾക്കു പ്രവേശനമില്ല. ഈ ജലപാതങ്ങളെല്ലാം നിറഞ്ഞൊഴുകുന്നുണ്ടെങ്കിലും ഇവിടേക്ക് കാലുകുത്താൻ തമിഴ്നാട് പൊലീസ് സമ്മതിക്കില്ല. പിന്നെ സാമ്പുവർ വടകരയിലെ സൂര്യകാന്തി പാടം സന്ദര്‍ശിച്ച് മടങ്ങാം.
തമിഴ്നാടിന്റെ നിയന്ത്രണം ഗുണമാകുന്നത് കേരളത്തിന്
മലയാളികള്‍ അതിരു വിട്ടില്ലെങ്കിൽ ഗുണമുണ്ടാകുന്നത് കിഴക്കന്‍ മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കാണ്. പാലരുവി, തെന്മല ഇക്കോടൂറിസം, ശെന്തുരുണി ഇക്കോടൂറിസം എന്നിവിടങ്ങളിൽ ഇക്കുറി നല്ല തിരക്കാണ്. ഇവിടെയും വാക്സീൻ എടുത്ത സർട്ടിഫിക്കറ്റോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉണ്ടെങ്കിലേ അകത്ത് കടക്കാനാകൂ. ഓണം പ്രമാണിച്ച് പൊലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പരിശോധനയും നടക്കുന്നുണ്ട്.
കുംഭാവരുട്ടിയും തുറന്നു
അച്ചൻകോവിൽ കുംഭാവുരുട്ടി ജലപാതവും സഞ്ചാരികൾക്കായി തുറന്നു നൽകി. 2 വർഷമായി അടച്ചിട്ടിരുന്ന ജലപാതം കഴിഞ്ഞ ആഴ്ചയാണ് തുറന്നത്. തമിഴ്നാട്ടിൽനിന്നുള്ള സഞ്ചാരികളാണ് ധാരാളം ഇവിടെ എത്തിയിരുന്നത്. കോവിഡ് ആയതിനാൽ ഇപ്പോൾ മലയാളികൾ മാത്രമാണുള്ളത്.