Featured Posts

Breaking News

കുത്തനെയിടിഞ്ഞ്‌ വരുമാനം, കുത്തുപാളയെടുത്ത്‌ കേരളം; ഇന്ധന,മദ്യ, ലോട്ടറി മേഖലയില്‍ നികുതിവരുമാനത്തില്‍ വന്‍ ഇടിവ്‌, ജി.എസ്‌.ടി. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍


തിരുവനന്തപുരം: കോവിഡ്‌ മഹാമാരിക്കാലം കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കു വലിച്ചെറിയുന്നു. കോവിഡ്‌ രണ്ടാം തരംഗം രൂക്ഷമായ മേയ്‌ മുതല്‍ നികുതിവരുമാനത്തില്‍ വന്‍ ഇടിവ്‌. പെട്രോളിയം ഉത്‌പന്നങ്ങളില്‍നിന്നുള്ള നികുതി വരുമാനം ഗണ്യമായി ഇടിഞ്ഞു. മേയിലെ ജി.എസ്‌.ടി. വരുമാനം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്‌. ഓണം വിപണിയില്‍നിന്നു പ്രതീക്ഷിക്കുന്ന വരുമാനമുണ്ടായില്ലെങ്കില്‍ പ്രതിസന്ധി കടുക്കും.

ജി.എസ്‌.ടി. വരുമാനം കുറഞ്ഞതിനേക്കാള്‍ ധനവകുപ്പിനെ വലയ്‌ക്കുന്നത്‌ പെട്രോള്‍, ഡീസല്‍ നികുതിവരുമാനത്തിലെ ഇടിവാണ്‌. മദ്യത്തില്‍നിന്നുള്ള നികുതിയും ഇന്ധനനികുതിയുമാണു കേരളത്തെ താങ്ങിനിര്‍ത്തിയിരുന്നത്‌. കഴിഞ്ഞ മേയ്‌ മുതല്‍ ഇതു കാര്യമായി കുറഞ്ഞു. ലോട്ടറി വില്‍പ്പനയിലുണ്ടായ തടസങ്ങള്‍ നികുതിയേതര വരുമാനത്തിലും വലിയ ഇടിവുണ്ടാക്കി.

ഈ സാമ്പത്തികവര്‍ഷം ആരംഭിച്ച ഏപ്രിലില്‍ തരക്കേടില്ലാത്ത നികുതിവരുമാനം ലഭിച്ചിരുന്നു. എന്നാല്‍ മേയ്‌ ആയപ്പോഴേക്കും തകിടംമറിഞ്ഞു.
ഏപ്രിലില്‍ സംസ്‌ഥാന ജി.എസ്‌.ടി. വിഹിതമായി (എസ്‌.ജി.എസ്‌.ടി) 1,063.58 കോടി രൂപ പിരിഞ്ഞുകിട്ടിയിരുന്നു. ആ മാസം സംയോജിത ജി.എസ്‌.ടി. വിഹിതമായി (ഐ.ജി.എസ്‌.ടി) 1,222.26 കോടി കേന്ദ്രത്തിനിന്നു കിട്ടുകയും ചെയ്‌തു. അങ്ങനെ ഏപ്രിലില്‍ 2,285.84 കോടി രൂപ ലഭിച്ചിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നും പാചകവാതകത്തില്‍ നിന്നുമൊക്കെയായി 1237.18 കോടി രൂപയും പിരിഞ്ഞുകിട്ടിയിരുന്നു അങ്ങനെ തെരഞ്ഞെടുപ്പു കാലത്ത്‌ ഇവയും മറ്റ്‌ വരുമാനങ്ങളുമെല്ലാം ചേര്‍ന്ന്‌ നികുതിവകുപ്പില്‍ നിന്നുമാത്രം 3,531.35 കോടി രൂപയാണ്‌ ലഭിച്ചത്‌.
തെരഞ്ഞെടുപ്പിന്‌ ശേഷം സ്‌ഥിതിയാകെ മാറി. വീണ്ടും ലോക്ക്‌ഡൗണിലേക്ക്‌ പോകേണ്ടിവന്നതോടെ വരുമാന നഷ്‌ടം തുടങ്ങി.

മേയില്‍ എസ്‌.ജി.എസ്‌.ടിയായി 481.50 കോടി രൂപ മാത്രമാണു ലഭിച്ചത്‌. ഐ.ജി.എസ്‌.ടി വിഹിതമായി 566.12 കോടി രൂപ ലഭിച്ചു. അങ്ങനെ മൊത്തം ജി.എസ്‌.ടി. വരുമാനം 1,047.62 കോടി രൂപ മാത്രമായിരുന്നു. പെട്രോള്‍ വില വര്‍ധിക്കുന്നതിനൊപ്പം നികുതിവരുമാനം കൂടുമെന്ന പ്രതീക്ഷയും അസ്‌ഥാനത്തായി. പെട്രോള്‍, പാചകവാതകം എന്നിവയില്‍ നിന്ന്‌ ലഭിച്ചത്‌ വെറും 789.40 കോടി രൂപയാണ്‌.

ജൂണിലും കാര്യങ്ങള്‍ മെച്ചമായില്ല. ലോക്ക്‌ഡൗണില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങിയെങ്കിലും ജൂലൈയിലൂം സ്‌ഥിതി മെച്ചപ്പെട്ടില്ല.
ജൂണില്‍ എസ്‌.ജി.എസ്‌.ടിയായി 438.45 കോടി രൂപ മാത്രമാണ്‌ ലഭിച്ചത്‌. ജൂലൈയില്‍ എസ്‌.ജി.എസ്‌.ടിയില്‍ നിന്നുണ്ടായ വരുമാനം 750.56 കോടി രൂപ മാത്രമായിരുന്നു. ഐ.ജി.എസ്‌.ടി. വിഹിതമായി ജൂലൈയില്‍ 1,088.27 കോടി രൂപ ലഭിച്ചിരുന്നു. ജൂലൈ വരെ ജി.എസ്‌.ടി. നഷ്‌ടപരിഹാരമായി 6,0617 കോടി രൂപ ലഭിക്കേണ്ടിയിരുന്നതില്‍നിന്ന്‌ കഴിഞ്ഞ മാസം 4,122.27 കോടി രൂപ ലഭിച്ചത്‌ ആശ്വാസമായി. എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനത്തിലെ ഇടിവ്‌ ആശങ്കയായി തുടരുന്നു. ജൂലൈയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നു ലഭിച്ചത്‌ 582 കോടി രൂപ മാത്രമാണ്‌. മദ്യത്തില്‍ നിന്ന്‌ 764.46 കോടി രൂപ ലഭിച്ചു.

No comments