Featured Posts

Breaking News

ഫോണ്‍ ഇല്ലാത്തതിന്റെപേരില്‍ ഓണ്‍ലൈന്‍ ക്ലാസ് നഷ്ടപ്പെടരുത്; സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി


കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ അധ്യയനം അവതാളത്തിലായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി കോടതിയുടെ ഇടപെടല്‍. സ്മാര്‍ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാർഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടരുതെന്ന് കോടതി നിർദേശിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള ഏഴ് കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിന് തടസ്സം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

വിദ്യാര്‍ഥികളുടെ പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതിന് ഇടപെടല്‍ നടത്തണമെന്ന് ചീഫ് സെക്രട്ടറിയോടെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയോടും കോടതി നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ പഠനസൗകര്യം ആര്‍ക്കും നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ ക്‌ളാസുകള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ എടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

പഠനസൗകര്യങ്ങള്‍ ഇല്ലാത്ത കാര്യം രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക വെബ്‌സൈറ്റ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കണം. സംസ്ഥാന ഐടി മിഷനുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. ഇതിലൂടെ സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും തങ്ങളുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയും. വ്യക്തികളും സ്ഥാപനങ്ങളും വിദേശമലയാളികളും അടക്കം സഹായങ്ങള്‍ ചെയ്യാന്‍ കഴിയുന്നവര്‍ക്ക് സഹായം ഉറപ്പാക്കാന്‍ കഴിയുന്ന സുതാര്യമായ ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഈ ആഴ്ചതന്നെ കേസ് വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്. അപ്പോള്‍ ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഇതുസംബന്ധിച്ച് നിലപാട് അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

No comments