Featured Posts

Breaking News

ഹെലിക്കോപ്റ്ററുകളും വിമാനങ്ങളും നശിപ്പിക്കപ്പെട്ട നിലയില്‍; കാബൂള്‍ വിമാനത്താവളം കൈയടക്കി താലിബാന്‍


കാബൂള്‍: വിദേശ രാജ്യങ്ങളുടെ സൈനികരെല്ലാം അഫ്ഗാന്‍ വിട്ട് മണിക്കൂറുകള്‍ക്കുശേഷം കാബൂളിലെ ഹാമിദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളം കൈയടക്കി താലിബാന്‍. പ്രത്യേക സേനാ വിഭാഗത്തിന്റെ യൂണിഫോം ധരിച്ച സംഘങ്ങള്‍ യു.എസ്. ഉപേക്ഷിച്ചുപോയ വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും പരിശോധന നടത്തി.

കാബൂള്‍ വിമാനത്താവളം അലങ്കോലമായ നിലയിലാണ് ഇപ്പോഴുള്ളത്. ടെര്‍മിനല്‍ തകര്‍ക്കപ്പെട്ട അവസ്ഥയിലാണ്. വിമാനത്താവളത്തിന്റെ പ്രവേശനകവാടങ്ങളുടെ തറയില്‍ ശൂന്യമായ ബുള്ളറ്റ് കേസുകള്‍ ചിതറിക്കിടക്കുകയാണ്. അഫ്ഗാന്‍ വിടുന്നതിനുമുമ്പ് അമേരിക്ക നശിപ്പിച്ച ഡസന്‍ കണക്കിന് സൈനിക ഹെലികോപ്ടറുകളുടെയും വിമാനങ്ങളുടെയും അവശിഷ്ടങ്ങളും വിമാനത്താവളത്തില്‍ ശേഷിക്കുന്നുണ്ട്.

യു.എസിന്റെ അവസാന സൈനികവിമാനം അഫ്ഗാന്‍ വിടുന്നതിനു മുമ്പ് തങ്ങളുടെ ഹെലികോപ്റ്ററുകളും കവചിത വാഹനങ്ങളും യു.എസ്. ഉപയോഗശൂന്യമാക്കിയിരുന്നു. വിമാനത്താവളത്തെ റോക്കറ്റാക്രമണത്തില്‍നിന്നു സംരക്ഷിക്കുന്നതിന് സ്ഥാപിച്ചിരുന്ന സംവിധാനവും നശിപ്പിച്ചതായി യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ കെന്നെത്ത് മെക്കയ്ന്‍ അറിയിച്ചിരുന്നു. വിമാനങ്ങളുടെ കോക്പിറ്റുകളുടെ ജനാലകള്‍ തകര്‍ക്കുകയും ടയറുകള്‍ ഊരിമാറ്റുകയും ചെയ്തു. ഇത്തരത്തില്‍ 73 വിമാനങ്ങളാണ് യു.എസ്. ഉപേക്ഷിച്ചുപോയത്.





താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദിന്റെ നേതൃത്വത്തില്‍ ഒരുസംഘമാണ് വിമാനത്താവളം പിടിച്ചെടുത്തുവെന്ന അവകാശവാദം ഉന്നയിച്ചത്. താലിബാന്‍ തീവ്രവാദികള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും തോക്കുകള്‍ ചുഴറ്റി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. വിമാനത്താവളത്തിലേക്കുള്ള വഴികളില്‍ സ്ഥാപിച്ചിരുന്ന ചെക്ക്‌പോസ്റ്റുകള്‍ നീക്കംചെയ്തിട്ടുണ്ട്.



വിമാനത്താവളത്തില്‍ സുരക്ഷാ പ്രശ്നം നിലനില്‍ക്കുന്നുണ്ടെങ്കിലും ഏതെങ്കിലും വിദേശരാജ്യത്തിന്റെ സൈനിക സാന്നിധ്യം അഫ്ഗാനില്‍ അനുവദിക്കല്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 14-ന് രക്ഷാദൗത്യം തുടങ്ങിയതിനുശേഷം കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനുമായി 6000 സൈനികരെയാണ് യു.എസ്. വിന്യസിച്ചത്. ഏകദേശം മില്യണ്‍ ഡോളര്‍ വില വരുന്ന 70 എം.ആര്‍.എ.പി. കവചിത വാഹനങ്ങളും 27 ഹംവീസും യു.എസ്. ഉപയോഗശൂന്യമാക്കിയവയില്‍ ഉള്‍പ്പെടുന്നു.

No comments