Featured Posts

Breaking News

1300 കോടി മുടക്കി ഇന്ത്യ നിർമിച്ച പാർലമെന്റ്; തോക്കേന്തി വിലസി താലിബാൻ


അഫ്ഗാനിസ്ഥാൻ പാർലമെന്റ് മന്ദിരം നിർമിച്ചുനൽകിയത് ഇന്ത്യയാണ്. അഞ്ചു വർഷം മുൻപു പ്രധാനമന്ത്രി നരേന്ദ്രമോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയും ചേർന്നായിരുന്നു ഉദ്ഘാടനം. അഫ്ഗാൻ ജനതയ്ക്കുള്ള ഇന്ത്യയുടെ ഈ സമ്മാനത്തിന് അനുമതി നൽകിയത് 2005ൽ മൻമോഹൻ സിങ് സർക്കാരും

കാബൂളിൽ അഫ്ഗാനിസ്ഥാൻ പാർലമെന്റ് മന്ദിരത്തിനകത്തു തോക്കേന്തിയ താലിബാൻകാർ ചുറ്റിനടക്കുന്ന കാഴ്ച ഇന്ത്യയുടെ സർക്കാർ വൃത്തങ്ങളിൽ അസ്വസ്ഥത പടർത്തി. അഫ്ഗാനിസ്ഥാൻ പാർലമെന്റ് മന്ദിരം നിർമിച്ചുനൽകിയത് ഇന്ത്യയാണ്. അഞ്ചു വർഷം മുൻപു പ്രധാനമന്ത്രി നരേന്ദ്രമോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയും ചേർന്നായിരുന്നു ഉദ്ഘാടനം. അഫ്ഗാൻ ജനതയ്ക്കുള്ള ഇന്ത്യയുടെ ഈ സമ്മാനത്തിന് അനുമതി നൽകിയത് 2005ൽ മൻമോഹൻ സിങ് സർക്കാരും.

ദശകങ്ങൾ നീണ്ട അധിനിവേശങ്ങൾക്കും ആഭ്യന്തരയുദ്ധത്തിനുംശേഷം നമ്മുടെ അയൽരാജ്യത്തു ജനാധിപത്യം പുനർജനിച്ചതിന്റെ ആഹ്ലാദസൂചകമായിരുന്നു അത്. അഫ്ഗാനിലെ വിശേഷപ്പെട്ട സമൻഗാൻ മാർബിൾ ഉപയോഗിച്ചുള്ള നിർമിതിയാണു യഥാർഥത്തിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്ദേശിച്ചത്. സുരക്ഷാപ്രശ്നങ്ങൾ മൂലം പിന്നീട് അതു വേണ്ടെന്നു വച്ചു. ആധുനിക കെട്ടിടനിർമാണ സാമഗ്രികൾ ഉപയോഗിച്ചാണ് ഏകദേശം 1300 കോടി രൂപയുടെ സമുച്ചയം തീർത്തത്.

അണക്കെട്ടുകൾ, റോഡുകൾ, വൈദ്യുതനിലയങ്ങൾ എന്നിങ്ങനെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് അഫ്ഗാനിലെ ഇന്ത്യയുടെ നിക്ഷേപങ്ങളെക്കാൾ പാർലമെന്റ് മന്ദിരം പൊതുശ്രദ്ധ ആകർഷിച്ചു. ഇപ്പോൾ അഫ്ഗാനിൽ താലിബാന്റെ സ്വേഛ്ഛാധികാരമോ മറ്റൊരു ആഭ്യന്തരയുദ്ധഭീഷണിയോ ഉയരുന്നു. ഇവ രണ്ടിലും പാർലമെന്റ് അപ്രസക്തമാകുന്നു. അഫ്ഗാൻ ജനാധിപത്യത്തിൽ വിശ്വാസമർപ്പിച്ച് ഇന്ത്യ നടത്തിയ നിക്ഷേപങ്ങൾ വെറുതെയായിപ്പോയോ എന്ന ചോദ്യങ്ങൾ വരെ ഉയരുന്നു. എന്നാൽ, അഫ്ഗാനിൽ ഇന്ത്യയുടെ ദൗത്യങ്ങൾ പൂർത്തീകരിക്കപ്പെട്ടെന്നും അഫ്ഗാനിലെ ഒരു തലമുറ മുഴുവനും ഇന്ത്യയുടെ സംഭാവനകളെ നന്ദിയോടെ സ്മരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, അഫ്ഗാനിലെ പ്രതിസന്ധി നീങ്ങിക്കഴിയുമ്പോൾ ഇരുരാജ്യങ്ങൾക്കിടയിൽ നല്ല ബന്ധവും വിശ്വാസവും ഉണ്ടാകുകയും ചെയ്യും.

മറ്റു രാജ്യങ്ങൾക്കു പാർലമെന്റ് മന്ദിരങ്ങൾ നിർമിച്ചു കൊടുക്കുന്ന ഇന്ത്യയുടെ നയതന്ത്രം എപ്പോഴും സന്തോഷകരമായ അനുഭവമായിരുന്നില്ല. ഇന്ത്യ കൊടുത്ത പണം കൊണ്ടാണു പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ പുതിയ പാർലമെന്റ് മന്ദിരം പണിതത്. ബ്രിട്ടിഷ് കോളനിവാഴ്ചയിൽനിന്നു മോചനം നേടിയ രാജ്യം ചേരിചേരാ പ്രസ്ഥാനത്തിൽ ഇന്ത്യയെ ശക്തമായി പിന്തുണച്ചിരുന്നു.

മുംബൈ ആസ്ഥാനമായ കമ്പനിക്കായിരുന്നു നിർമാണച്ചുമതല. വിശാലമായ ലോബികളും കൂറ്റൻ ലെജിസ്ലേറ്റീവ് ചേംബറുമുള്ള ഇരട്ടഗോപുരം ജൂബിലി ഹൗസ് എന്നാണ് ഔദ്യോഗികമായി നാമകരണം ചെയ്തത്. പക്ഷേ, എംപിമാർക്കു ശുഭകരമല്ല പുതിയ മന്ദിരം എന്ന അന്ധവിശ്വാസം പ്രചരിച്ചതോടെ പാർലമെന്റ് മറ്റൊരിടത്തേക്കു മാറ്റി. ജൂബിലി ഹൗസ് ഒടുവിൽ പ്രസിഡന്റിന്റെ കൊട്ടാരമായി മാറി. പാർലമെന്റ് മന്ദിരം ഘാന ഉപേക്ഷിച്ചതു ഇന്ത്യയിൽ നിരാശയുണ്ടാക്കിയെങ്കിലും മറ്റൊരു പരമാധികാര രാജ്യത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന നിലപാടാണു ഡൽഹി സ്വീകരിച്ചത്.

മധ്യപ്രദേശിൽ ചില നിയമസഭാംഗങ്ങളുടെ മരണം അടുപ്പിച്ചു സംഭവിച്ചപ്പോൾ ഭോപാലിലെ പുതിയ നിയമസഭാമന്ദിരം ശാപം കിട്ടിയതാണെന്നും പ്രേതബാധയുള്ളതാണെന്നും പ്രചാരണമുണ്ടായി. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ കെട്ടിടത്തിന് ഒരു കുഴപ്പവുമില്ലെന്ന നിലപാടു സ്വീകരിച്ചു. എന്നിട്ടും, ഇപ്പോഴും ശുദ്ധികർമം നടത്തിയശേഷമാണ് ഓരോ പുതിയ സ്പീക്കറും സ്ഥാനമേൽക്കുന്നത്.

ഘാന അനുഭവം നയതന്ത്രജ്ഞരുടെ ഉത്സാഹം കെടുത്തിയെങ്കിലും ഇന്ത്യ ആഫ്രിക്കൻ രാജ്യങ്ങളായ എസ്വാട്ടീനിക്കും ഗാംബിയയ്ക്കും പാർലമെന്റ് മന്ദിരം പണിയാൻ വായ്പ അനുവദിക്കുകയുണ്ടായി. സമ്പന്നമായ ജനാധിപത്യരാജ്യങ്ങൾ ദുർബലമായ ജനാധിപത്യ രാജ്യങ്ങൾക്ക്, വിശേഷിച്ചും ആഫ്രിക്കൻ രാജ്യങ്ങൾക്കു പാർലമെന്റ് മന്ദിരം നിർമിച്ചുനൽകുന്നതു രാജ്യാന്തര നയതന്ത്രത്തിന്റെ ഭാഗമാണെങ്കിലും കമ്യൂണിസ്റ്റ് സ്വേച്ഛാധികാരം നിലനിൽക്കുന്ന ചൈന, നേപ്പാൾ അടക്കം 18 രാജ്യങ്ങൾക്കാണു പാർലമെന്റ് മന്ദിരങ്ങൾ നിർമിക്കാൻ ഉദാരമായി സഹായം നൽകിയത്.

നവാസ് ഷരീഫ് പ്രധാനമന്ത്രിയായിരിക്കെ പാക്കിസ്ഥാൻ മാലദ്വീപിനു പുതിയ പാർലമെന്റ് മന്ദിരം നിർമിച്ചുനൽകി. കരീബിയൻ ദ്വീപ് രാജ്യമായ ജമൈക്ക പുതിയ പാർലമെന്റ് മന്ദിരം നിർമിച്ചപ്പോൾ അതിനുള്ള സാമ്പത്തികസഹായം നൽകിയതു യുഎസിലും യൂറോപ്പിലും താമസമാക്കിയ സമ്പന്നരായ ജമൈക്കൻ വംശജരായിരുന്നു. മറ്റൊരു കരീബിയൻ ദ്വീപുരാജ്യമായ ഗ്രനാഡയിൽ സഹായമെത്തിച്ചതു യുഎഇയും ഓസ്ട്രേലിയയും ചേർന്നായിരുന്നു. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിക്കു ഗ്രാന്റ് നൽകിയതാകട്ടെ സ്വേച്ഛാധികാര രാഷ്ട്രമായ ഉത്തര കൊറിയയായിരുന്നു.

കോളനിവാഴ്ചയുടെ പാരമ്പര്യമുള്ള പല രാജ്യങ്ങളും കോളനികാല മന്ദിരത്തിൽതന്നെ പാർലമെന്റ് തുടർന്നു. ഏഴു ദശകത്തിലേറെ ബ്രിട്ടിഷ് നിർമിത പാർലമെന്റ് മന്ദിരം ഉപയോഗിച്ച ഇന്ത്യയ്ക്കു രണ്ടു വർഷത്തിനകം പുതിയ പാർലമെന്റ് മന്ദിരമാകും. ഇപ്പോഴത്തെ പാർലമെന്റ് മന്ദിരമാകട്ടെ ജനാധിപത്യത്തിന്റെ മ്യൂസിയം എന്ന നിലയിൽ പരിരക്ഷിക്കും.

ശ്രീലങ്കയിൽ കൊളംബോയിലെ വാണിജ്യമേഖലയിൽ സ്ഥിതി ചെയ്യുന്ന പഴയ പാർലമെന്റ് മന്ദിരം ചൈനീസ് കമ്പനിക്കു പാട്ടത്തിനു കൊടുക്കാനുള്ള നീക്കം വിവാദമായിട്ടുണ്ട്. കൊളംബോയ്ക്കു പുറത്ത് ശ്രീജയവർധനെപുര കോട്ടയിലാണു ലങ്കയുടെ പുതിയ പാർലമെന്റ് മന്ദിരം സ്ഥാപിച്ചിട്ടുള്ളത്.

No comments