കോവിഡ് വ്യാപനം കുറഞ്ഞു; കർണാടകയിൽ സ്കൂളുകൾ തുറന്നു
ബെംഗളൂരു∙ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ശതമാനത്തിന് താഴെ എത്തിയതോടെ കർണാടകയിൽ സ്കൂളുകൾ തുറന്നു. 18 മാസങ്ങൾക്കു ശേഷമാണ് 9–ാം ക്ലാസ് മുതൽ പ്രീ യൂണിവേഴ്സിറ്റി വരെയുള്ള ക്ലാസുകൾ തുടങ്ങിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പ്രവർത്തനം. ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ ഓൺലൈൻ പഠനം തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടു ശതമാനത്തിന് മുകളിലുള്ള അഞ്ചു ജില്ലകളിൽ സ്കൂളുകൾ തുറന്നില്ല.
സാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മല്ലേശ്വരത്തെ പ്രീ യൂണിവേഴ്സിറ്റി കോളജിൽ നേരിട്ടെത്തി. കോവിഡിന്റെ മൂന്നാം തരംഗം പ്രതിരോധിക്കാൻ അതീവ കരുതൽ സ്വീകരിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞമാസം കോളജുകൾ തുറന്നിരുന്നു. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ഓഫിസുകളും ഒരു മാസത്തിലധികമായി തുറന്നു പ്രവർത്തിക്കുന്നുണ്ട്.
തമിഴ്നാട്ടിൽ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളജുകളും സെപ്റ്റംബർ ഒന്നിന് തുറക്കും. സിനിമ തിയറ്ററുകളും ബാറുകളും നിയന്ത്രണങ്ങളോടെ ഇന്നുമുതൽ തുറന്നു. ബീച്ച്, പാർക്കുകൾ എന്നിവിടങ്ങളിൽ സന്ദർശകർക്ക് പ്രവേശന അനുമതി നൽകിയിട്ടുണ്ട്.