പാർട്ടിയിലെ ഭിന്നത ലീഗിന് തലവേദനയാകുന്നു; ഭിന്നത മുതലെടുക്കാൻ സി.പി.എം.
കോഴിക്കോട്: കഠ്‌വ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന സി.കെ. സുബൈറിനും സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനുമെതിരേ പരസ്യ ആരോപണവുമായി രംഗത്ത് വന്നത് മുതൽ ലീഗിന്റെ കണ്ണിലെ കരടായിരുന്നു മുഈനലി ശിഹാബ് തങ്ങൾ. കഠ്‌വ ഇരയ്ക്ക് വേണ്ടി പിരിച്ച ഫണ്ട് സി.കെ. സുബൈറും പി.കെ. ഫിറോസും ചേർന്ന് വകമാറ്റിയെന്ന ഗുരുതര ആരോപണത്തിൽ അന്ന് സുബൈറിന് നഷ്ടപ്പെട്ടത് പ്രതീക്ഷിച്ചിരുന്ന നിയമസഭാ സീറ്റ് വരെയാണ്.
സംഭവവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിച്ച് മുന്നോട്ട് പോവാൻ ലീഗ് നേതൃത്വം ഏറെ പണിപ്പെട്ടു. ഇതിന് പിന്നാലെ പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരുന്നതിനെതിരേ പരസ്യമായി ഫെയ്സ് ബുക്ക് പോസ്റ്റിട്ട് വിവാദ നായകനായതും മുഈനലി തന്നെ. ഇതിനെല്ലാം പുറകെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ലീഗ് ഹൗസിൽ ഉണ്ടായ സംഭവവും.
പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മകനെന്ന പരിഗണന കൊണ്ട് കാര്യമായ നടപടികളിൽനിന്ന് ഇതുവരെ മുഈനലി ശിഹാബ് തങ്ങൾ രക്ഷപ്പെട്ടു പോയെങ്കിൽ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. പക്ഷെ, നടപടിയെടുത്താലും എടുത്തില്ലെങ്കിലും പ്രതിസന്ധിയിലാകുമെന്ന അവസ്ഥയിലാണ് ലീഗ് നേതൃത്വമുള്ളത്. അതുകൊണ്ടു തന്നെ നാളെ നടക്കുന്ന യോഗം ലീഗിനെ സംബന്ധിച്ച് നിർണായകവുമാണ്.
മുഈനലിക്ക് യാതൊരു റോളുമില്ലാതിരുന്ന ചന്ദ്രികയുടെ ആരോപണവുമായി ബന്ധപ്പെട്ട് കമ്പനിയുടെ വക്കീൽ കഴിഞ്ഞ ദിവസം നടത്തിയ ഒരു പത്രസമ്മേളനത്തിൽ മുഈനലിക്ക് ഇടം കിട്ടിയതും അത് പിന്നീട് നാടകീയ സംഭവങ്ങളിലേക്ക് പര്യവസാനിച്ചതും അത്ര ചെറുതായല്ല ലീഗ് നേതൃത്വം കാണുന്നത്.
ആരോപണത്തിന് തിരികൊളുത്തിയ കെ.ടി. ജലീലിനെ പ്രതിരോധിച്ച് ലീഗിനേയും ഹൈദരാലി ശിഹാബ് തങ്ങളേയും രക്ഷിക്കാനായുള്ള ഒരു പത്രസമ്മേളനത്തിൽ തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരേയും പാർട്ടിക്കെതിരേയും അതീവ ഗുരുതരമായ ആരോപണവുമായി മുഈനലി വന്നതോടെ കെ.ടി. ജലീൽ പ്രഖ്യാപിച്ച യുദ്ധത്തിന് പാർട്ടിക്കുള്ളിൽനിന്ന് തന്നെ വഴിവെട്ടിക്കൊടുക്കുന്നതായി പോയി മുഈനലിയുടെ വെള്ളിയാഴ്ചത്തെ പ്രസ്താവനകൾ. ഇത് എതിരാളികൾ വലിയ ആയുധമാക്കുകയും ചെയ്തു.