'കമ്മ്യൂണിസവും യുക്തിവാദവും ആപത്ത്'; മഹല്ല് കമ്മിറ്റികള്‍ വഴി ബോധവത്കരണത്തിനൊരുങ്ങി സമസ്ത
കോഴിക്കോട്: കമ്യൂണിസത്തിനും യുക്തിവാദത്തിനുമെതിരെ കാമ്പയിനുമായി സമസ്ത. കമ്യൂണിസമെന്നാല്‍ പതിയിരിക്കുന്ന അപകടമാണെന്നാണ് കാമ്പയിനില്‍ പറയുന്നത്.യുക്തിവാദം, നിരീശ്വരവാദം, സ്വതന്ത്രചിന്ത, കമ്യൂണിസം എന്നിവക്കെതിരെ മഹല്ല് കമ്മിറ്റികള്‍ വഴി വിശ്വാസികളെ ബോധവത്കരിക്കാനാണ് തീരുമാനം. സുന്നി മഹല്ല് ഫെഡറേഷനാണ് കാമ്പയിന് നേതൃത്വം നല്‍കുന്നത്. മൂന്നു മാസം നീണ്ടുനിൽക്കുന്ന 'ലൈറ്റ് ഓഫ് മിഹ്‌റാബ്' എന്ന് പേരിട്ട് നടത്തുന്ന കാമ്പയിനിൽ മതവിശ്വാസത്തിന് എതിരായി നിലപാട് എടുക്കുന്ന ആളുകൾക്കെതിരെയുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം കാമ്പയിനിൽ സംസാരിക്കാനുള്ള പ്രഭാഷകരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ എന്തൊക്കെ സംസാരിക്കണമെന്ന് ചർച്ചയായിരുന്നു. ഇതു സംബന്ധിച്ച് കുറിപ്പും പുറത്തിറക്കിയിരുന്നു. കമ്യൂണിസം പതിയിരിക്കുന്ന അപകടമാണെന്നാണ് കുറിപ്പിൽ പറയുന്നത്.രാഷ്ട്രീയപരമായ വിയോജിപ്പല്ല, ആദർശപരമായ വിയോജിപ്പാണ് കമ്യൂണിസത്തോട് ഉള്ളതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. പഴയക കാല കമ്യൂണിസ്റ്റ് നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾ വരെ മതവിശ്വാസികൾക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ചിന്ത വാരികയിൽ 2004ൽ എഴുതിയ ഒരു ലേഖനത്തിലെ വരികൾ ഉദ്ധരിച്ചാണ് ഇക്കാര്യം കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.