Featured Posts

Breaking News

ഇത് ലിംഗവിവേചനം, ഈ മാനസികാവസ്ഥ മാറണം: സ്ത്രീകള്‍ക്കും എന്‍ഡിഎ പരീക്ഷ എഴുതാമെന്ന് സുപ്രീം കോടതി


ന്യൂഡല്‍ഹി: നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍.ഡി.എ) പരീക്ഷ സ്ത്രീകള്‍ക്കും എഴുതാമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. സെപ്തംബര്‍ അഞ്ചിനാണ് ഈ വര്‍ഷത്തെ പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. സുപ്രീം കോടതിയുടെ ഉത്തരവോടെ കൂടതല്‍ സ്ത്രീകള്‍ക്ക് സായുധസേനയുടെ ഭാഗമാകാന്‍ സാധിക്കും.

സായുധസേനയില്‍ സത്രീകള്‍ക്കും പരുഷന്‍മാര്‍ക്കും തുല്യാവസരമില്ലാത്തതിനെ മാനസികാവസ്ഥയുടെ പ്രശ്നമെന്നാണ് കോടതി വിശേഷിപ്പിച്ചത്. നിങ്ങള്‍ മാനസികാവസ്ഥ മാറ്റാന്‍ തയ്യാറാകണമെന്നും സര്‍ക്കാരിന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷണ്‍ കൗള്‍, ഋഷികേഷ് റോയ് എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹര്‍ജിയില്‍ വാദം കേട്ട് ഇടക്കാല ഉത്തരവിട്ടത്.

ജുഡീഷ്യറിയില്‍ നിന്ന് നിര്‍ദേശം ലഭിച്ച് മാറാന്‍ നിര്‍ബന്ധിതരാകുന്നതിനുപകരം സൈന്യം തന്നെ മുന്‍കൈ എടുത്ത് മാറ്റങ്ങള്‍ വരുത്തണമെന്നും കോടതി പറഞ്ഞു. ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സൈന്യം അപ്രകാരം ചെയ്യുമെന്ന് പ്രത്യാശിക്കുന്നതായും കോടതി വ്യക്തമാക്കി.

'ഇതൊരു മാനസികാവസ്ഥയുടെ പ്രശ്നമാണ്. നിങ്ങള്‍ തന്നെ മാറ്റുന്നതാണ് നല്ലത്. കോടതിയെക്കൊണ്ട് ഉത്തരവ് ഇറക്കാന്‍ നിര്‍ബന്ധിപ്പിക്കരുത്. നിലവിലുളള നയ തീരുമാനം ലിംഗ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇടക്കാല ഉത്തരവ് കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ക്രിയാത്മകമായ കാഴ്ചപ്പാട് സ്വീകരിക്കാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുന്നു. സൈന്യം കാര്യങ്ങള്‍ മുന്‍കൈ എടുത്ത് ചെയ്യേണ്ടതിനെ പ്രേരിപ്പിക്കുന്നതിനാണ് ഈ ശ്രമം. ഞങ്ങള്‍ ഉത്തരവുകള്‍ നല്‍കുന്നതിനേക്കാള്‍, സൈന്യം സ്വയം എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു' കോടതി വ്യക്തമാക്കി.

No comments