കുട്ടിയുമായി നാട്ടിലിറങ്ങി കാട്ടാനകള്‍
തെന്മല : കാട്ടാനകള്‍ നാട്ടിലെത്തി നാശം വരുത്തുന്ന വാര്‍ത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ കൊല്ലം തെന്മല ചാലിയക്കരയില്‍ കുട്ടിയുമായി നാട്ടിലെത്തിയ കാട്ടാനകള്‍ നാട്ടുകാര്‍ക്ക് കൗതുകമായി. കഴിഞ്ഞ ദിവസം ഉപ്പുകുഴി കമ്പിലൈന് സമീപത്താണ് 2 ആനകളും ഒരു കുട്ടിയാനയും എത്തിയത്.
ആനകള്‍ എത്തിയ വിവരം അറിഞ്ഞ് ചാലിയക്കരയിലെ യുവാക്കള്‍ സ്ഥലത്തേക്ക് പാഞ്ഞു. കുട്ടിയുടെയും തള്ളയുടെയും ചിത്രങ്ങള്‍ മൊബൈല്‍ കാമറകളില്‍ ആവോളം പകര്‍ത്തി. കുട്ടിയാനയ്ക്ക് മുലപ്പാല്‍ നല്‍കുന്ന അപൂര്‍വ ചിത്രവും ലഭിച്ചു. ആനകള്‍ കമ്പിലൈന്‍ ഭാഗത്തുനിന്നും കാടും പടലുമെല്ലാം അകത്താക്കി ആര്‍ക്കും ഒരു ദോഷവും വരുത്താതെ പോവുകയായിരുന്നു.