Featured Posts

Breaking News

രക്ഷിക്കൂ.. താലിബാന്‍ വരുന്നു: മുള്ളുവേലിക്ക് മുകളിലൂടെ കുഞ്ഞുങ്ങളെ എറിഞ്ഞുനല്‍കി സ്ത്രീകള്‍


കാബൂള്‍: താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ രക്ഷതേടിയുള്ള കുട്ടപ്പലായനത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് കാബൂളില്‍ വിമാനത്തില്‍ തിങ്ങിക്കൂടിയാണ് ആളുകള്‍ രാജ്യം വിട്ടത്. ജനങ്ങളെ ഒഴിപ്പിക്കാനായി കാബൂള്‍ വിമാനത്താവളത്തിലെത്തിയ യുഎസ് വ്യോമസേന വിമാനത്തില്‍ 640 പേരാണ് ഇടിച്ചുകയറിയത്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് ചിലര്‍ താഴേക്ക് പതിക്കുന്നതിന്റേയും വിമാനത്തില്‍ തൂങ്ങി യാത്ര ചെയ്യുന്നവരുടെയും ഭീകരമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഇപ്പോള്‍ രക്ഷതേടി അമേരിക്കന്‍ സൈനികരോട് അഭ്യര്‍ഥിക്കുന്ന അഫ്ഗാനികളുടെ ദൃശങ്ങളാണ് പുറത്തുവരുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ മുള്ളുവേലിക്കും ഗേറ്റിനുമപ്പുറം നിന്ന് യുഎസ്, യു.കെ സൈനികരോട് സഹായത്തിനായി നിലവിളിക്കുകയാണ് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ളവര്‍. പലരും കൈകുഞ്ഞുങ്ങളുമായടക്കമാണ് എത്തിയത്. കുട്ടികളെ മുള്ളുവേലിക്ക് അപ്പുറത്തേക്ക് എറിഞ്ഞുകൊടുക്കുന്നതും.

രക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുള്ളുവേലിക്ക് അപ്പുറത്തേക്ക് കുട്ടികളെ എറിഞ്ഞുകൊടുക്കുന്ന സ്ത്രീകളെ കാണുന്ന തങ്ങളുടെ സൈനികര്‍ രാത്രിയില്‍ എങ്ങനെ കരയാതിരിക്കുമെന്ന് മുതിര്‍ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. "അത് ഭയാനകമായിരുന്നു. പട്ടാളക്കാരോട് അവരെ പിടിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മുള്ളുകമ്പിക്ക് മുകളില്‍ എറിയുകയായിരുന്നു. ചിലര്‍ മുള്ളുകമ്പിയില്‍ കുടുങ്ങി" - പട്ടാളക്കാരന്‍ വിവരിച്ചു.

ഗേറ്റിന് പുറത്ത് നിന്ന് സ്ത്രീകള്‍ സഹായത്തിനായി കരയുന്നതും സൈന്യത്തോട് അകത്തേക്ക് പ്രവേശിപ്പിക്കാന്‍ അപേക്ഷിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 'ഞങ്ങളെ സഹായിക്കൂ, താലിബാന്‍ വരുന്നു' എന്ന് സ്ത്രീകള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. വിമാനത്താവള ഗേറ്റിലേക്കുള്ള വരിയില്‍ കാത്തുനില്‍ക്കവേ താലിബാന്‍ ഭീകരരില്‍ ഒരാള്‍ തനിക്ക്‌ നേരെ വെടിയുതിര്‍ത്തതായി ഓസ്ട്രിയന്‍ സൈന്യത്തില്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന ഒരാള്‍ പറഞ്ഞിരുന്നു.

ഇതിനിടയില്‍, രാജ്യംവിടുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്കുമുമ്പില്‍ ബ്രിട്ടന്‍, കാനഡ, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ അതിര്‍ത്തി തുറന്നിട്ടുണ്ട്. അഞ്ചുവര്‍ഷത്തെ പുനരധിവാസ പദ്ധതിപ്രകാരം 20,000 അഫ്ഗാനികള്‍ക്ക് അഭയം നല്‍കുമെന്ന് ബ്രിട്ടന്‍ പറഞ്ഞു. എന്നാല്‍ ഓസ്ട്രേലിയ, ഉസ്‌ബെക്കിസ്താന്‍ അടക്കമുള്ള രാജ്യങ്ങള്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ വിമുഖത അറിയിച്ചു. അഭയാര്‍ഥിപ്രവാഹം കണക്കിലെടുത്ത് തുര്‍ക്കി, ഇറാന്‍ അതിര്‍ത്തിയില്‍ പട്രോളിങ് കര്‍ശനമാക്കി. കൂടുതല്‍ സൈനികരെ അതിര്‍ത്തിയിലേക്കയച്ചു.

No comments