Featured Posts

Breaking News

ഒഴിപ്പിക്കല്‍ നീളുന്നു: അഫ്ഗാനില്‍ നിന്നുള്ള സൈനിക പിന്മാറ്റം വൈകുമെന്ന് സൂചിപ്പിച്ച് ബൈഡന്‍


 വാഷിംഗ്ടണ്‍; അഫ്ഗാനിസ്താനില്‍ യു.എസ് സൈനികപിന്മാറ്റം ഓഗസ്റ്റ് 31 -നു പൂര്‍ണമായേക്കില്ലെന്ന്‌ സൂചന. അമേരിക്കന്‍ പൗരന്മാരെ പൂര്‍ണമായും ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് സൈനികപിന്മാറ്റം വൈകിപ്പിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്.

ആയിരത്തിലധികം യു.എസ് പട്ടാളക്കാരെ ഓഗസ്റ്റ് 31-നു സൈനികപിന്മാറ്റം മുന്നില്‍ കണ്ട് അമേരിക്ക അഫ്ഗാനിസ്താനിലേക്ക് അയച്ചിരുന്നു. എന്നാല്‍ പിന്മാറ്റം ഇനിയും വൈകാനാണ് സാധ്യത.

കാബൂള്‍ വിമാനത്താവളത്തിന് അപ്പുറമുള്ള പ്രദേശങ്ങളില്‍ എത്തി ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് അമേരിക്കന്‍ സേനയ്ക്ക് ചില പരിമിതികളുണ്ട്. 'ഇനിയും അമേരിക്കന്‍ പൗരന്മാര്‍ അഫ്ഗാനിസ്താനില്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ അവരെ ഒഴിപ്പിക്കുന്നത് വരെ അമേരിക്കന്‍ സേന രാജ്യത്തുണ്ടാകും' ജോ ബൈഡന്‍ എ.ബി.സി ന്യൂസിന് അനുവദിച്ച് അഭിമുഖത്തില്‍ പറഞ്ഞു.

കാബൂളില്‍ കലാപസമാനമായ സാഹചര്യം രൂപപ്പെട്ടതും നിരവധി പേര്‍ രാജ്യം വിടാന്‍ പരക്കം പായുന്നതിനിടെ സൈനികപിന്മാറ്റം നടത്തുന്നതിനെതിരെ ജോ ബൈഡന് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. യു.എസിലെ പല നിയമവിദ്ഗധരും സൈനികപിന്മാറ്റം നീട്ടണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതില്‍ താലിബാന്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെങ്കിലും യു.എസ് സൈന്യത്തെ സഹായിച്ച അഫ്ഗാന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതില്‍ തടസ്സം നേരിടുന്നതായി അദ്ദേഹം അറിയിച്ചു. രാജ്യം വിടണമെന്ന് ആഗ്രഹിച്ച്‌ വിമാനത്താവളത്തിലെത്തുന്ന അഫ്ഗാന്‍ പൗരന്മാരെ താലിബാന്‍ തടയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അഫ്ഗാനില്‍ കുടുങ്ങിയ അമേരിക്കന്‍ പൗരന്മാര്‍ക്ക് വിമാനത്താവളത്തിലേക്ക് എത്താനുള്ള സൗകര്യമൊരുക്കുമെന്ന് അറിയിച്ച യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ കാബൂളിന് പുറത്തേക്ക് പോയി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പരിമിതിയുണ്ടെന്നും അറിയിച്ചു. നിലവില്‍ യു.എസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഹമീദ് കര്‍സായ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ ആറായിരത്തോളം അമേരിക്കന്‍ പൗരന്മാരെയും അഫ്ഗാനക്കാരെയും യു.എസ് സേന പാര്‍പ്പിച്ചിട്ടുണ്ട് . ഒഴിപ്പിച്ച യു.എസ് എംബസി താത്കാലികമായി ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.

No comments