ജനം അതിദരിദ്രർ; രാജ്യം പക്ഷേ, ധാതുസമ്പന്നം- അഫ്ഗാൻ മണ്ണിൽ ഖനനം ചെയ്യപ്പെടാതെ ലക്ഷം കോടി ഡോളറിന്‍റെ ധാതുവിഭവങ്ങളെന്ന് യു.എസ് കണക്ക്
കാബൂൾ: ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായാണ് അഫ്ഗാനിസ്താനെ യു.എൻ എണ്ണുന്നത്. കാര്യമായ വരുമാന മാർഗങ്ങളില്ലാത്ത, വ്യവസായം വേരുപടർത്താത്ത, മികച്ച ഭരണകൂടങ്ങൾ ഇനിയും നാടുജയിക്കാത്ത അഫ്ഗാനിസ്താൻ ദരിദ്രമായി തുടരുമെന്നു തന്നെ കണക്കുകൂട്ടാനാകും എല്ലാവർക്കും താൽപര്യം.
എന്നാൽ, രാജ്യം മണ്ണിനടിയിൽ കാത്തുസൂക്ഷിക്കുന്ന പ്രകൃതി വിഭവങ്ങളുടെ അനന്ത സാധ്യതകളിലേക്ക് കൺതുറന്നുപിടിച്ച ശക്തികൾ പുറത്തുവിട്ട കണക്കുകൾ അദ്ഭുതപ്പെടുത്തുന്നതാണ്. ചുരുങ്ങിയത് ലക്ഷം കോടി ഡോളർ (ഏകദേശം 75 ലക്ഷം കോടി രൂപ) മൂല്യമുള്ള പ്രകൃതി വിഭവങ്ങൾ അഫ്ഗാൻ മണ്ണിനടിയിലുണ്ടെന്ന് യു.എസ് സൈനിക ഉദ്യോഗസ്ഥരുടെയും ഭൂഗർഭ ശാസ്ത്രജ്ഞരുടെയും കണക്കുകൾ പറയുന്നു.
ഇരുമ്പ്, ചെമ്പ്, സ്വർണം എന്നിങ്ങനെ പല ഭാഗങ്ങളിലായി ഒളിഞ്ഞുകിടക്കുന്നത് നിരവധി ഖനിജങ്ങൾ. ലോകത്തെ ഏറ്റവും വലിയ ലിഥിയം ശേഖരമുള്ള രാജ്യം ചിലപ്പോൾ അഫ്ഗാനിസ്താനാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. റീചാർജ് ചെയ്യപ്പെടുന്ന ബാറ്ററികളിലും മറ്റു സാങ്കേതികതകളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതാണ് ലിഥിയം.
വിലപിടിച്ച ധാതുവിഭവങ്ങൾ പരിഗണിച്ചാൽ ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്താൻ''- ഇക്കോളജിക്കൽ ഫ്യൂച്ചേഴ്സ് ഗ്രൂപ് സ്ഥാപകരിലൊരാളായ ശാസ്ത്രജ്ഞൻ റോഡ് ഷൂനോവർ പറയുന്നു.