1 ജിബി ഡേറ്റയ്ക്ക് 160 രൂപ, ഉപയോഗം 878 എംബി; പിന്നെ നടന്ന വിപ്ലവത്തിന് 5 വയസ്സ്
അന്ന് 1 ജിബി ഡേറ്റയ്ക്ക് 160 രൂപ; ഇന്ന് 1 ജിബിക്ക് 10.77 രൂപ.അന്ന് ബ്രോഡ്ബാൻഡ് വരിക്കാർ 19 കോടി; ഇന്ന് 80 കോടി.അന്ന് ഒരാളുടെ ശരാശരി പ്രതിമാസ ഡേറ്റ ഉപയോഗം 878 എംബി; ഇന്ന് 12626 എംബി.
അന്ന് എന്നാൽ അത്ര പഴയ അന്നല്ല. വെറും 5 വർഷം മുൻപത്തെ സ്ഥിതി. കൃത്യമായി പറഞ്ഞാൽ റിലയൻസ് ജിയോ മൊബൈൽ ടെലികോം സേവനം വാണിജ്യാടിസ്ഥാനത്തിൽ തുടങ്ങിയ 2016 സെപ്റ്റംബർ 5നു മുൻപത്തെ സ്ഥിതി. പെട്രോളിയം ബിസിനസ് ഭീമൻ റിലയൻസ് ഇൻഡസ്ട്രീസ്, മൊബൈൽ ടെലികോം സേവന രംഗത്ത് നാളെ 5 വർഷം തികയ്ക്കുമ്പോൾ, അത് രാജ്യത്തെ ഇന്റർനെറ്റ് സേവന വിസ്ഫോടനത്തിന്റെ അഞ്ചാം വാർഷികം കൂടിയാണെന്നു പറയേണ്ടിവരും.
ബഹുഭൂരിപക്ഷം ജനങ്ങൾക്കും മൊബൈൽ ഇന്റർനെറ്റ് കിട്ടാക്കനി ആയിരിക്കുകയും ആ സൗകര്യം കിട്ടിയവർ തന്നെ ഒരു ജിബി പ്രതിമാസ പരിധിയും തീവിലയുമുള്ള ഇന്റർനെറ്റ് ഡേറ്റ പായ്ക്കുകളിൽ കഷ്ടപ്പെടുകയും ചെയ്ത കാലത്തുനിന്ന്, ദിവസം 1 ജിബി മൊബൈൽ ഡേറ്റയിലേക്ക് കോടിക്കണക്കിനാളുകൾ അതിവേഗം കുതിച്ച കാലമാണ് കഴിഞ്ഞ 5 വർഷം. സ്റ്റാർട്ടപ്പും സോഷ്യൽ മീഡിയയും ഒടിടി സിനിമയും ഓൺലൈൻ വ്യാപാരവും ട്യൂഷൻ ആപ്പുകളും അടക്കമുള്ള സകല ഡിജിറ്റൽ വിപ്ലവങ്ങൾക്കും തീ പകർന്നത് കുറഞ്ഞ നിരക്കിൽ കിട്ടിയ ഇന്റർനെറ്റ് തന്നെ. കേരളത്തിലെ പ്രളയം അടക്കമുള്ള ദുരന്തവേളകളിൽ രക്ഷാ– ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇത് വലിയ സഹായമായി.
എല്ലാ ടെലികോം കമ്പനികളും ഏതാണ്ട് ഒരേ രീതിയിലുള്ള സേവനങ്ങൾ നൽകിയിരുന്ന കാലത്ത്, ഒരു വലിയ പടി മുകളിൽ, 4ജി ടെലികോം സേവനം മാത്രം നൽകിയാണ് ജിയോ എത്തിയത്. ഏതാണ്ട് ഒരു വർഷത്തോളം സൗജന്യമായി ഡേറ്റ ഒഴുക്കിയപ്പോൾ ജിയോയ്ക്ക് വരിക്കാരെ കിട്ടാൻ ഒരു പ്രയാസവുമുണ്ടായില്ല. എല്ലാ കമ്പനികളും 4ജി എത്തിച്ചതും പ്രതിമാസം 1 ജിബി ആയിരുന്ന പായ്ക്കുകൾ പ്രതിദിനം 1ജിബി ആക്കി മാറ്റിയതുമൊക്കെ വളരെ വേഗത്തിൽ സംഭവിച്ചപ്പോൾ ഉപയോക്താവ് ശരിക്കും രാജാവായി. ഫോൺവിളി പൂർണസൗജന്യമെന്ന് ജിയോ പ്രഖ്യാപിച്ചതോടെ വോയ്സ് കോൾ സൗജന്യമോ തീരെ കുറഞ്ഞ നിരക്കിലോ ആക്കാൻ എല്ലാ കമ്പനികളും നിർബന്ധിതമായതും ശ്രദ്ധേയ ചലനം.
നാലാം വർഷം ഒന്നാം സ്ഥാനം
ജൂണിലെ കണക്കു പ്രകാരം, 118 കോടി മൊബൈൽ കണക്‌ഷനുകളാണ് രാജ്യത്ത്. അതിൽ 43.67 കോടി വരിക്കാരുമായി റിലയൻസ് ജിയോ ഒന്നാമതാണ്. വെറും 4 വർഷം കൊണ്ടാണ് ജിയോ ഒന്നാമതെത്തിയത്. ജിയോയുടെ വരിക്കാർ പൂർണമായും മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കളാണ്. മറ്റു കമ്പനികളുടെ വരിക്കാരിൽ 60 ശതമാനത്തിൽത്താഴെയാണ് ഡേറ്റ ഉപയോക്താക്കൾ; 2ജി സേവനം ഇപ്പോഴും വ്യാപകമായി ഉള്ളതുകൊണ്ടാണിത്. ജിയോയുമായുള്ള മത്സരത്തിൽ പിടിച്ചുനിൽക്കാൻ വോഡഫോണും ഐഡിയയും ലയിച്ച് ‘വി’ ആയെങ്കിലും അവരുടെ പ്രതിസന്ധി കൂടുകയാണുണ്ടായത്. എയർടെലും ജിയോയും മാത്രമുള്ള മേഖലയായി ഇന്ത്യൻ ടെലികോം മാറുമോ എന്ന ആശങ്ക വ്യാപകമാണ്. വി, ബിഎസ്എൻഎൽ വരിക്കാർ കുറയുകയും എയർടെൽ, ജിയോ എന്നിവയ്ക്കു വരിക്കാർ കൂടുകയുമാണ്.
കേരളത്തിൽ
സംസ്ഥാനത്ത് 1.67 കോടി വരിക്കാരുമായി വോഡ–ഐഡിയ ഒന്നാമതു നിൽക്കുമ്പോൾ, രണ്ടാം സ്ഥാനത്തുള്ള ബിഎസ്എൻഎലും (1.08 കോടി) മൂന്നാമതുള്ള ജിയോയും (1.07 കോടി) തമ്മിൽ നേരിയ വ്യത്യാസം മാത്രം. എയർടെലിന് 68.39 ലക്ഷം വരിക്കാരാണുള്ളത്. ഉപയോക്താക്കൾ വൻതോതിൽ എയർടെലിലേക്കും ജിയോയിലേക്കും മാറുന്ന സ്ഥിതി തുടർന്നാൽ ഈ സ്ഥാനങ്ങൾ വൈകാതെ മാറും.
5 വർഷം മുൻപ് സംസ്ഥാനത്തെ മൊബൈൽ ഡേറ്റ ഉപയോഗം ദിവസം 170 ടെറാബൈറ്റ്(ടിബി) ആയിരുന്നു (1000 ജിബി=1 ടിബി). ഇപ്പോൾ റിലയൻസ് ജിയോയിൽ മാത്രം പ്രതിദിനം 6300 ടിബി ഡേറ്റ ഉപയോഗിക്കപ്പെടുന്നു.മൊബൈൽ കണക്‌ഷനു പുറമേ 4 ലക്ഷത്തിലേറെ വൈഫൈ ഡോങ്ഗ്ളുകളും കേരളത്തിൽ ജിയോയ്ക്കുണ്ട്.